തൃശൂര്‍: കോര്പ്പറേഷന് സെക്രട്ടറി ആര്.ലാലുവിനെ സസ്പെന്‍ഡ് ചെയ്തു. വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഭൂമി വില്‍പ്പനയുള്‍പ്പെടെ വിവിധ പരാതികളിലായി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അന്ന് ജി.സി.സി.ഡി.എ സെക്രട്ടറിയായിരുന്ന ലാലുവിനെതിരെ കേസെടുത്തിരുന്നു. കുറ്റക്കാരനെന്ന് കണ്ടത്തെി വിജിലന്‍സ് നല്കിയ ശുപാര്‍ശ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശഭരണവകുപ്പിന്റെ സസ്പെന്‍ഡ് ചെയ്തുള്ള നടപടി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2013 മുതല്‍ 2016 വരെയായിരുന്നു ലാലു ജി.സി.ഡി.എയുടെ സെക്രട്ടറിയായിരുന്നത്. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് ഇപ്പോഴത്തെ ഇടത് സര്‍ക്കാര്‍ ലാലുവിനെ കോഴിക്കോട് റീജ്യണല്‍ ജോ.ഡയറക്ടറാക്കി സ്ഥലം മാറ്റിയിരുന്നു. ഇതിനിടയിലാണ് വകുപ്പ് മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് കാണിച്ച് നല്കിയ പരാതിയില്‍, സെക്രട്ടറിയായിരുന്ന കെ.എം.ബഷീറിനെ സസ്പെന്‍ഡ് ചെയ്തത്. ബഷീറിന് പകരമായി കോര്പ്പറേഷന് ഇടതുഭരണസമിതി ആവശ്യപ്പെട്ടായിരുന്നു ലാലുവിന്റെ സെക്രട്ടറിയായുള്ള നിയമനം. സസ്പെന്ഷന് റദ്ദാക്കിയെങ്കിലും ബഷീറിന് പുനര്‍നിയമനം നല്‍കിയിട്ടില്ല. ഈ മാസം 30ന് ബഷീര്‍ സര്‍വീസില്‍ നിന്ന് വിരമിക്കും. ഇതിനിടെയാണ് തങ്ങളുടെ ആവശ്യപ്രകാരം നിയമനം നടത്തിയ സെക്രട്ടറിയെ അഴിമതിക്കേസില്‍ സസ്പെന്‍ഡ് ചെയ്യുന്നത്. സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തുവെന്ന വിവരം ഫോണിലൂടെ അറിഞ്ഞുവെന്നും, എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവൊന്നും കോര്പ്പറേഷന് ലഭിച്ചിട്ടില്ലെന്നും മേയര്‍ അജിത ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: