വൈദ്യുതിയുണ്ടാക്കാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഇഷ്ടംപോലെ കറന്റുണ്ടാക്കാം. കല്‍ക്കരി കത്തിച്ചാലും കറന്റ് കിട്ടും. അണക്കെട്ടില്‍ വെള്ളം തടുത്തുനിര്ത്തിയും വൈദ്യുതി ഉല്പാദിപ്പിക്കാം. പക്ഷേ അങ്ങനെയൊക്കെ കറന്റിനെ ജനിപ്പിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും നാം സഹിക്കണം. അണുശക്തി നിലയം അടിമുടി അപകടമാണ്. കണ്ണുതെറ്റി പിഴ വന്നാല്‍ സര്‍വനാശമാകും ഫലം. കല്‍ക്കരി കത്തിക്കുന്ന താപനിലയങ്ങള്‍ അന്തരീക്ഷമാകെ മലിനമാക്കും. അതില്‍നിന്നുയരുന്ന വാതകങ്ങള്‍ ഭൂമിയെ വറചട്ടിയാക്കി മാറ്റുകയും ചെയ്യും. ജലവൈദ്യുതിയാവട്ടെ, ജൈവവൈവിധ്യം മുച്ചൂടും മുടിക്കും. കാടുകള്‍ വെട്ടിത്തകര്‍ത്ത്, പുഴയെ തച്ചുകൊന്നാണ് ജലവൈദ്യുത പദ്ധതികളുടെ ജനനം.
ഊര്ജമുണ്ടാക്കുന്നതിന് ഏറ്റവും സുരക്ഷിതം സൂര്യപ്രകാശമാണ്. പിന്നെ കാറ്റ്. രണ്ടിനും അപകടമില്ല. തുടക്കത്തിലെ ചെലവ് മാറിയാല്‍ പിന്നെ വൈദ്യുതി പ്രവഹിച്ചുകൊണ്ടേയിരിക്കും. പക്ഷേ സൗരവൈദ്യുതി ആര്‍ക്കും വേണ്ട. ഇടവപ്പാതിക്കാലത്ത് ഒഴുകിയകലുന്ന കരിമേഘങ്ങളെ നോക്കി നെടുവീര്‍പ്പിടുമ്പോഴും തുലാവര്‍ഷത്തിലെ വരണ്ട ഇടിമിന്നലിനെ പഴിക്കുമ്പോഴും നമുക്ക് സൗരവൈദ്യുതി വേണ്ട. ഇവിടെയാണ് കുമുത്തി നമുക്ക് വഴികാട്ടുന്നത്. തമിഴകത്ത് രാമനാഥപുരം ജില്ലയിലെ കുമുത്തിയില്‍ പണിതീര്‍ത്ത സോളാര്‍ വൈദ്യുതി നിലയം.
സെപ്തംബര്‍ 21 ന് പൂര്‍ത്തിയാക്കിയ കുമുത്തിയിലെ സൗരനിലയം ഇന്ന് ലോകത്തെ ഏറ്റവും വലിയ സോളാര്‍ വൈദ്യുതി നിലയമാണ്. സ്ഥാപിതശേഷി 648 മെഗാവാട്ട്.
കേരളത്തില്‍ നമുക്കുള്ളത് 16 പ്രധാന ജലവൈദ്യുത പദ്ധതികളാണ്. അവയുടെയൊക്കെ സ്ഥാപിത ശേഷി കൂട്ടിനോക്കിയാല്‍ 1954.75 മെഗാവാട്ട്. അവയില്‍ 780 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ വാര്‍ഷിക ഊര്‍ജ്ജോത്പാദന ശേഷി 2398 മെഗായൂണിറ്റ് മാത്രമാണെന്ന് നാം അറിയണം. ആ കണക്കുവെച്ച് നോക്കുമ്പോഴാണ് സൂര്യനില്‍ നിന്ന് കറന്റ് ഉണ്ടാക്കുന്ന കുമുത്തി നിലയത്തിന്റെ മികവ് മനസ്സിലാക്കുക.
തമിഴ്നാട് സര്‍ക്കാരിന്റെ 3000 മെഗാവാട്ട് വൈദ്യുതി ഉല്പാദനെമന്ന ലക്ഷ്യം വച്ചുള്ള നയപദ്ധതിയുടെ ആദ്യ വിജയമാണ് കുമുത്തിയില്‍ അദാനി ഗ്രീന്‍ എനര്‍ജി എന്ന സ്ഥാപനം സാര്‍ത്ഥകമാക്കിയത്. ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് ലോകത്ത് ഏറ്റവുമധികം വൈദ്യുതി ഉണ്ടാക്കുന്ന സോളാര്‍ നിലയമായി ഇന്നതറിയുന്നു. ഇതിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ചൈനയിലെ ലോംഗ്യാന്‍ സിയ ഡാം സോളാര്‍പാര്‍ക്ക് അമേരിക്കയിലെ സോളാര്‍ സ്റ്റാര്‍ വൈദ്യുതോല്പാദന നിലയവും. നൂറുകണക്കിന് സൂര്യവൈദ്യൂതി ഉല്പാദിപ്പിക്കുന്ന സൂര്യനിലയങ്ങളാണ് അമേരിക്കയിലും ചൈനയിലും പ്രവര്‍ത്തിക്കുന്നത്-പ്രകൃതിയെയും ജൈവവൈവിധ്യത്തിന്റെ ആരോഗ്യത്തെയും തൊട്ടുനോവിക്കുകപോലും ചെയ്യാതെ.
കുമുത്തിയിലെ ഊര്‍ജ ഉല്പാദനകേന്ദ്രത്തിന്റെ വിശേഷങ്ങള്‍ ഏറെ രസകരമാണ്.
ആകെ മുടക്കുമുതല്‍ 4550 കോടി രൂപ. ആകെ വേണ്ടിവന്ന സ്ഥലം 2500 ഏക്കര്‍. സോളാര്‍ പാനലുകള്‍ ഉറപ്പിക്കുന്നതിന് ആവശ്യമായത് 3.80 ലക്ഷം ഫൗണ്ടേഷനുകള്‍. 25 ലക്ഷം സോളാര്‍ മൊഡ്യൂളുകളും 27,000 മെട്രിക് ടണ്‍ വസ്തുക്കളും 576 ഇന്‍വെര്‍ട്ടറുകളും 154 ട്രാന്‍സ്ഫോര്‍മറുകളും ആണ് പദ്ധതിക്ക് വേണ്ടിവന്നത്. ആറായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിളുകള്‍ ഈ പദ്ധതിക്കായി ഉപയോഗിച്ചു. പ്രതിദിനം 8500 തൊഴിലാളികള്‍ എട്ടുമാസം തുടര്‍ച്ചയായി ജോലിചെയ്തു. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ 400 കെ.വി വൈദ്യുത സബ്സ്റ്റേഷനിലേക്കാണ് ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയത്രയും കൈമാറുന്നത്.
തമിഴ്നാട് ഇലക്ട്രിസിറ്റി റഗുലേഷന് കമ്മീഷന് നിശ്ചയിക്കുന്ന നിരക്കില്‍ 25 വര്‍ഷക്കാലം വൈദ്യുതി വാങ്ങാമെന്നതാണ് സര്‍ക്കാരുമായുള്ള ധാരണ. അതവര് കമ്പനികള്‍ക്ക് വിതരണം ചെയ്യും. ഏതാണ്ട് 2700 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് താല്പര്യമെടുത്ത് നൂറിലേറെ കമ്പനികള്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചുകഴിഞ്ഞതായാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം.
വൈദ്യുതി സ്വയംപര്യാപ്തതയിലേക്കുള്ള വിജയകരമായ യാത്രയാണ് തമിഴ്നാടിന്റേത്. അതും പ്രകൃതിക്ക് തരിമ്പും പോറലേല്‍ക്കാതെ. പക്ഷേ ജലവൈദ്യുതിയില്‍ മാത്രം എന്നെന്നും ഊറ്റം കൊണ്ടിരിക്കുന്ന കേരളം ഇതൊന്നും അറിഞ്ഞമട്ടില്ല. തെരുവുപട്ടിക്കും പഴയ നോട്ടിനും പിന്നാലെ അഖണ്ഡനാമം ജപിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിലൊട്ട് താല്പര്യവുമില്ല.
അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇന്ന് കേരളത്തിന്റെ വെളിമ്പ്രദേശമാകെ സോളാര്‍ പാനലുകള്‍ നിറഞ്ഞേനെ. ഇടുക്കിയിലേത് അടക്കമുള്ള അണക്കെട്ടുകളുടെ ജലപ്പരപ്പില്‍ സോളാര്‍ പാനലുകള്‍ നിറഞ്ഞേനെ. വൈദ്യുതിക്ഷാമം ഇവിടെ പഴങ്കഥയായി മാറിയേനെ. അര കഴഞ്ച് കറണ്ട് കിട്ടാനായി ആകെയുള്ള അതിരപ്പിള്ളിക്കാട്ടിലെ പച്ചപ്പ് വെട്ടിനിരത്താന്‍ അവസരം പാര്‍ത്തുകഴിയുന്ന വൈദ്യുതി മേലാളന്മാര്ക്ക് എന്നാണോ സദ്ബുദ്ധി ഉദിക്കുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: