തൃശൂര്‍ : മണ്ണുത്തി – അങ്കമാലി ഇടപ്പള്ളി ദേശീയ പാതയില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ’ടോള്‍ പിരിക്കുകയും നേരെത്തെയുള്ള യാത്ര മാര്‍ഗ്ഗങ്ങള്‍ കൊട്ടിയടക്കുകയും ചെയ്തുവെന്ന പരാതിയില്‍ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ മനുഷ്യവകാശകമ്മീഷന്‍ അംഗം കെ. മേഹന്‍കുമാര്‍ ഉത്തരവിട്ടു.
സര്‍വ്വീസ് റോഡുകള്‍, ഡിവൈഡറുകള്‍, കാനകള്‍, തെരുവ് വിളക്കുകള്‍ തുടങ്ങി കരാറില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍. പൂര്‍ത്തിയാക്കാതെയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രകച്ചര്‍ ലിമിറ്റഡ് ചുങ്കം പിരിക്കുന്നതെന്നും ഇത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും കാട്ടി ജോസഫ് ടാജറ്റ്, കെ.ഗോപാലകൃഷ്ണന് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 6 പുതിയ പരാതികളടക്കം 54 കേസുകള്‍ പരിഗണിച്ചു.
16 എണ്ണം തീര്‍പ്പാക്കി. ചികിത്സാ പിഴവ് മൂലം ഭാര്യ മരിച്ചെന്ന് കാണിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍മാര്‍ക്കെതിരെ വിയ്യൂര്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എ.ആര്.മധുകുമാര്‍ നല്കിയ പരാതിയില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, മെഡിക്കല്‍ കോളേജ് ആശൂപത്രി സൂപ്രണ്ട് എന്നിവരില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ മുന്‍ഗണനാ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കൈകൊണ്ട നടപടികളില്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോടും ഭക്ഷ്യ വകുപ്പ് സെക്രട്ടറിയോടും വീണ്ടും വിശദീകരണം തേടാനും മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: