ജീവനുമേല്‍ കരിനിഴല്‍ പരത്തുന്ന ഫത്വകളോടുള്ള കലഹമാണ് തസ്ലീമയുടെ അതിജീവനം. അതിജീവനം എന്നതിനേക്കാള്‍ പലായനം എന്നതാകും ഉചിതമായ വാക്ക്. റിപ്പബ്ലിക്കുകള്‍ സ്വാതന്ത്ര്യത്തിന്റെ ജൂബിലികള്‍ ആഘോഷമാക്കുമ്പോഴും മതഭീകരതയുടെ കരിനിഴല്‍ എഴുത്തുകാരിയുടെ ജീവിതത്തിനുമേല്‍ അത്രകണ്ട് ഭീഷണമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
സംസ്കാരം സാമൂഹ്യ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ അവയവമാണെന്ന് തസ്ലീമയുടെ ജീവിതം ലോകത്തെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സാംസ്കാരിക സഹിഷ്ണുതയുടെ പാഠങ്ങള്‍ പഠിപ്പിക്കാനായിട്ടില്ല എന്നാണ് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യപ്പെടുത്തുന്നത്. സംസ്കാരമുള്ള മനുഷ്യന് മറ്റുള്ളവരുടെഅഭിപ്രായത്തെ മാനിച്ചില്ലെങ്കില്‍ പോകട്ടെ സഹിക്കുകയെങ്കിലും വേണം എന്ന ഓര്‍മ്മപ്പെടുത്തലാണത്.
രാമജന്മഭൂമി പ്രക്ഷോഭകാലത്ത് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷം നേരിട്ട ഭീകരമായ നരവേട്ടയിലുള്ള എഴുത്തുകാരിയുടെ പ്രതിഷേധമാണ് അവരെ അഭയാര്ത്ഥിയാക്കിയത്. ലജ്ജ എന്ന നോവല്‍ ഈ ഹിന്ദുവേട്ട പ്രമേയമാക്കിയായിരുന്നു. നോവല്‍ പുറത്തിറങ്ങിയതോടെ ബംഗ്ലാദേശിലെ തീവ്ര മുസ്ലീം സംഘടനകള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. തസ്ലീമയുടെ തലയ്ക്ക് അവര്‍ വിലയിട്ടു. ബംഗ്ലാദേശിലെ മൈാമെന്സിംഗിലാണ് തസ്ലീമയുടെ ജനനം. അതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കപ്പെട്ട രണ്ടു ബംഗാളും അവര്‍ക്കേറെ പ്രിയപ്പെട്ടതാണ്. തന്റെ സ്വത്വവും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്ന വംഗദേശത്തിന്റെ ഭാഗമാണ് ഈ കീറിമുറിക്കപ്പെട്ട ഭാഗങ്ങള്‍ എന്നവര്‍ കരുതുന്നു. എന്നാല്‍ രണ്ടിടത്തുനിന്നും അവര്‍ ബഹിഷ്കൃതയാക്കപ്പെടുന്നു.
ബംഗ്ലാദേശില്‍ അവരെ ആട്ടിയോടിക്കുന്നതില് വിജയിച്ച കറുത്ത ശക്തികള്‍ക്ക് കൊല്‍ക്കത്തയിലും വിജയിക്കാനായി. മതഭീകരതക്കു മുന്നില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ എങ്ങനെ കീഴടങ്ങുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള അവരുടെ പലായനം. തസ്ലീമയുടെ പലായന ജീവിതത്തിലെ രണ്ടാം ഘട്ടമാണിത്.
വേട്ടക്കാരുടെ സംഘത്തില്‍ അധികാര ശക്തിയോടെ കമ്യൂണിസ്റ്റ് ഭരണകൂടം കൂട്ടുചേര്‍ന്ന ശേഷമുള്ള എഴുത്തുകാരിയുടെ അതിജീവനം, വീട്ടുതടങ്കല്‍, അതിഭീകരമായ ഒറ്റപ്പെടല്‍, പോലീസ് മുറകള്‍ ബംഗാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ വേട്ടയാടിയതിനെക്കുറിച്ച് തസ്ലീമ എഴുതി.
വീടും നാടും വിട്ട് ഏകയായി അലയേണ്ടി വരുന്ന ഒരു സ്ത്രീജീവിതത്തിന്റെ നിസ്സഹായതകളും ആകുലതകളും പ്രതിഫലിക്കുന്ന വരികള്‍. ‘നിര്‍ബാസന്‍’ എന്ന കൃതിയില്‍ തസ്ലീമ പറയുന്നത് ഈ അതിജീവനത്തിന്റെ കഥയാണ്. പെന്ഗ്വിന് അത് ‘എക്സൈല്‍’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ലോകമെങ്ങും എത്തിച്ചു. മലയാളത്തില്‍ ‘വീട് നഷ്ടപ്പെട്ടവള്‍’ എന്ന പേരില്‍ ഗ്രീന്‍ ബുക്സ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതാധിപത്യത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഭീഷണമായ ധ്വംസനങ്ങള്‍ക്കുമുന്നില്‍ ചിതറിപ്പോകാതെ പിടിച്ചുനില്‍ക്കാനുള്ള ഒരെഴുത്തുകാരിയുടെ ശ്രമമാണ് തസ്ലീമയുടെ വരികളിലുള്ളത്.
‘എക്സൈല്‍’ പ്രകാശനത്തിന് കഴിഞ്ഞ ദിവസം തസ്ലീമ വീണ്ടും തൃശൂരിലെത്തി. പത്തു വര്‍ഷം മുന്‍പാണ് സാഹിത്യ അക്കാദമിയില്‍ ഒരു ചടങ്ങിന് തൃശൂരില്‍ വന്നത്. സുന്ദരിയായ തസ്ലീമയെ പ്രവാസ ജീവിതവും പ്രായവും തെല്ലും തളര്‍ത്തിയിട്ടില്ല. സ്വാതന്ത്യം, ജനാധിപത്യം തുടങ്ങിയ കാര്യങ്ങളില്‍ തസ്ലീമയുടെ നിലപാടുകളിലും മാറ്റമില്ല. സൗന്ദര്യംപോെലതന്നെ. ഇക്കുറി അവര്‍ സംസാരിച്ചത് അധികവും സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ്. സുരക്ഷാ കടമ്പകള്‍ ഉള്ളതുകൊണ്ട് അഭിമുഖത്തിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. സൗഹൃദ സംഭാഷണങ്ങള്‍ക്ക് പക്ഷേ വിലക്കില്ല. കരിമ്പൂച്ചകളുടെ നടുവിലാണെപ്പോഴും. പത്തുവര്‍ഷം മുന്‍പ് ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പ്രധാനമായും പങ്കുവച്ചത് നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യ നന്മകളെക്കുറിച്ചുള്ള ആകുലതകളായിരുന്നു. ഒരു ദശകത്തിനിപ്പുറം ആ ആകുലതകള്‍ കുറെക്കൂടി ഭീഷണമായിരിക്കുന്നതായി തസ്ലീമ കരുതുന്നു.
ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം
എന്റെ കാലില്‍ ഒരു കാണാച്ചങ്ങലയുണ്ട്. എനിക്ക് എത്ര ദൂരം നടക്കാന്‍ പറ്റും, എങ്ങോട്ടുപോകാം എന്നൊക്കെ ചങ്ങലതന്നെ പറയും. പ്രതിഷേധക്കാര്‍ എന്റെ മനസ്സിനേയും ശരീരത്തേയും ഉന്നം വച്ചിരിക്കുന്നു. മുറിയിലും വരാന്തയിലും ഒതുങ്ങുന്നു ജീവിതം. എത്രയോ പ്രിയപ്പെട്ട വീടുതന്നെ എനിക്ക് കാരാഗൃഹമായി തീര്‍ന്നിരിക്കുന്നു. എനിക്ക് മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പോയി കാണേണ്ടതുണ്ടെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ബംഗാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്റെ പുസ്തകം നിരോധിച്ചിരിക്കയാണ്. എന്നോടൊപ്പം നില്ക്കേണ്ടതിനു പകരം എന്നെ വീട്ടുതടങ്കലിലാക്കിയിരിക്കയാണ്. പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ ആരും ഇപ്പോള്‍ എന്നെ കാണാറില്ല. അത്രമേല്‍ നിഷേധിക്കപ്പെട്ട പേരാണ് തസ്ലീമ. എന്നെ അനുകൂലിക്കുക എന്നുവെച്ചാല്‍ കണക്കുകൂട്ടി വച്ചിരിക്കുന്ന മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുത്തുക എന്നാണര്‍ത്ഥം. ഈ സാഹചര്യത്തിലാണ് ഞാന്‍ ജ്യോതി ബസുവിനെ കാണാന്‍ അനുവാദം ചോദിച്ചത്. ജ്യോതി ബസു ഒഴികെ മറ്റാരേയും കാണാന്‍ എനിക്ക് അനുമതിയില്ല. എത്ര ദിവസം, എത്രമാസം, എത്ര വര്‍ഷം എന്റെ സ്വാതന്ത്യത്തെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും ഇവര്‍. എനിക്കറിയില്ല.
എതിര്‍പ്പുകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു
ഇന്ത്യന്‍ മുസ്ലിംകളില് വളരെക്കുറച്ചുപേര്‍ക്കേ തസ്ലീമയുടെ കൃതികളെ പരിചയമുള്ളൂ. എങ്കിലും മുസ്ലിംകളുടെ പൊതുവായ ധാരണ തസ്ലീമ, ഇസ്ലാമിനെ അധിക്ഷേപിച്ചിരിക്കുന്നുവെന്നാണ്. അതിനു പിന്നില്‍ രാഷ്ട്രീയക്കളികളും ഉണ്ട്. നന്ദിഗ്രാമിലെ കര്‍ഷക ഹത്യയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം എന്നെ വേട്ടയാടിയത്. നന്ദിഗ്രാമില്‍ കൊല്ലപ്പെട്ടത് അധികവും മുസ്ലിംകളായിരുന്നുവല്ലോ. നമ്മുടെ രാജ്യത്തെ ഒരു ചെറിയ വിഭാഗം തുടരുന്ന വെറുപ്പിന് ഇരയായിതീര്‍ന്നു തസ്ലീമ. കൊല്‍ക്കത്തയില്‍ നിന്നു ഞാന്‍ പുറത്താക്കപ്പെട്ടത് അങ്ങനെയാണ്. ഇനി എനിക്ക് ബംഗാളിലേക്ക് പോകണം എന്നില്ല. ഒരു ബംഗാളി എഴുത്തുകാരിയെ ബംഗാളില്‍ നിന്നു പുറത്താക്കിക്കഴിഞ്ഞല്ലോ. അതവിടെ അവസാനിക്കട്ടെ. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. അതുതന്നെ ധാരാളം.
സ്ത്രീകളുടെ രാഷ്ട്രീയം
എന്തുകൊണ്ടാണ് നിങ്ങള്‍ പുരുഷന്മാര് സ്ത്രീകളെ തുല്യനിലയില്‍ പരിഗണിക്കാത്തത്? യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ അംഗീകരിക്കുകയും തന്നോടൊപ്പം ചേര്‍ക്കുകയും ചെയ്താല്‍ അതിന്റെ ഗുണം പുരുഷനാണ്. ഇന്നത്തെ മതവും രാഷ്ട്രീയവും പൊതുവില്‍ സ്ത്രീക്കെതിരാണ്. ലൈഗിക ഉപകരണം മാത്രമായാണ് ചില മതങ്ങള്‍ സ്ത്രീയെ കാണുന്നത്. അവളുടെ കഴിവുകള്‍ കാണാനോ അംഗീകരിക്കാനോ തയ്യാറല്ല. മതത്തിന്റെ പേരില്‍ നടക്കുന്ന ഈ വിവേചനത്തെ ചോദ്യം ചെയ്യാന്‍ പുരോഗമനപ്രസ്ഥാനമെന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും തയ്യാറല്ല. അവിടെയും സ്ഥിതി മറ്റൊന്നല്ല. ഈ പാര്‍ട്ടികളുടെയൊക്കെ നേതൃത്വത്തില്‍ എത്ര സ്ത്രീകളുണ്ട്. അതില്‍ത്തന്നെ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്താന്‍ കഴിയുന്നവര്‍ പിന്നെയും ചുരുങ്ങും. സ്ത്രീ പ്രസവിക്കാനുള്ള ഒരുപകരണം മാത്രമാണെന്നാണ് ചിലരുടെ ധാരണ. രാജ്യത്തെ നിയമവ്യവസ്ഥയില്‍ത്തന്നെ മാറ്റം വരേണ്ടതുണ്ട്. സ്ത്രീ വിരുദ്ധമായ മതനിയമങ്ങള്‍ മാറിയേ തീരൂ.
എനിക്ക് ഇന്ത്യയും ബംഗ്ലാദേശും ഒരുപോലെയാണ്. ഇന്ത്യ എനിക്കെന്റെ വീട് തന്നെയാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളല്ല ഞാന്‍. എങ്കിലും രാഷ്ട്രീയത്തിനുവേണ്ടിയാണ്, വോട്ടുബാങ്കിനുവേണ്ടിയാണ് പലനുണകളും പ്രചരിപ്പിക്കുന്നത് എന്ന് എനിക്കറിയാം. ഏകപക്ഷീയമായ കഥകള്‍ മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. പലായനം ചെയ്യപ്പെടുന്നവന്റെ കഥ എല്ലായിടത്തും ഒന്നുതന്നെ. അത് പാലസ്തീനിലെ മുസ്ലീമായാലും കശ്മീരിലെയോ ബംഗ്ലാദേശിലേയോ പാകിസ്ഥാനിലേയോ ഹിന്ദു ആയാലും ബൗദ്ധനായാലും കഥയെല്ലാം ഒന്നുതന്നെ. സ്ത്രീകളും കുട്ടികളുമാണ് ഈ മത ഭീകരതയുടേയും രാഷ്ട്രീയ തട്ടിപ്പിന്റെയും ഏറ്റവും വലിയ ഇരകള്‍. ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ എന്ന നിലയില്‍ ഇവരോട് കരുണയും സഹാനുഭൂതിയും കാണിക്കുന്നതിനു പകരം രാഷ്ട്രീയനേട്ടത്തിനാണ് ഭരണാധികാരികള്‍ പലപ്പോഴും പ്രാധാന്യം നല്‍കുന്നത്.
ഭീഷണികള്‍ക്ക് മുന്നില്‍
ഭീഷണികള്‍ക്ക് എന്നെ നിശബ്ദയാക്കാനാവില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. ശ്ലീലം, അശ്ലീലം, ഇതൊക്കെ നിശ്ചയിക്കുന്ന പ്രമാണി ആരാണ്? എന്തെഴുതണം, എഴുതണ്ട എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഏതെങ്കിലും മക്സൂദ് അലിയോ കേരാ മത്മിയായോ അല്ല. യുക്തിഹീന എന്നരോപിച്ചു പല്ലിറുമ്മി കൊല്ലാനടുക്കുന്നവരുടെ മുന്നില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു. എന്റെ ഈ വിഡ്ഢിത്തം, ബുദ്ധിയില്ലായ്മ, യുക്തിഹീനത അതുതന്നെയാണ് എന്റെ ശക്തി. മതത്തിന്റെ ഏതുവിധത്തിലുള്ള ആധിപത്യങ്ങളേയും എതിര്‍ക്കുന്നയാളാണ് ഞാന്‍. മതാധിപന്മാരെയും പ്രവാചകന്മാരെയും വിമര്‍ശിച്ചാല്‍ പുരുഷാധിപത്യ മതത്തിന്റെ ദല്ലാള്‍മാരും പല്ലക്കുചുമട്ടുകാരും എങ്ങനെ സഹിക്കും. എന്റെ ജീവിതം സത്യത്തിനു വിലയായി കൊടുത്തതാണ്. ഇതിലപ്പുറം സത്യത്തിനുവേണ്ടി എങ്ങനെ നിലകൊള്ളും.
ന്യൂനപക്ഷ രാഷ്ട്ര തന്ത്രം
ഈ രാഷ്ട്രതന്ത്രത്തിന്റെ അപകടമെന്നത് നിങ്ങല്‍ തീവ്രവാദികളുടെ അഭിപ്രായം ഇസ്ലാം സമുദായത്തിന്റെ അഭിപ്രായമാണെന്നുകരുതി അവരെ എത്രമാത്രം പ്രീണിപ്പിക്കുന്നുവോ അത്രമാത്രം കൂടുതല്‍ അവര്‍ ആവശ്യപ്പെടും. ഒരു മതേതര രാഷ്ട്രത്തിന് എവിടെയെങ്കിലും ഒരതിര്‍വരമ്പ് ഉണ്ടാക്കേണ്ടി വരും. അല്ലെങ്കില്‍ ഒന്നിലധികം ജീവിതരീതികളും മതങ്ങളും ഒന്നിച്ചുപുലരുന്ന രാജ്യത്തിന്റെ ഘടനയെത്തന്നെ ഇത്തരം തീവ്രവാദ നിലപാടുകള്‍ വെല്ലുവിളിക്കും.
ഏറ്റവും ചെറിയ ന്യൂനപക്ഷമെന്നത് ഒരു വ്യക്തിയാണ്. ഒരു വ്യക്തിക്ക് കിട്ടുന്ന സ്വാതന്ത്ര്യവും സുരക്ഷയുമാണ് ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്നത്. തസ്ലീമയോട് മതമേധാവികളുടെ മുന്നില്‍ തലകുനിക്കാനും മാപ്പിരക്കാനും പറയുമ്പോള്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്വം തന്നെയാണ് ഇവര്‍ മറക്കുന്നത്. ഞാന്‍ കൈകള്‍ കൂപ്പി മതമേധാവികളോട് മാപ്പിരക്കണം എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന് ദാസ് മുന്‍ഷി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി അതംഗീകരിച്ചു. പാര്‍ട്ടി വക്താവ് പറഞ്ഞത്, മുന്‍ഷി പറഞ്ഞത് ശരിയാണ്. തസ്ലീമ എല്ലാ മുസ്ലിംകളോടും മാപ്പിരക്കണം എന്നാണ്. ജമാഅത്തെ ഇസ്ലാമി ഉല്‍പ്പെടെ ഏഴു മുസ്ലീം സംഘടനകള്‍ എന്നെ രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യ എന്നെ കൈവിടുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഇന്ത്യാക്കാരിയാണ്. ധാക്കയും കൊല്‍ക്കത്തയും തമ്മില്‍ എനിക്ക് ഒരു വ്യത്യാസവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: