മുളങ്കുന്നത്തുകാവ്: മുഖ്യമന്ത്രിയുടെ നാട്ടുകാരനായ ദളിത് മെഡിക്കല്‍ വിദ്യാര്‍ത്ഥി അധികൃതരുടെ പീഡനം മൂലം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പിണറായി മാമ്പ്രം എകെ നിവാസില്‍ മുരളിയുടെ മകന് അമര്‍നാഥ് (23) ആണ് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. മുരളി സിപിഐ കണ്ണൂര്‍ മുന്‍ ജില്ലാസെക്രട്ടറിയാണ്. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അമര്‍നാഥ്. മെഡിക്കല്‍കോളേജ് അധികൃതരും സംസ്ഥാന ഭരണകൂടവും കാണിച്ച കടുത്ത വിവേചനമാണ് അമര്‍നാഥിനെ മാനസിക സംഘര്‍ഷത്തിലേക്കും മരണത്തിലേക്കും നയിച്ചത്. ഇക്കാര്യം അമര്‍നാഥ് സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. അമര്‍നാഥിന്റെ പിതാവ് മുരളി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും അമ്മ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളുമാണ്. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ എഴുതിയെങ്കിലും പീഡിയാട്രിക് വിഭാഗത്തില്‍ അമര്‍നാഥ് പരാജയപ്പെട്ടിരുന്നു. തന്നെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് അമര്‍നാഥ് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച വീണ്ടും അഡീഷണല്‍ പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയെങ്കിലും തന്നെ വീണ്ടും തോല്‍പ്പിക്കുമെന്ന് അമര്‍നാഥ് സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു അമര്‍നാഥ്. ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. അഡീഷണല്‍ പരീക്ഷയുടെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അമര്‍നാഥിന്റെ മരണം. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമാകേണ്ട ദളിത് വിദ്യാര്‍ത്ഥിയുടെ മരണം വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് സഹപാഠികളും നാട്ടുകാരും.
അമര്‍നാഥ് മരിച്ച വിവരമറിഞ്ഞ് വിദ്യാര്‍ത്ഥികളും നാട്ടുകാരും മെഡിക്കല്‍കോളേജിന് മുന്നില്‍ തടിച്ചുകൂടിയത് നേരിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. സിറ്റിപോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അമര്‍നാഥിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: