തൃശൂര്‍: പി.ഡബ്ലിയു.ഡി. ആക്ട് 95 നിയമം നിലവില്‍ വന്നിട്ട് 22 വര്‍ഷം പിന്നിട്ടിട്ടും ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവം. ഭിന്നശേഷിക്കാര്‍ക്ക് തുല്യഅവസരം, ക്ഷേമം എന്നിവ ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. അംഗപരിമിതിക്ക് പുറമെ ബുദ്ധിവികാസം, പഠനവൈകല്യം, കാഴ്ച, ബധിര, മൂക തുടങ്ങിയ കഴിവുകള്‍ കുറഞ്ഞവരെയും ഭിന്നശേഷിക്കാരായാണ് കണക്കാക്കുന്നത്. അവരില്‍ പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ പോലും സാഹചര്യങ്ങള്‍ തടസ്സം നില്ക്കുന്നു. 75ശതമാനം പേര്‍ക്കും സ്കൂളിനപ്പുറം പഠിക്കാനും നല്ലൊരു ജോലി നേടാനും സാധ്യമാകുന്നില്ല.
നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധ്യമല്ല. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ലിഫ്റ്റ് സൗകര്യങ്ങള്‍ ഇല്ല. കളക്ട്രേറ്റ് സിവില്‍ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ മുട്ടിലിഴഞ്ഞു എത്തുന്ന ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി മുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിപ്പെടാന്‍ റാമ്പോ, ലിഫ്റ്റ് സൗകര്യങ്ങളൊ ഇല്ല. ബസ്സിന്റെ ഉയരം കൂടിയ ചവിട്ടുപടി, തീവണ്ടി സ്റ്റേഷനുകളിലെ ഉയര്‍ന്നപടികള്‍, അശാസ്ത്രീയമായ കമ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഭിന്നശേഷിക്കാരുടെ സുഗമമായ യാത്രക്ക് തടസ്സമാണ്. അതെല്ലാം ഭിന്നശേഷിക്കാര്‍ക്ക് പുറലോകയാത്രക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനുശേഷം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേകം നിയമം തയ്യാറാക്കുന്നതിന് 1992ല്‍ ബെയ്ജിങ്ങില്‍ നടന്ന ഏഷ്യന്‍-പസഫിക് മീറ്റില്‍ ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി പ്രത്യേക വകുപ്പും നിയമവും സൃഷ്ടിക്കാനും നാളെ ഡിസേബിള്ഡേ ആഘോഷിക്കുവാനും തീരുമാനിച്ചു. അതിനെത്തുടര്‍ന്ന് 1995ല്‍ ഇന്ത്യയില്‍ പി.ഡബ്ല്യു.ഡി. ആക്ട് 95 വികലാംഗ സംരക്ഷണനിയമം പാസ്സാക്കി. ഈ നിയമം 22വര്‍ഷം പിന്നിട്ടിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി ഇന്നും നിലനില്ക്കുന്നു. ആ നിയമം ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കാനോ നിയമം അനുശാസിക്കുന്നവിധത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തുല്യ അവസരം ഉറപ്പുവരുത്താനോ സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: