തൃശൂര്‍: റവന്യൂ ജില്ലാസ്കൂള്‍ ശാസ്ത്രമേള ഇന്ന് മുതല്‍ 17 വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. എല്‍.പി. മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. ശാസ്ത്രമേള ഇന്ന് രാവിലെ 10 മുതല്‍ തൃശൂര്‍ സേക്രട്ട്ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗണിതശാസ്ത്രമേള സെന്റ് കഌയേഴ്സ് എച്ച്.എസ്.എസിലും സാമൂഹികശാസ്ത്രമേള ഹോളിഫാമിലി എച്ച്.എസ്.എസിലും പ്രവൃത്തിപരിചയമേള കാല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസിലും ഐ.ടി. മേള മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലുമായാണ് നടക്കുന്നത്.
ശാസ്ത്രമേളയോടൊപ്പം സംഘടിപ്പിക്കുന്ന വി.എച്ച്.എസ്.ഇ എക്സ്പോ രണ്ട് ദിവസങ്ങളിലായി സി.എം.എസ്.എച്ച്.എസ്.എസ് സ്കൂളില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡി.ഡി.ഇ കെ. സുമതി പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് രാവിലെ 10 ന് മോഡല്‍ ബോയ്സ് എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ അജിത ജയരാജന് മേള ഉദ്ഘാടനം ചെയ്യും. കെ. രാജന് എം.എല്‍.എ അധ്യക്ഷത വഹിക്കും. 17 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിക്കും.
വി.എച്ച്.എസ്.ഇ. അസി. ഡയറക്ടര്‍ ഡോ. ലീന രവിദാസ്, പബഌസിറ്റി കണ്‍വീനര്‍ സി.കെ. ബിന്ദു, കെ.ബി. ശ്രീധരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: