മാനിഷാദാ കേട്ടു വാല്മീകം പുല്കിയ
മാനവന്മാമുനിയായിമാറി
മാലോകരൊക്കെയും മാറോടു ചേര്‍ക്കുന്ന
മായാ മഹാകാവ്യം ഭൂവിനേകി
മാലകറ്റീടുവാന് ചെയ്തീടുന്നു നമ്മളും നിത്യപാരായണം
മാനസപൂജകള്‍ അര്‍പ്പിച്ചു കൈതൊഴുമാദിവ്യ രാമായണം
രത്നാകരനുടെ പാപപുണ്യങ്ങളെ
പത്നിപൈതങ്ങളും കൈയൊഴിയേ
ഉത്തമനായിച്ചമഞ്ഞൂനിഷാദനും
ഭക്തിമാര്ഗ്ഗത്തെക്കരം ഗ്രഹിച്ചു
‘രാമ’ നാമത്തെ ജപിക്കാന്‍ കഴിയാത്ത
പാമരന്ചൊല്ലീ’മരാ”മരാമാ’
മാമല പോലെ വളര്‍ന്നു വാല്മീകവും
ആമലക്കുള്ളിലെ താപസിയും
ആദികാവ്യത്തിന്റെ പൊന്നൊളി ചിന്നിയ ആരണ്യഭൂവില്‍ നിന്നും
ആ മഹാമാനവ രാമചരിതവും പാരില്‍ പ്രകീര്ത്തിയാര്ന്നു
ശ്രീരാമ രാമ സീതാഭിരാമ ശ്രീരാമചന്ദ്രാ ജയ
ശ്രീരാമ രാമലോകാഭിരാമ ശ്രീരാമഭദ്രാ ജയ
ഉണ്ണി കൊടുങ്ങല്ലൂര്‍
ആഗ്രഹം
ആഗ്രഹം സര്വ്വദുഖത്തിന്നാധാരം
ജീവിതം തന്നെ ദുഖ സമ്പൂര്‍ണ്ണം
ആഗ്രഹങ്ങളൊഴിഞ്ഞുള്ളതാകിലോ
ആത്മശാന്തിയാമതു തന്നെ ജീവിതം!
ബുദ്ധനിത്തരമോതിയെന്നാകിലും
ബുദ്ധിയതുതന്നെയെന്നു ധരിക്കിലും
ജീവിതമെന്ന നിമിഷ തന്മാത്രകളില്
ജീവിക്കുവാന്‍ തന്നെയാണെന്റെ ആഗ്രഹം
ജീവിതത്തിന്റെ പുസ്തകത്താളിലെന്‍
ജീവനെത്രയോ പാഠങ്ങള്‍ വായിച്ചും
ജീര്ണ്ണമായോരനുഭവ ദുരിതങ്ങള്‍
ജീവച്ഛവം പോലെ താണ്ടിയെന്നാകിലും-ഇനിയും
ജീവിക്കുവാന്‍ തന്നെയാണെന്റെ ആഗ്രഹം!
കന്മഷങ്ങളും കാമവും ക്രൂര
കണ്ണുകള്‍ മാത്രമിതെവിടെയും കാണ്കിലും
കണ്ണുകാണുന്ന പുണ്യമീ ജീവിതം
കണ്ടുകണ്ടങ്ങു ജീവിക്കാനാഗ്രഹം!
തത്വസാരം ഗ്രഹിച്ചവര് ചൊല്ലിയ
സ്വത്വബോധിതനാകുവാനായില്ല
സത്വരം മാഞ്ഞുപോകുമീ ജീവിതം
സത്യമല്ലാത്ത മായയാണെങ്കിലും
സത്യമായതു സാക്ഷാത്കരിക്കുവാന്‍
ഇനിയും-ജീവിക്കുവാന്തന്നെയാണെന്റെ ആഗ്രഹം
അമൃത കൃഷ്ണന്.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: