തൃശൂര്‍: യുഡിഎഫ് ഹര്‍ത്താല്‍ തൃശൂരില്‍ ജനജീവിതം തടസ്സപ്പെടുത്തി. പിഎസ്സി പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളും സാധാരണക്കാരും വലഞ്ഞു. ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതുമൂലം പൊതുജനം വലഞ്ഞു. മറ്റുജില്ലകളില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ച് തൃശൂരിലെത്തിയവര്ക്കും ഹര്‍ത്താല്‍ ഇരുട്ടടിയായി. കെഎസ്ആര്‍ടിസി ജില്ലയില്‍ സര്‍വീസ് നടത്തിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലഭാഗങ്ങളിലും തടഞ്ഞു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി. സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ സര്‍വീസ് നടത്തി. കടമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായും അടഞ്ഞു കിടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലഭാഗങ്ങളിലും പ്രകടനം നടത്തി. വടക്കാഞ്ചേരി സംഭവത്തിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ്സുകാര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്.
വിയ്യൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ നടന്ന കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. ചില്ലെറിഞ്ഞു തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് വിയ്യൂര്‍ സ്റ്റേഷന്റെ മുന്നില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ഉപരോധം ഏര്‍പ്പെടുത്തി. ഒറ്റപ്പാലത്തു നിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന തൃശൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസിനു പുറകിലെ ചില്ലാണ് വിയ്യൂര്‍ പള്ളിക്കു സമീപം എറിഞ്ഞുടച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഫിന് പോളിയെയും പി.ആര്.രാജേഷിനേയും വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്. പൊലീസ് സ്റ്റേഷനു മുന്‍വശത്തെ റോഡില്‍ പ്രകടനം പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. പ്രവര്‍ത്തകരും പൊലീസുമായി ഏറെ നേരം വാക്കേറ്റത്തിനും ഇടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസും നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എറിഞ്ഞുടച്ച കെഎസ്ആര്‍ടിസി ബസിന്റെ ചില്ലിന്റെയും ട്രിപ്പുകള്‍ മുടങ്ങിയതിന്റെയും പിഴയായി 15,000 രൂപയടച്ചാല്‍ പ്രവര്‍ത്തകരെ വിട്ടുകൊടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: