പരപ്പനങ്ങാടി: ഒടുവില്‍ തകര്‍ന്നു വീഴാന്‍ തുടങ്ങിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭാ തീരുമാനമായി. പൊളിഞ്ഞിളകി അടര്‍ന്നു വീഴുന്ന ബസ് സ്റ്റാന്റ് കെട്ടിടത്തെക്കുറിച്ച് ജന്മഭൂമി പല തവണ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
മലപ്പുറം-മഞ്ചേരി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ മാത്രമായിരുന്നു ഈ ബസ് സ്റ്റാന്റില്‍ കയറിയിറങ്ങിയിരുന്നത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്ങ് അടര്‍ന്നു ദേഹത്ത് വീഴുമെന്നതിനാല്‍ യാത്രക്കാര്‍ വരെ വഴിമാറിയാണ് നടന്നിരുന്നത്, 10 വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ബസ് ബേകളില്‍ ബസുകള്‍ കയറാറുമില്ല.
ബസുകള്‍ തിരിക്കുന്നതിനും യാത്രക്കാരെ കയറ്റി പോകുന്നതിനും മാത്രമായിരുന്നു നിലവിലെ ബസ് സ്റ്റാന്‍ഡ് ഉപയോഗിച്ചിരുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമോ, ശൗചാലയങ്ങളോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നില്ല. പരാധീനതകളാല്‍ കാലിതൊഴുത്തിന് സമാനമായ അവസ്ഥയാണ് ബസ് സ്റ്റാന്‍ഡിനും കെട്ടിടത്തിനും. കാലപഴക്കത്താല്‍ ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന കെട്ടിടത്തിലെ പതിനാല് കച്ചവടക്കാരെ ബദല്‍ കടമുറികളിലേക്ക് ഒഴിപ്പിക്കും. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുമാണ് നഗരസഭാ സമിതി തീരുമാനം.
നിലവില്‍ റെയില്‍വേ ബി ക്ലാസ് സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്നത്. കെട്ടിടം ഒഴിപ്പിച്ച് പൊളിച്ചുമാറ്റിയാല്‍ തന്നെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റയില്‍വേ അനുമതി ലഭ്യമാകാന്‍ താമസം നേരിടും. തിരുര്‍, താനൂര്‍, കോട്ടക്കടവ്, തയ്യിലക്കടവ്, വഴിയെത്തുന്ന ബസുകള്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡില്‍ കയറാന്‍ സാധിക്കാറില്ല.
പല ഭാഗങ്ങളില്‍ നിന്നുമായി പരപ്പനങ്ങാടിയിലെത്തുന്ന മുഴുവന്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള സ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: