ശബരിമല: തീര്‍ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും ഒരു സാഹചര്യത്തിലും വൈദ്യുതി വിതരണം തടസപ്പെടാത്ത സജ്ജീകരണങ്ങള്‍ വൈദ്യുതി വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പുതിയ ഫീഡര്‍ കൂടി സ്ഥാപിച്ചതോടെ വൈദ്യുതി മുടങ്ങാത്ത സംവിധാനം ഉറപ്പാക്കാനായി. മരച്ചില്ലകള്‍ വീണോ മറ്റോ ഒരു ലൈനില്‍ തടസമുണ്ടായാലും മറ്റ് ലൈനുകളുപയോഗിച്ച് വൈദ്യുതി വിതരണം ഉടന്‍ പുനസ്ഥാപിക്കാനാകും.
നേരത്തെ രണ്ട് 11 കെവി ഫീഡറുകളാണ് സന്നിധാനത്തെ വൈദ്യുതി വിതരണത്തിന് ഉപയോഗിച്ചിരുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള എല്ലാ ലൈനുകളും പ്രത്യേക ഇന്‍സുലേഷനും ബലവുമുള്ള എബി കേബിളുകള്‍(ഏരിയല്‍ ബഞ്ച്ഡ് കേബിള്‍) ഉപയോഗിച്ച് പുനസ്ഥാപിക്കുകയും ചെയ്തു.
ഈ കേബിളുകളില്‍ സ്പര്‍ശിച്ചാല്‍ വന്യജീവികള്‍ക്ക് അപകടമുണ്ടാകില്ല. കുരങ്ങുകളും മറ്റും ഈ ലൈനുകളിലൂടെ അപകടമില്ലാതെ നടക്കാറുണ്ട്. വൈദ്യുത ലൈനുകളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇനി മരച്ചില്ലകള്‍ അധികം വെട്ടേണ്ടിയും വരില്ല. വൈദ്യുതി ബോര്‍ഡ് നല്കിയ നിര്‍ദേശം പരിഗണിച്ച് മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായാണ് ഇന്‍സുലേഷനുള്ള കേബിള്‍ സ്ഥാപിച്ചത്.
ഒക്ടോബര്‍ 15നു മുന്‍പ് വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന നവീകരണ പ്രക്രിയകളെല്ലാം പൂര്‍ത്തിയായിരുന്നുവെന്ന് കെഎസ്ഇബി സ്പെഷ്യല്‍ ഓഫീസര്‍ ആര്. ബിജുരാജ് പറഞ്ഞു. സന്നിധാനത്തേക്കുള്ള പാതകളില്‍ മരത്തില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളെല്ലാം പൂര്‍ണമായും പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചു.
വൈദ്യുത ഉപഭോഗത്തിന്റെ വിവരം അറിയുന്നതിന് 20 പോസ്റ്റുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ മീറ്ററുകളും സ്ഥാപിച്ചു. വഴിവിളക്കുകള്‍ക്കായി മാത്രം 45 കണക്ഷനുകള്‍ നല്കി. വഴിയോരത്തെ ട്രാന്‍സ്ഫോര്‍മറുകളെല്ലാം സുരക്ഷ വേലിക്കകത്താക്കി. ഇതില്‍ ആറ് ഭാഷകളില്‍ അപായ മുറിയിപ്പ് രേഖപ്പെടുത്തി.
ശരംകുത്തിയില്‍ ഈ വര്‍ഷം സ്ഥാപിച്ച 100 കെവിഎ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് സന്നിധാനത്തെ കുടിവെള്ള പ്ലാന്റുകള്‍ക്കാവശ്യമായ അധിക വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും. ഹില്‍ടോപ്പിലെ 66 കെവി സബ്സ്റ്റേഷനില്‍ നിന്നാണ് സന്നിധാനത്തും പമ്പയിലും പരിസരത്തും വൈദ്യുതി വിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: