തിരുവല്ല:നിലവിലെ നിര്‍മ്മാണ നിയമം ലംഘിച്ച് ശ്മശാന ഭൂമിയില്‍ നടക്കുന്ന കല്ലറ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമാകുന്നു. നിര്‍മാണം നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ തിരുവല്ല ആര്‍ഡിഒയ്ക്ക് പരാതി നല്കി. പെരിങ്ങര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ എലിമുളളില്‍ കോളനിക്ക് സമീപം നടക്കുന്ന കല്ലറ നിര്‍മാണമാണ് വിവാദമാകുന്നത്. ചാത്തങ്കരി വെട്ടിയക്കോണം സെന്റ് മാത്യൂസ് പളളിയുടെ ഉടമസ്ഥതയില്‍ പുതുക്കുളങ്ങര പടി- കൊട്ടാണിപ്പറ റോഡരികിലുളള ശ്മശാന ഭൂമിയിലാണ് കല്ലറ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പതിനഞ്ച് അടിയോളം താഴ്ച്ചയില്‍ 25 മീറ്ററോളം വലുപ്പത്തിലുളള കൂഴി എടുത്തതോടെയാണ് പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. കല്ലറ നിര്‍മിക്കുന്നതിന്റെ ഇരുപത് മീറ്റര്‍ ദൂരപരിധിയില്‍ മാത്രം നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പരിസരത്തെ കിണറുകള്‍ മലിനമാകുമെന്നത് അടക്കമുളള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കല്ലറയുടെ നിര്‍മാണം കാരണമാകുമെന്നതാണ് പ്രദേശവാസികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ചുറ്റുമതില്‍ പോലും കെട്ടിത്തിരിക്കാതെയും അധികൃതരുടെ അനുമതി വാങ്ങാതെയും നടത്തുന്ന നിര്‍മാണം തടയണം എന്നും പരാതിയില്‍ പറയുന്നു. കല്ലറ നിര്‍മാണത്തിനായി കൂഴിയില്‍ നിന്നും നീക്കം ചെയ്ത മണ്ണിനൊപ്പം മുമ്പ് ഇവിടെ സംസ്ക്കരിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം സമീപത്ത് തന്നെ കൂട്ടിയിട്ട നിലയിലാണ്. ഇതില്‍ നിന്നും കടുത്ത ദുര്‍ഗന്ധം ഉയരുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുഒത്തിയ ശേഷം ഇന്ന് ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍ വി.ആര് ശ്രീലത അറിയിച്ചു. കല്ലറ നിര്‍മ്മാണത്തിന് പദ്ധതി ഇട്ടപ്പോള്‍ തന്നെ വിഷയം അധികൃതരുടെ ശൃദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.പരാതി ആര്‍ഡിഒയുടെ പരിഗണനയില്‍ ഇരിക്കെ അനുകൂല മായ തീരുമാനം ഉണ്ടായില്ലങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രദേശ വാസികള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: