തിരുവല്ല: ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അനധികൃത വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കാനുള്ള അധികാരികളുടെ നീക്കം തുടക്കത്തില്‍ തന്നെ പാളി. ഭരണ പ്രതിപക്ഷ ട്രേഡ് യൂനിയന്‍ നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമായത്.ഇന്നലെ രാവിലെ 11.30 ഓടെ തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം ജംഗ്ഷനില്‍ നിന്നും പൊടിയാടി ജംഗ്ഷന് വരെയുള്ള ഭാഗങ്ങളിലെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തിരുവല്ല ആര്.ഡി.ഒ ജെ.ഷീലാദേവി, തഹസീല്‍ദാര്‍ തുളസീധരന്‍ നായര്‍, പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.വി.സുഭാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂളിനു മുന്നിലായി റോഡിന്റെ ഇരുവശങ്ങളിലും പ്രവര്‍ത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളെ ഒഴിപ്പിക്കാനായിരുന്നു ആദ്യ നീക്കം. തുടക്കത്തില്‍ തന്നെ അധികാരികളെ തടസ്സപ്പെടുത്തി ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയതോടെ കച്ചവട സ്ഥാപനങ്ങള്‍ നീക്കം ചെയ്യുന്ന നടപടി തല്ക്കാലം നിര്‍ത്തിവച്ച് പൊടിയാടി ഭാഗത്തേക്ക് നീങ്ങുകയും റോഡരുകിലും മറ്റും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്ത് മടങ്ങുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസ് സന്നാഹവുമായി എത്തി കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമെന്നാണ് അധികാരികള്‍ നല്കുന്ന വിശദീകരണം. വാഹന ഗതാഗതത്തിനും, കാല്‍നടയാത്രക്കാര്‍ക്കും ദോഷകരമായി നഗരത്തിലും, പ്രധാന റോഡുകളുടെ വശങ്ങളിലും പ്രവര്‍ത്തിക്കുന്ന അനധികൃത വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കണമെന്ന് നിരന്തരമായി താലൂക്ക് വികസന സമിതി യോഗങ്ങളില്‍ വന്ന നിര്‍ദ്ദേശങ്ങളാണ് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്.
ഇതിനു പിന്നില്‍ മിക്ക രാഷ്ട്രീയ കക്ഷികളടെ നേതാക്കള്‍ക്കും ഒരേ ശബ്ദമായിരുന്നുവെങ്കില്‍, അധികാരികള്‍ നടപടിക്ക് തയ്യാറായപ്പോള്‍ സി.പി.എം, കോണ്‍ഗ്രസ് പാര്ട്ടികളൂടെ നേതാക്കള്‍ തന്നെയാണ് നടപടി തടസ്സപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. ഒഴിപ്പിക്കാനായി അധികാരികള്‍ സഹായത്തിനായി കൊണ്ടുവന്ന കരാര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുകയും മറ്റും ചെയ്തത് നോക്കി നില്ക്കാനെ അധികാരികള്ക്കൊപ്പമുണ്ടായിരുന്ന എണ്ണത്തില്‍ കുറവായിരുന്ന പോലീസിന് കഴിഞ്ഞുള്ളു എന്നത് ആക്ഷേപത്തിന്
ഇടയാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: