പെരിന്തല്‍മണ്ണ: നിലനില്‍പ്പ് തന്നെ ഭീഷണിയിലായ വള്ളുവനാട് വികസന അതോറിറ്റിയിലെ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രവര്‍ത്തനം മുരടിച്ച അതോറിറ്റിയില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടിയിട്ടില്ല.
പഴയ വള്ളുവനാട് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം, ഏലംകുളം, പുലാമന്തോള്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍, താഴേക്കോട്, മേലാറ്റൂര്‍ എന്നീ പഞ്ചായത്തുകള്‍ തുടങ്ങിയവയുടെ സമഗ്രവികസനത്തിന് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തതാണ് വള്ളുവനാട് ഇന്ഫ്രാസ്ട്രെക്ച്ചര് വികസന അതോറിറ്റി. സര്‍ക്കാര്‍ മാറിയതോടെ ഇതിന്റെ നിലനില്‍പ്പ് അവതാളത്തിലായി.
വള്ളുവനാടടക്കം നാല് അതോറിറ്റികള്‍ വേണ്ടെന്ന് വെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇതേറ്റെടുക്കാമെന്ന നിബന്ധനയോടെയാണ് തീരുമാനം. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വള്ളുവനാട് വികസന അതോറിറ്റി നഗരസഭ ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ മാറിയതോടെ അതോറിറ്റിയുടെ ചെയര്മാന് സ്ഥാനം മുന്‍ മന്ത്രി നാലകത്ത് സൂപ്പി രാജിവെച്ചിരുന്നു. 11 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ നാലുപേര്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിലനില്‍പ്പും ആശങ്കയിലാണ്. കഴിഞ്ഞ നാലു മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. അതോറിറ്റി എത്രകാലം തുടരുമെന്നോ ജീവനക്കാര്‍ക്ക് എന്ന് ശമ്പളം ലഭിക്കുമെന്നോ അറിയില്ല. മുന്‍ മന്ത്രി കൂടിയായ നിലവിലെ എംഎല്‍എ മഞ്ഞളാംകുഴി അലി പ്രത്യേക താല്പര്യമെടുത്താണ് വള്ളുവനാട് വികസന അതോറിറ്റി തുടങ്ങിയത്. ഇത് രാഷ്ടീയ ലാഭത്തിനാണെന്ന് തുടക്കത്തില്‍ തന്നെ ഇടതുകക്ഷികള്‍ ആരോപിച്ചിരുന്നു. അഞ്ച് കോടി രൂപയാണ് അതോറിറ്റിയുടെ പ്രവര്‍ത്തന മൂലധനമായി നീക്കി വെച്ചിരുന്നത്. എന്നാല്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷന് വരെ നാലുവരിപ്പാതയുടെ ഡിവൈഡറില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കലിലും മാനത്തുമംഗലം ബൈപ്പാസില്‍ അഞ്ചുമണിക്കാറ്റ് പദ്ധതിയില്‍ മരങ്ങള്‍ വെച്ചുപിടിപ്പിലും മാത്രമാണ് അതോറിറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍. ഇതു തന്നെ വേണ്ട പരിപാലനമില്ലാതെ നശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: