തമിഴ്മക്കളുടെ അമ്മ എന്ന വിളികേള്‍ക്കാന്‍ ജയലളിത ഇല്ല. പകരം ആര് എന്ന ചോദ്യം ഉയരുമ്പോള്‍, ഉയര്‍ന്നുവരുന്നത് ഉറ്റതോഴി ശശികലയുടെ പേര്. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് മുപ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജയലളിത എന്ന പേരിനൊപ്പം ചേര്‍ത്തുവായിക്കപ്പെടുന്ന പേരുകളിലൊന്നാണ്, എംജിആര്‍ എന്നതുപോലെ ശശികലയുടേതും. തമിഴ് മക്കള്‍ക്ക് ജയലളിത ‘അമ്മ’ ആയിരുന്നുവെങ്കില്‍ ശശികല അവര്‍ക്ക് ‘ചിന്നമ്മ’യാണ്. ഇരുവരേയും തമ്മില്‍ പിരിയാന്‍ പറ്റാത്ത വിധം അടുപ്പിച്ച ഘടകം എന്തെന്ന് അജ്ഞാതം. ഉപജീവനത്തിനായി വീഡിയോ കട നടത്തിയിരുന്ന ശശികല, പുരട്ചി തലൈവിയുടെ നിഴലായ് നിന്ന്, ഇന്ന് തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ശക്തിയായി വളര്‍ന്നിരിക്കുന്നു. തമിഴ്നാട്ടില്‍ ഇനി ഭരണം നടത്തുക ശശികലയായിരിക്കും. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും ഒപ്പമുണ്ടായിരുന്ന ശശികലയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച്, അധികാരകേന്ദ്രങ്ങളില്‍ അവര്‍ക്കുള്ള അപ്രമാധിത്യത്തെക്കുറിച്ച്…
ആരാണ് ശശികല
1956 ല്‍ തഞ്ചാവൂര്‍ ജില്ലയിലെ മണ്ണാര്‍കുടിയില്‍ ജനനം. കള്ളാര്‍ സമുദായാംഗം. കൃഷിക്കാരായ വിവേകാനന്ദവും കൃഷ്ണവേണിയുമായിരുന്നു മാതാപിതാക്കള്‍. സുന്ദരവദനം, ജയരാമന്, ഡോ.വിനോദഗന്‍, ദിവാഹരന് എന്നിവര്‍ സഹോദരങ്ങള്‍. സഹോദരി വനിതാമണി. തമിഴ്നാട് സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ താല്കാലിക ജീവനക്കാരനായിരുന്ന നടരാജനാണ് ഭര്‍ത്താവ്. സാധാരണ കുടുംബാംഗമായിരുന്ന ശശികല പിന്നെ തമിഴ്നാട് രാഷ്ട്രീയത്തിലെ ശക്തികേന്ദ്രമായി. ജയലളിതയുമായുള്ള ചങ്ങാത്തം അതിന് വഴിയൊരുക്കി. 1980 കളിലാണ് ജയലളിത- ശശികല ബന്ധം പൂവിട്ടതും ശക്തമായതും. സ്വന്തമെന്ന് പറയാന്‍ ഒരു മേല്‍വിലാസം പോലും അക്കാലത്ത് ശശികലയുടെ സഹോദരങ്ങള്ക്കില്ലായിരുന്നു. തൊഴില്‍രഹിതനായിരുന്ന ദിവാഹരന് തൊഴില്‍ തേടി സിംഗപൂരിലേക്ക് പോയി. അധികം വൈകാതെ തിരിച്ചുവന്നു. പിന്നെ അയാള്‍ വളര്‍ച്ചയുടെ വഴി താണ്ടുന്ന കാഴ്ചയാണ് മണ്ണാര്‍കുടിക്കാര്‍ കാണുന്നത്. ബോസ് എന്ന് അറിയപ്പെട്ടു. തഞ്ചാവൂരിലും തൊട്ടടുത്ത ജില്ലകളിലും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി. മണ്ണാര്കുടിയ്ക്ക് സമീപം സുന്ദരകോട്ടൈയില് പെണ്‍കുട്ടികള്‍ക്കായി കോളേജും ഇയാള്‍ നടത്തുന്നുണ്ട്. മികച്ച കോളേജുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. സമൂഹത്തില്‍ മാത്രമല്ല, തമിഴ്നാട് രാഷ്ട്രീയത്തിലും ദിവാഹരന് ആധിപത്യം നേടി. അങ്ങനെ മണ്ണാര്‍കുടി മാഫിയ എന്ന പേരില്‍ ശശികലയും കുടുംബാംഗങ്ങളും വളര്‍ന്നു.
ശശികലയും കുടുംബവും
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ തക്കവണ്ണം എഐഎഡിഎംകെയ്ക്ക് കരുത്ത് പകരുന്നതില്‍ ശശികലയുടെ കുടുംബം വഹിച്ച പങ്ക് ചെറുതല്ല. അവര്‍തന്നെ ഒരു വോട്ട് ബാങ്കായി മാറുന്ന കാഴ്ചയ്ക്കും തമിഴകം സാക്ഷ്യം വഹിച്ചു. യഥാര്‍ത്ഥത്തില്‍ ശശികല മണ്ണാര്കുടിക്കാരിയല്ല. ഇവിടെ നിന്ന് 28 കിലോമീറ്റര്‍ അകലെയുളള തിരുത്തറൈപൂണ്ടിയില് നിന്നുളളവരാണ്. അവിടെ ശശികലയുടെ മുത്തച്ഛന് ചന്ദ്രശേഖരന് മെഡിക്കല്‍ ഷോപ്പുണ്ടായിരുന്നു. മൂത്ത സഹോദരന് സുന്ദരവദനത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു ജോലി. 1950 ല്‍ ഇദ്ദേഹത്തിന് മണ്ണാര്‍കുടിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അതോടെ മറ്റുള്ളവരും ഇവിടേക്ക് എത്തുകയായിരുന്നു. സഹോദരങ്ങളില്‍ അഞ്ചാമത്തെയാളാണ് ശശികല. പാവപ്പെട്ടവര്‍ക്കുള്ള വായ്പാ ഇടപാടില്‍ തിരിമറി നടത്തിയതിനാല്‍ സുന്ദരവദനത്തിന് ജോലി നഷ്ടമായി, മണ്ണാര്‍കുടി വിടേണ്ടിവന്നു. 1974 ലാണ് ഡിഎംകെയുടെ യുവനേതാവായ നടരാജന് ശശികലയെ വിവാഹം ചെയ്യുന്നതിനുളള താല്പര്യം അറിയിച്ചത്. സുന്ദരവദനം ആ ആലോചന എതിര്‍ത്തു. ജോലി സ്ഥിരമല്ല എന്നതായിരുന്നു കാരണം. നടരാജന് ശശികലയുടെ സഹോദരീ ഭര്‍ത്താവ് വിവേകാനന്ദനെ സമീപിച്ചു. ഒടുവില്‍ വിവാഹത്തിന് ശശികലയുടെ കുടുംബം അനുകൂലമായി. ഡിഎംകെ തലവന്‍ കരുണാനിധിയുടെ അനുഗ്രഹത്തോടെ വിവാഹം.
കള്ളാര്‍ സമുദായക്കാരി ശശികല, ജയലളിതയെപ്പോലെ പഠിത്തത്തില്‍ കേമിയായിരുന്നില്ല. സിനിമകളോട് ഏറെ താല്പര്യമായിരുന്നു. പക്ഷെ സിനിമാക്കാരിയായില്ല. സൂപ്പര്‍താരങ്ങള്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ ആഗ്രഹിക്കുകയും അത് സ്വപ്നം കാണുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു കൈമുതല്‍. അവര്‍ സ്വപ്നം കണ്ട ജീവിതത്തിന് ഭര്‍ത്താവിന്റെ വരുമാനം മതിയാകുമായിരുന്നില്ല. 1976 ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടരാജന് ജോലി നഷ്ടമായി. സ്വപ്നം കണ്ട ജീവിതം വിദൂരമായി. ജോലി നഷ്ടമായതിനെതിരെ കോടതിയെ സമീപിച്ചു. വക്കീലന്മാര്ക്ക് ഫീസ് നല്‍കുന്നതിനായി ശശികലയുടെ ആഭരണങ്ങള്‍ വിറ്റു. ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ലാതായി. ഈ സാഹചര്യത്തില്‍ ചലച്ചിത്രങ്ങളോടുള്ള താല്പര്യം അതുമായി ബന്ധപ്പെട്ട ഏതെങ്കിലും തൊഴില്‍ ചെയ്യാന്‍ ശശികലയെ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ വീഡിയോ പാര്‍ലര്‍ തുടങ്ങി. ഒരു വിഡീയോ ക്യാമറ സ്വന്തമാക്കി. സമീപ പ്രദേശങ്ങളില്‍ നടക്കുന്ന വിവാഹങ്ങളും മറ്റുചടങ്ങുകളും ചിത്രീകരിക്കാനാരംഭിച്ചു. അതിലൂടെ അധിക വരുമാനവും നേടി.
അക്കാലത്ത് കടലൂര്‍ ജില്ലാ കളക്ടറായിരുന്ന വി.എസ്. ചന്ദ്രലേഖ ഐഎഎസുമായി അടുത്ത പരിചയമുണ്ടായിരുന്നു ശശികലയുടെ ഭര്‍ത്താവ് നടരാജന്. ആ ബന്ധം ഉപയോഗപ്പെടുത്താന്‍ ശശികല തീരുമാനിച്ചു. എംജിആറായിരുന്നു അന്ന് തമിഴ്നാട് മുഖ്യമന്ത്രി. എംജിആറുമായി ചന്ദ്രലേഖയ്ക്ക് നല്ല ബന്ധമായിരുന്നു. സിനിമാതാരമെന്ന നിലയില്‍ പ്രശസ്തയായിരുന്ന ജയലളിത, എഐഎഡിഎംകെയില്‍ ചേര്‍ന്ന സമയം. ജനങ്ങളെ ആകര്‍ഷിക്കാനുള്ള ജയയുടെ മികവ് മനസ്സിലാക്കിയ എംജിആര്‍ അവരെ പാര്‍ട്ടിയുടെ പ്രചാരണ സെക്രട്ടറിയാക്കി. ജയലളിതയുടെ പരിപാടികള്‍ ചിത്രീകരിക്കുന്നതിനുള്ള അനുമതി ശശികലയ്ക്ക് നേടിക്കൊടുക്കണമെന്ന ആവശ്യവുമായി നടരാജന് ചന്ദ്രലേഖയെ സമീപിച്ചു. ചന്ദ്രലേഖയുടെ സഹായത്താല്‍ ശശികല, ജയലളിതയുടെ പാളയത്തിലെത്തി. 1982 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ക്യാമറ ഉപയോഗിക്കുന്നതില്‍ ശശികലയ്ക്കുള്ള കഴിവില്‍ ജയക്ക് മതിപ്പുതോന്നി. പതിയെ പതിയെ ജയലളിതയ്ക്ക് ഏറ്റവും വിശ്വസ്തതയുള്ള വ്യക്തിയായി ശശികല.
ജയലളിതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു ഒരുകാലത്ത് ചന്ദ്രലേഖ. 1992 ല്‍ അവര്‍ വ്യവസായ സെക്രട്ടറിയായിരുന്ന കാലയളവില്‍ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട ജയലളിതയുടെ തീരുമാനത്തെ എതിര്‍ക്കേണ്ടി വന്നു ചന്ദ്രലേഖയ്ക്ക്. ഇതേത്തുടര്‍ന്ന് ക്രൂരമായ ആസിഡ് ആക്രമണത്തിന് ചന്ദ്രലേഖ ഇരയായി. ജയലളിതയും ശശികലയും ഏര്‍പ്പെടുത്തിയ വാടക ഗുണ്ടയാണ് ഇവര്‍ക്കുനേരെ ആക്രമണം നടത്തിയത്. എന്നാല്‍ ഈ കേസ് സുപ്രീം കോടതി വരെയെത്തിയെങ്കിലും ഗൂഢാലോചന കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
1987 ല്‍ എംജിആര്‍ മരിക്കുമ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജയലളിത. പരസ്യമായി പരിഹാസിതയായി. അപ്പോഴെല്ലാം തുണയായി ശശികല. 1989 ലാണ് ശശികല, ജയലളിതയ്ക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തുന്നത്. അതൊരു വെറും വരവായിരുന്നില്ല. മണ്ണാര്‍കുടിയില്‍ നിന്ന് നാല്പതോളം പരിചാരകരേയും കൊണ്ടായിരുന്നു വരവ്. അതില്‍ പാചകക്കാരും കാവല്‍ക്കാരും ദൂതന്മാരും ഒക്കെയുണ്ടായിരുന്നു. എന്തിനും ഏതിനും അവര്‍ ജയക്കൊപ്പം നിന്നു. അവഹേളനങ്ങളില് നിന്ന് ഉയിര്ത്തെഴുന്നേല്ക്കുന്ന ജയയെയാണ് പിന്നീട് കണ്ടത്. 1991 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് ജയലളിത അധികാരത്തിലെത്തി. എംജിആറിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി. അതോടെ ശശികലയും ശക്തയായി. 1996 ആയപ്പോഴേക്കും ശശികലയുടെ കുടുംബക്കാരൊക്കെ ധനികരായി.
തമിഴകം വാണ് മണ്ണാര്‍കുടി സഖ്യം
‘പുരട്ചി’ തലൈവിയുടെ ഉറ്റതോഴി എന്ന നിലയില്‍ ശശികലയ്ക്ക് സമൂഹത്തില്‍ ലഭിച്ച അംഗീകാരം പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു മണ്ണാര്‍കുടി സഖ്യം. നാളുകള്‍ കഴിയുന്തോറും തമിഴ്നാട്ടിലാകെ ആ കുടുംബത്തിന്റെ വേരുകള്‍ ശക്തിയാര്‍ജ്ജിച്ചു. അധികാരകേന്ദ്രങ്ങളിലൊക്കെ ശശികലയുടെ കുടുംബാംഗങ്ങള്‍ ഇടം നേടി. എല്ലാ അധികാരവും ചെലുത്തി സകലതും നിയന്ത്രിച്ചു.ആരും അവരെ ചോദ്യം ചെയ്തില്ല. അവര്‍ സൃഷ്ടിച്ചെടുത്ത വ്യവസ്ഥിതിയുടെ സൗന്ദര്യവും അതായിരുന്നു.
തമിഴ്നാട്ടില്‍ അത്രമാത്രം പ്രാധാന്യം കല്‍പ്പിക്കാത്ത സമുദായമായിരുന്നു കള്ളാര്‍. കള്ളന്മാരുടെ ജാതിയെന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ആ ജാതിക്കാരോടുള്ള മനോഭാവത്തിലും സമീപനത്തിലും വേര്‍തിരിവ് പ്രകടമായിരുന്നു. ജയലളിത-ശശികല കൂട്ടുകെട്ടോടെ ആ അവസ്ഥയ്ക്ക് മാറ്റം വന്നു. എല്ലായിടത്തും കള്ളാര്‍ സമുദായാംഗങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടി. എഐഎഡിഎംകെ യെ നിയന്ത്രിച്ചിരുന്നത് മണ്ണാര്‍കുടി സഖ്യമാണെന്ന് പറഞ്ഞാലും തെറ്റില്ല. സുപ്രധാന പദവികള്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് ആര് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശശികലയുടെ കുടുംബത്തിനായി. കണ്ണും കാതും തുറന്നുവച്ച് അവര്‍ ഓരോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു. അധികാരകേന്ദ്രങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം ശശികലയുടെ കുടുംബം പിടിമുറുക്കി.
തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മണ്ണാര്‍കുടി മാഫിയക്കായി. ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കളായ ദിനകരന്, വി.എന്‍. സുധാകരന്, ഭാസ്കരന് എന്നിവരാണ് തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. ടിടിവി സഹോദരങ്ങള്‍ എന്നാണ് ഇവരറിയപ്പെടുന്നത്. ജയലളിതയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു ടിടിവി ദിനകരന്. 1988 ലാണ് ഇയാള്‍ ശ്രദ്ധേയനാകുന്നത്. 1990 ആയപ്പോഴേക്കും നടരാജനായി ജയലളിതയ്ക്ക് വേണ്ടപ്പെട്ടയാള്‍. പക്ഷെ ശശികലയുടെ സഹായത്തോടെ ദിനകരന് ജയയോട് വീണ്ടും അടുത്തു. പിന്നെ ദിനകരന് രാജയോഗമായിരുന്നു. ഇഷ്ടംപോലെ ധനം സമ്പാദിച്ചു. ദിനകരന്റെ സഹോദരന് സുധാകരനെയാണ് ജയലളിത ദത്തെടുത്തത്. 1995 ലായിരുന്നു ദത്തെടുക്കല്‍. ഇയാളുടെ വിവാഹമാമാങ്കം ധൂര്‍ത്തിന്റെ പേരില്‍ ശ്രദ്ധനേടി.
ശിവാജി ഗണേശന്റെ ചെറുമകള്‍ സത്യലക്ഷ്മിയാണ് സുധാകരന്റെ ഭാര്യ. എന്നാല്‍ 1996 ആയപ്പോഴേക്കും ജയ ദത്തുപുത്രനെ തള്ളിപ്പറഞ്ഞു. കാരണം അവര്‍ വ്യക്തമാക്കിയില്ല. 2001 ല്‍ ജയലളിതയ്ക്കെതിരെ സംസാരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡു ചെയ്തു. ലൈസന്‍സില്ലാത്ത തോക്കും ഒരു പായ്ക്കറ്റ് ഹെറോയിനും പിടികൂടി. തുടര്‍ന്ന് അറസ്റ്റിലായി. ജയലളിതയ്ക്കെതിരെയുണ്ടായിരുന്ന അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഇയാളും കൂട്ടുപ്രതിയായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ ശശികലയുടെ സഹോദരന് ഡോ. വിനോദഗനിന്റെ മകന് ടി.വി. മഹാദേവനായിരുന്നു ശക്തികേന്ദ്രം. എംജിആറിന്റെ മരണശേഷം ജയലളിതയെ സുരക്ഷിതമായി താമസിപ്പിച്ചത് ഡോ.വിനോദഗനായിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.
ശശികലയുടെ പിതൃസഹോദരന് ഡോ. കരുണാകരന്റെ മരുമകന് ആര്.പി. രാവണനായിരുന്നു കൊങ്ങുനാടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ നിയന്ത്രിച്ചിരുന്നത്.
അതേസമയം ശശികലയുടെ ഭര്‍ത്താവ് നടരാജന് മണ്ണാര്‍കുടി സഖ്യത്തില്‍ വേണ്ട പരിഗണന കിട്ടിയില്ല. സുപ്രധാന അധികാരകേന്ദ്രമായ ചെന്നൈയില്‍ ശശികലയുടെ സഹോദരന് സുന്ദരവദനത്തിന്റെ മക്കളും മരുമക്കളുമായ പ്രഭ, ഡോ.ശിവകുമാര്‍, ഡോ. വെങ്കടേഷ്, അനുരാധ, കാര്ത്തികേയന്, മറ്റുചില കുടുംബാംഗങ്ങള്‍ എന്നിവരായിരുന്നു കരുത്തര്‍. മറ്റൊരു സഹോദരനായ ജയരാമന്റെ ഭാര്യ ഇളവരശിയായിരുന്നു പോയസ് ഗാര്‍ഡനില്‍ ശശികലയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ മകന് വിവേക് രാഷ്ട്രീയത്തിലും സിനിമയിലും ഉയര്‍ന്നുവരാനുള്ള ശ്രമത്തിലാണ്.
വിവാദങ്ങളുടേയും തോഴി
അനധികൃത സ്വത്തുസമ്പാദനമായിരുന്നു ശശികലയുടേയും ജയലളിതയുടേയും നേര്‍ക്കുള്ള പ്രധാന ആരോപണങ്ങള്‍. ചൈന്നൈയിലും തഞ്ചാവൂരിലും ശശികലയും കുടുംബവും നിരവധി സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങിക്കൂട്ടി. 1991-92 കാലയളവില്‍, തമിഴ്നാട് ചെറുകിട വ്യവസായ കോര്പ്പറേഷന് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 3.78 ഏക്കര്‍ ഭൂമി വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ജയ പബ്ലിക്കേഷന്‍സ് ആന്‍ഡ് ശശികല എന്റര്‍പ്രൈസസ് വാങ്ങി എന്നതായിരുന്നു ഇതില്‍ പ്രധാന ആരോപണം. ജയയും ശശികലയും ഈ സ്ഥാപനത്തിന്റെ ഓഹരി ഉടമകളായിരുന്നു. ഈ ഇടപാട് കനത്ത നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കിയത്. ഈ കേസില്‍ 2003 ല്‍ സുപ്രീം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു.
തീരുമാനങ്ങളെടുക്കുന്നതില്‍ ജയക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ശശികല, അവരുടെ അനുവാദം ഇല്ലാതെ ആരേയും ജയയുമായി അടുപ്പിച്ചിരുന്നില്ല. നിഴലുപോലെ ശശികല ഒപ്പമുണ്ടാവും. ആദായ നികുതി വകുപ്പുള്‍പ്പടെയുള്ള സുപ്രധാന വകുപ്പുകളിലെല്ലാം ശശികല മേല്‍ക്കൈ നേടി. തമിഴ്നാട്ടില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ, ദുബായ് എന്നിവിടങ്ങളിലും മണ്ണാര്‍കുടി മാഫിയക്ക് നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്നു.
തനിക്കെതിരായി ചരടുവലികള്‍ ശശികലയും കൂട്ടാളികളും നടത്തുന്നുണ്ടെന്ന സംശയം ശക്തമായതിനെ തുടര്‍ന്ന് 2011 ല്‍ ശശികലയേയും ഭര്‍ത്താവിനേയും മറ്റ് 12 ബന്ധുക്കളേയും ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഉയിര് തോഴിയെന്ന് ജയലളിത വിശേഷിപ്പിച്ച ശശികലയ്ക്ക് അതോടെ പോയസ് ഗാര്‍ഡനിലും സ്ഥാനം നഷ്ടമായി.
പുറത്താക്കപ്പെട്ടിട്ടും അവര്‍ തലൈവിക്കെതിരെ ഒരുവാക്കുപോലും പറഞ്ഞില്ല. , സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞ് 100 ദിവസത്തിനകം ശശികല പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. ആരേയും അധികം അടുപ്പിക്കാത്ത ജയലളിതയ്ക്ക് ശശികലയോട് സ്നേഹവും അത്രത്തോളം വിശ്വാസവുമായിരുന്നു എന്നുവേണം കരുതാന്‍. ജനമധ്യത്തില്‍ നില്‍ക്കുമ്പോഴും ജയലളിത ഏകാകിയായിരുന്നു. ആ ജീവിതത്തില്‍ അവര്‍ക്ക് ഏറ്റവും ആശ്വാസം ഒരുപക്ഷെ ശശികലയുടെ സാമിപ്യമായിരുന്നിരിക്കാം.
മടങ്ങി വന്നൂ, നടരാജനും
ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവിടെയൊരാള് ശ്രദ്ധേയനായി, ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്. ജയലളിതയേയും ശശികലയേയും അടുപ്പിച്ചതിലെ പ്രധാനകണ്ണിയും നടരാജനായിരുന്നു. ഡിഎംകെയുടെ യുവനേതാവായിരുന്ന ഇദ്ദേഹം കരുണാധിയുടെ വാത്സല്യഭാജനവുമായിരുന്നു. ഡിഎംകെ നേതൃത്വം നല്കിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 1970 കളിലാണ് സര്‍ക്കാര്‍ സര്‍വീസില്‍ താല്കാലിക ജീവനക്കാരനാകുന്നത്. എണ്‍പതുകളായപ്പോഴേക്കും ജയലളിതയുമായി അടുപ്പം സ്ഥാപിച്ചു. ജയലളിതയുടെ രാഷ്ട്രീയ ഉപദേഷ്ടാവിന്റെ റോളിലായിരുന്നു നടരാജന്.
1989 ല്‍ തെരഞ്ഞുടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റ് വാഗ്ദാനം നല്കി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. അന്ന് അധികാരത്തിലിരുന്ന ഡിഎംകെ സര്‍ക്കാര്‍ നടരാജന്റെ വീട് റെയ്ഡ് ചെയ്തു. നിയമസഭാംഗത്വം രാജിവയ്ക്കുന്നുവെന്ന് കാണിച്ച് ജയലളിത എഴുതിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലൊരു കത്ത് അവിടെ നിന്ന് കണ്ടെടുത്തിരുന്നു.
2012 ല്‍ ഭൂമി തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടരാജന് ഒരിക്കല്‍ പോലും ജയലളിതയുടെ പ്രതിച്ഛായക്ക് ഇളക്കം തട്ടുന്നവിധത്തില്‍ സംസാരിച്ചിട്ടില്ല. അയാള്‍ എപ്പോഴും അമ്മയ്ക്കൊപ്പമെന്ന് തോന്നിപ്പിക്കും വിധമാണ് പെരുമാറിയിട്ടുള്ളത്. 2011 ശശികലയ്ക്കൊപ്പം നടരാജനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് ശശികലയെ തിരികെ വിളിച്ചെങ്കിലും നടരാജനെ അകറ്റി നിര്‍ത്തി. അതിനുശേഷം നടരാജനെക്കുറിച്ച് ആരും അറിഞ്ഞില്ല. പുരട്ചി തലൈവിയുടെ നിര്യാണത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ നടരാജന്റെ ഉള്ളിലെന്തെന്ന് അറിയണമെങ്കില്‍ കാത്തിരിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: