കാഞ്ഞങ്ങാട്: ശബരിമലയെ സാമ്പത്തിക സ്രോതസ്സായി കാണുന്ന സര്‍ക്കാറിന് മറുപടി കൊടുക്കാന്‍ അയ്യപ്പ ഭക്തന്മാര് ഭണ്ഡാരത്തില് ഒരുരൂപ മാത്രം കാണിക്കയിടാന്‍ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഹിന്ദുഐക്യവേദി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്ന ദിവസങ്ങളില്‍ വര്‍ഷാവര്‍ഷം നടക്കുന്ന സമരങ്ങള്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നതാണ്. ഏതെങ്കിലും തരത്തില്‍ അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ ഹിന്ദു സംഘടനകളെ ഒന്നിച്ച് അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേട് ദുരന്തത്തില്‍ 112 അയ്യപ്പഭക്തന്മാര് മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. ക്ഷേത്രം തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ശബരിമലയില്‍ പോകാന്‍ കാത്തിരിക്കാന്‍ തയ്യാറായ സ്ത്രീകളെ സര്‍ക്കാര്‍ വിളിച്ച് ക്ഷേത്രത്തില്‍ പോകാന്‍ ആവശ്യപ്പെടുന്നത് വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ്. വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം ഗൂഢ നീക്കങ്ങളെയെതിര്ത്തു തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് വാമന ആചാര്യ അധ്യക്ഷത വഹിച്ചു. ശിവഗിരിമഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി വിനോദ് തൈക്കടപ്പുറം, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ.രാജന് മുളിയാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഷിബിന്‍ സ്വാഗതവും താലൂക്ക് ട്രഷറര്‍ ജയകൃഷ്ണന് പൂച്ചക്കാട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: