മഞ്ചേരി: ലോകത്ത് തന്നെ ആദ്യമായി നടക്കുന്ന സ്കന്ദപുരാണ മാഹയജ്ഞത്തിന് ഇന്ന് കരിക്കാട് ശ്രീസുബ്രഹ്മണ്യ-ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരിതെളിയും. യജ്ഞത്തിനൊപ്പം അയ്യപ്പസത്രവും നടക്കുന്നുണ്ട്. മഹാപുരാണങ്ങളില്‍ പതിമൂന്നാമത്തേതും പഴക്കമേറിയതുമായ സ്കന്ദപുരാണത്തിലെ 81000 ശ്ലോകങ്ങളും പാരായണം ചെയ്യുന്നുയെന്ന പ്രത്യേകതയുമുണ്ട്. നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് യജ്ഞം സംഘടിപ്പിക്കുന്നത്.
യജ്ഞത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്ര ഇന്നലെ ആരംഭിച്ചു. പഴനിയില്‍ പൂജിച്ച സുബ്രഹ്മണ്യ വിഗ്രഹവും ശബരിമലയില്‍ പൂജിച്ച അയ്യപ്പവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. തളി, മാലാപ്പറമ്പ്, മാട്ടുമ്മല്‍, കൊളത്തൂര്‍, വൈക്കത്തൂര്‍, കുറ്റിപ്പുറം, തിരുന്നാവായ, കാടാമ്പുഴ, കോട്ടക്കല്‍, അരുകിഴായ, പുല്‍പ്പറ്റ പള്ളിയറക്കാവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നറുകരയില്‍ സമാപിച്ചു. മാധവപ്പള്ളി ശ്രീധരന് നമ്പൂതിരി, ഹിന്ദുഐക്യവേദി പി.വി.മുരളീധരന്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണപ്രഗീഷ്, പി.പരമേശ്വരന് നമ്പീശന്, മുരളീധരന് നറുകര, മോഹനന് നറുകര എന്നിവരാണ് ഘോഷയാത്രക്ക് നേതൃത്വം നല്‍കുന്നത്.
രണ്ടാം ദിവസമായ ഇന്ന് എളയൂര്‍, അരീക്കോട്, പന്നിപ്പാറ, എടവണ്ണ, പത്തപ്പിരിയം, തിരുവാലി, തിരുമണിക്കര എന്നിവിടങ്ങള്‍ പിന്നിട്ട് മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിലെത്തും. അവിടെ നിന്നും മഹാഘോഷയാത്രയായി കരിക്കാട് സത്രവേദിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധ്വജാരോഹണം, വിഗ്രഹ പ്രതിഷ്ഠ എന്നിവ നടക്കും. യജ്ഞത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കും. എംഎല്‍എമാരായ എ.പി.അനില്‍കുമാര്‍, എം.ഉമ്മര്‍, മഞ്ഞളാംകുഴി അലി, പി.ഉബൈദുള്ള, പി.കെ.ബഷീര്‍, സി.കെ.നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് 31വരെ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. വിശേഷാല്‍പൂജകള്‍, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, കലാവിരുന്ന്, ഹോമങ്ങള്‍ തുടങ്ങിയ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: