നിലമ്പൂര്‍: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് പ്രത്യാക്രമണത്തിനിടയിലാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ദുരൂഹത നീങ്ങുന്നില്ല. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടട്ടുണ്ട്. പക്ഷേ ഈ അന്വേഷണമൊന്നും ജനങ്ങളുടെ സംശയത്തിനുള്ള മറുപടിയാകാന്‍ വഴിയില്ല.
പോലീസിനെ പ്രതികൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ഒരിക്കലും പോലീസ് നല്‍കില്ലെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നോ താമസ സ്ഥലത്ത് നിന്നോ ആയുധങ്ങള്‍ കണ്ടെത്താത്തതാണ് സംശയം വര്‍ധിക്കാന്‍ കാരണം. പ്രത്യാക്രമണം നടത്തണമെങ്കില്‍ ആയുധം വേണ്ടേയെന്ന സാമാന്യ ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഏറ്റമുട്ടല്‍ നടന്നയുടന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇതിലും ദുരൂഹതയുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് നല്കിയ വിവരവും മൂന്നുപേര്‍ കൊല്ലപ്പെട്ടു എന്നുതന്നെയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പറഞ്ഞിരുന്നു. പക്ഷേ ആ പരിക്കേറ്റയാള്‍ ആരാണെന്ന വിവരമില്ല. അയാള്‍ എവിടെ പോയെന്നും അറിയില്ല. സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിലും അസ്വാഭാവികതയുണ്ട്.
ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ കണ്ടതിനേക്കാള്‍ മുറിവുകളും വെടിയുണ്ടകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഇരുവരും മരിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ യാതൊരു സൂചനയും മൃതദ്ദേഹങ്ങളില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതെല്ലാം ജീവനോടെ പിടികൂടിയവരെ വധിച്ചതാണെന്ന ജനങ്ങളുടെ വാദത്തിന് ശക്തി പകരുകയാണ്
അതിനിടെ പോലീസ് ഏകപക്ഷീയമായാണ് മാവോയിസ്റ്റുകളെ വെടിവച്ചതെന്ന രീതിയില്‍വരുന്ന പ്രചരണം തെറ്റാണെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ പറഞ്ഞു. പട്രോളിങ്ങിനിടയില്‍ ഉണക്കപ്പാറയില്‍ മാവോയിസ്റ്റുകള്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത സാഹചര്യത്തിലാണ് മാവോയിസ്റ്റുകള്‍ക്കുനേരെ പോലീസിന്റെ ഭാഗത്തുനിന്നും വെടിവക്കല്‍ നടന്നതെന്നും ഓടുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജനും കാവേരിക്കും വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ട സംഘത്തില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ വയനാട് സ്വദേശി സോമന് ഒരു വനിത എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും എസ്പി വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസമായി കരുളായി വനമേഖലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ പട്രോളിംങ് നടന്നു വരികയാണ്. കൊല്ലപ്പെട്ട ദേവരാജന്റെ തലക്ക് 1.16 കോടിരൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ 40 ലക്ഷവും ഛത്തീസ്ഖണ്ഡ് സര്‍ക്കാര്‍ 12 ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി കേസുകളും ഈ സംസ്ഥാനത്തുണ്ട്. കൊല്ലപ്പെട്ട കാവേരി തമിഴ്നാട് ചെന്നൈ സ്വദേശിയാണ്. ഇവരുടെ പേരില്‍ കേസുകളുള്ളതായി രേഖകള്‍ ലഭിച്ചിട്ടില്ല. മരിച്ച ദേവരാജന്റെ കൈയ്യില്‍നിന്നും ലഭിച്ച ഐ പാഡില്‍ നിന്നും വിക്രംഗൗഡയോടൊപ്പമുള്ള ദൃശ്യങ്ങളും ഉണ്ട്.
ദേവരാജന്‍ വിക്രംഗൗഡ തുടങ്ങിയ മുതിര്‍ന്ന മാവോയിസ്റ്റുകള്‍ സംഘത്തിലുള്ളത് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: