കാസര്‍കോട്: ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ദുരിതബാധിതരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭമാരംഭിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി കാസര്‍കോടെത്തുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ബഡ്സ് സ്കൂള്‍ ഉദ്ഘാടന വേളയില്‍ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വാചാലമായെങ്കിലും സെല്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നുമുണ്ടായില്ല. സമരകാലത്തൊക്കെ സജീവമായി പിന്തുണച്ചവരുടെ ഭാഗത്തു നിന്നും പ്രത്യാശയ്ക്ക് വക നല്കുന്ന തീരുമാനങ്ങളൊന്നും ഇല്ലാതെ പോകുന്നതില്‍ നിരാശരായ ദുരിതബാധിതര്‍ ശക്തമായ സമരം ആരംഭിക്കുന്നതിന്റെ തുടക്കമായി ഡിസംബര്‍ 15 ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുക, കടങ്ങള്‍ എഴുതിത്തള്ളുക. ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, വിദഗ്ദ ചികിത്സ നല്‍കുക, അര്‍ഹരായ മുഴുവന്‍ ദുരിത ബാധിതര്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക, പുനരധിവാസത്തിനായി ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളെടുക്കുക, ബഡ്സ് സ്കൂള്‍ അനുവദിക്കുക, ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വ്വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വീണ്ടും സമരം ആരംഭിക്കുന്നത്.
യോഗത്തില്‍ പി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. കെ.കൊട്ടന് അശോക് റൈ.എം, വിമല ഫ്രാന്‍സിസ്, ബാലകൃഷ്ണന് രാവണേശ്വരം, പവിത്രന് തോയമ്മല്‍, പ്രേമചന്ദ്രന് ചോമ്പാല, നസീമ.എം.കെ, ദിനേശന്.ടി.വി, ഗോവിന്ദന് കയ്യൂര്‍, രാഘവന് പിലിക്കോട്, അഖിലകുമാരി.ടി, സി.വി.പ്രേമരാജന്‍, എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണന് സ്വാഗതവും, കെ.വി.നിര്‍മ്മല നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: