കാസര്‍കോട്: ഡിസംബര്‍ ഏഴിലെ സായുധസേനാ പതാക ദിനാചരണം വിജയിപ്പിക്കാന്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധസേന പതാകദിനിധി സമിതിയുടെയും യോഗം തീരുമാനിച്ചു. എ ഡി എമ്മി ന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന് അധ്യക്ഷത വഹിച്ചു. സായുധസേന പതാകദിന നിധിയില്‍ കുടിശ്ശിക അടയ്ക്കാനുളള സ്ഥാപനങ്ങളും വിദ്യാലയങ്ങളും 30നകം ഒടുക്കണമെന്ന് യോഗം തീരുമാനിച്ചു. ഡിസംബര്‍ ഏഴിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പ്രധാന അധ്യാപകന്മാരുടെ നേതൃത്വത്തില്‍ സ്കൂള്‍ അസംബ്ലികള്‍ വിളിച്ചു ചേര്‍ക്കുന്നതിനും ഒരു വിമുക്തഭടന്റെ സാന്നിധ്യത്തില്‍ സായുധസേന പതാകദിന സന്ദേശം നല്‍കുന്നതിനും തീരുമാനമായി. കാര്‍ ഫഌഗുകളുടെയും ടോക്കണ്‍ ഫഌഗുകളുടെയും വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക വിമുക്തഭടന്മാര്, വിധവകള്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് നല്‍കാനാണ് വിനിയോഗിക്കുന്നത്. പതാകനിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്ന വകുപ്പുകള്‍, സ്ഥാപനങ്ങള്‍, എന്‍ സി സി ബറ്റാലിയനുകള്‍ എന്നിവയ്ക്ക് മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി നല്‍കും. ഡിസംബര്‍ ഏഴിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സായുധസേനപതാകനിധി കമ്മിറ്റി പ്രസിഡണ്ടുകൂടിയായ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു എന്‍ സി സി കേഡറ്റുകളില്‍ നിന്ന് ആദ്യ പതാക സ്വീകരിക്കും.
യോഗത്തില്‍ ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ബി രാമചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. .ജനസംഖ്യ കുറഞ്ഞ ജില്ലകളില്‍ കൂടുതല്‍ തുക സ്വരൂപിച്ചതിന് കാസര്‍കോട് ജില്ല മുഖ്യമന്ത്രിയുടെ സമാശ്വാസപുരസ്കാരം നേടിയതായി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ തുക പതാകനിധിയില് സമാഹരിച്ചത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയവും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ടി ഐ എച്ച് എസ് എസ് നായന്മാര്മൂലയുമാണ്. എന്‍ സി സി സീനിയര്‍ വിംഗില്‍ കാസര്‍കോട് ഗവ. കോളേജും ജൂനിയര്‍ വിംഗില്‍ ചായ്യോത്ത് എച്ച് എസ് എസുമാണ് കൂടുതല്‍ തുക സമാഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: