എ.വി.ബാലകൃഷ്ണന്
പരപ്പനങ്ങാടി: ധീരസൈനികന്റെ ഓര്മക്ക് ഇന്ന് മൂന്ന് പതിറ്റാണ്ട്. സൈനിക സേവനത്തിനിടെ വീരമൃത്യുവരിച്ച പൂക്കയില്‍ ബാലചന്ദ്രന്റെ ഇനിയും മരിക്കാത്ത ഓര്‍മകളില്‍ അശ്രുപുഷ്പങ്ങളര്പ്പിക്കുകയാണ് പൂക്കയില്‍ കുടുംബവും നെടുവ ദേശവും. 1971ലെ ഇന്ത്യാ-പാകിസ്ഥാന് യുദ്ധത്തിലാണ് ബാലചന്ദ്രനെ നഷ്ടമായത്. 1971 ഡിസംബര്‍ ഒന്‍പതാണ് ഇന്ത്യന്‍ നേവി ചരിത്രത്തിലെ ആ കറുത്തദിനം.
കരയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ മുംബൈ ഉള്‍ക്കടലില്‍ പെട്രോളിംങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ പാക് പട്ടാളം ആക്രമിച്ചത്. പാക് ഭീകരര്‍ അന്തര്‍വാഹിനി കപ്പല്‍ കടലില്‍ മുക്കിയതിന്റെ ഫലമായി നിരവധി ജവാന്മാരെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. ആ കൂട്ടത്തില്‍ പൂക്കയില്‍ ബാലചന്ദ്രനും ഉണ്ടായിരുന്നു. ഭൗതികശരീരം പോലും ഉറ്റവര്‍ക്ക് കാണാനാകാതെ രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വീരന്മാരുടെ ഭൗതികദേഹങ്ങള്‍ സാഗരസരണി ഏറ്റെടുത്തു.
ബാലചന്ദ്രന് എന്നെങ്കിലും ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയായിരുന്നു. രാജ്യത്തിന്റെ വീരപുത്രന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ബിജെപി ദേശീയ നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പേയി എത്തിയത് ബാലചന്ദ്രന്റെ കുടുംബം ഇന്നും ഓര്‍ക്കുന്നു.
തിരൂര്‍ തെക്കുംമുറിയിലെ ദാമോദരന്‍ നായരുടെയും മീനാക്ഷികുട്ടിയമ്മയുടെയും മകനായ ബാലചന്ദ്രന് പൂക്കയില്‍ ബോയ്സ് നേവിയിലൂടെയാണ് സൈനിക സേവന രംഗത്തെത്തിയത്. ഇരുപത്തിയഞ്ചാം വയസ്സില്‍ ചീഫ് പെറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു മരണം. ബാലചന്ദ്രനെ കൂടാതെ ജ്യേഷ്ഠന് ഉണ്ണികൃഷ്ണന്, സഹോദരി ഭര്‍ത്താവ് നാരായണന് എന്നിവരും 1971ലെ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ഈ യുദ്ധത്തിന് ശേഷമായിരുന്നു 1972ല്‍ നിയന്ത്രണരേഖ നിര്‍വചിക്കപ്പെടുകയും 40 പേജുള്ള പ്രസ്തുത രേഖ ഇന്ത്യയും പാകിസ്ഥാനും അംഗീകരിക്കുകയും ചെയ്തത്. ഈ നിയന്ത്രണരേഖ പാകിസ്ഥാന് മറികടന്നപ്പോഴാണ് കാര്‍ഗില്‍ യുദ്ധമുണ്ടാകുന്നത്. കാര്‍ഗിലിലും കാശ്മീരിലും തുടര്‍ന്നുണ്ടായ സൈനിക ജീവത്യാഗങ്ങളും സ്വന്തം കുടുംബത്തിലെന്ന പോലെ പൂക്കയില്‍ കുടുംബവും ഏറ്റുവാങ്ങുകയാണ്. ബാലചന്ദ്രന്റെ വിയോഗത്തിന് ശേഷം കുടുംബം ഇപ്പോള്‍ താമസിക്കുന്നത് പരപ്പനങ്ങാടിയിലെ നെടുവ ഗ്രാമത്തിലാണ്.
ഭാരതത്തിന്റെ ഒരിഞ്ച് മണ്ണുപോലും അന്യദേശക്കാര്‍ക്ക് വിട്ടുകൊടുക്കാതെ നാടുറങ്ങുമ്പോഴും നിതാന്ത ജാഗ്രതയില്‍ ഉണര്‍ന്നിരിക്കുന്ന സൈനികരുടെ നിശ്ചയദാര്ഢ്യത്തിനൊപ്പമാണ് ഇന്നും പൂക്കയില്‍ കുടുംബങ്ങളുടെ മനസ്. പോരാട്ട വീര്യത്തിന്റെ സ്മരണകളില്‍ അശ്രുപുഷ്പങ്ങളര്പ്പിച്ച് ശ്രദ്ധാഞ്ജലി ഒരുക്കുകയാണ് നെടുവദേശവും ദേശവാസികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: