നിലമ്പൂര്‍: ജില്ല കടുത്ത വരള്‍ച്ചയിലേക്ക് പോകുമ്പോഴും വിരലിലെണ്ണാവുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനാവാതെ അധികൃതര്‍. നിലമ്പൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തണ്ണീര്‍തടം നികത്തി സ്വകാര്യവ്യക്തി കെട്ടിടം നിര്‍മ്മിക്കുകയാണ്. നഗ്നമായ നിയമലംഘനം നടന്നിട്ടും അത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മിനി ബൈപാസിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തി തണ്ണീര്‍തടത്തില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് കോടതി അനുകൂലവിധി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവശേഷിക്കുന്ന തണ്ണീര്‍ത്തടവും നികത്തി കെട്ടിടം പണിയുന്നത്.
നിലമ്പൂര്‍ വില്ലേജ് പരിധിയില്‍പ്പെട്ട ഈ സ്ഥലം വില്ലേജ് രേഖയില്‍ നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തി കെട്ടിട നിര്‍മാണം നടത്തുന്ന വിവരം നിലമ്പൂര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ അറിയിച്ചപ്പോള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് മറുപടി.
നഗരസഭ സെക്രട്ടറിയും കൈമലര്‍ത്തുകയാണ്. മുനിസിപ്പല്‍ എന്ഞ്ചിനീയര് രണ്ടുവര്‍ഷം മുമ്പ് സ്ഥലമുടമക്ക് കോടതിയില്‍ നിന്നും ലഭിച്ച അനുകൂല വിധിയുടെ മറവിലാണ് നിര്‍മാണം നടത്തുന്നതെന്ന മറുപടിയാണ് നല്‍കുന്നത്. രേഖകള്‍ ഹാജരാക്കാനും കോടതി വിധിയുടെ പകര്‍പ്പ് നല്‍കാനും ഉദ്യോഗസ്ഥര്‍ തയാറാകുന്നുമില്ല. നിലമ്പൂരിന്റെ പ്രധാന തണ്ണീര്‍ തടമായിരുന്ന ഈ മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബസ്സ്റ്റാഡ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളാണ് പണിതുയര്‍ത്തിയത്. അവശേഷിക്കുന്ന തണ്ണീര്‍തടവും നഷ്ടമാകുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് റവന്യു, കൃഷി, നഗരസഭ അധികൃതര്‍.
ഇക്കോ ടൂറിസത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരും പ്രകൃതിയെ അടുത്തറിയാന്‍ കാടുകയറുന്നവരും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ രംഗത്ത് വരാത്തത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: