സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പൊക്രാന്‍ പ്രഖ്യാപനത്തിനുശേഷം ലോകം ശ്രദ്ധിച്ച ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കല്‍. 1998 മെയില്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി, ഭാരതം ആണവ പരീക്ഷണം വിജയകരമായി പൊക്രാനില്‍ പരീക്ഷിച്ച കാര്യം പ്രഖ്യാപിച്ചപ്പോള്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നത് ഭാരതത്തിന്റെ അന്തസ്സും അഭിമാനവുമാണ്. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി, 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത് ഭാവി ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കലായി. രഹസ്യത്തിന്റെ കാര്യത്തില്‍ രണ്ട് പ്രഖ്യാപനങ്ങളും ഒപ്പത്തിനൊപ്പം.
പൊക്രാന്‍ ജനങ്ങളെ പ്രത്യക്ഷമായി ബാധിച്ചില്ല. പക്ഷേ നോട്ട് അസാധുവാക്കല്‍ മുഴുവന്‍ ഭാരതീയരേയും നേരിട്ടു ബാധിച്ചു എന്നതാണ് വ്യത്യാസം. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കാനുള്ള ചരിത്രപരമായ തീരുമാനം എടുക്കുമ്പോള്‍ അതിന്റെ വരുംവരായ്കകള്‍ മനസ്സിലാക്കാത്തവരല്ല കേന്ദ്രം ഭരിക്കുന്നത്. ജനങ്ങളുടെ എല്ലാവിധ ദുരന്തങ്ങളും കണ്ടും അനുഭവിച്ചും വളര്‍ന്ന നരേന്ദ്രമോദിക്ക് ഇതൊരു ജനപ്രിയ നടപടി ആയിരിക്കില്ല എന്ന ഉറപ്പുമുണ്ടായിരിക്കും. രാജ്യത്ത് ആകെ 17 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് ഉള്ളത്. ഇതില്‍ 15ലക്ഷം കോടിയും 500, 1000 നോട്ടുകളാണ്. ഇത്രയും നോട്ടുകള്‍ പിന്‍വലിച്ച് പകരം നല്‍കല്‍ നിസ്സാരകാര്യമല്ല. മുന്നൊരുക്കങ്ങള്‍ രഹസ്യമായി നടത്തേണ്ടിയിരുന്നതിനാല്‍ പ്രത്യേകിച്ചും. എന്നിട്ടും ഇക്കാര്യത്തില്‍ ഏറെ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിനായി. പിന്‍വലിച്ചതിന്റെ പിറ്റേന്നുമുതല്‍ രാജ്യത്താകമാനം പഴയ നോട്ട് മാറാന്‍ സൗകര്യം ഒരുക്കി. ശരിക്കുള്ള പണമാണെങ്കില്‍ ആരുടെയും നഷ്ടപ്പെടുകയില്ലെന്ന വിശ്വാസം ജനങ്ങളിലെത്തിക്കാനും കഴിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ പങ്കാളികളാകാന്‍ അല്‍പം ക്ഷമ കാണിക്കണമെന്ന അഭ്യര്‍ത്ഥന സാധാരണക്കാരെല്ലാം ഉള്‍ക്കൊള്ളും.
കള്ളപ്പണക്കാരുടെ വക്കാലത്തെടുത്ത് രാഷ്‌ട്രീയം കളിക്കാനായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ശ്രമം. നോട്ടുമാറാന്‍ ക്യൂ നിന്ന് വാര്‍ത്ത സൃഷ്ടിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷനും, ജനങ്ങളില്‍ ഭീതി ജനിപ്പിച്ച് പ്രസ്താവന ഇറക്കിയ കേരള ധനമന്ത്രിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ എന്നു തെളിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നയുടന്‍ എതിര്‍പ്രസ്താവന ഇറക്കിയത് ധനമന്ത്രി തോമസ് ഐസക്കാണ്. പാവപ്പെട്ടവനെ ബുദ്ധിമുട്ടിക്കും എന്നു പറഞ്ഞായിരുന്നു ഇത്. പക്ഷേ കള്ളപ്പണക്കാരന്റെ പണമെല്ലാം പോകുമല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നവരാണ് ഇന്നാട്ടിലെ സാധാരണക്കാരെല്ലാം എന്ന യാഥാര്‍ത്ഥ്യം മന്ത്രി മറന്നു. ഇത് തിരിച്ചറിഞ്ഞപ്പോള്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢപദ്ധതിയാണ് നോട്ട് അസാധുവാക്കല്‍ എന്നായി. തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.
കള്ളപ്പണക്കാരെ മുഴുവന്‍ പിടികൂടുമ്പോള്‍ സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പതിനായിരങ്ങളും അതില്‍ കാണും എന്നതില്‍ തര്‍ക്കമില്ല. അതിനായി സഹകരണ ബാങ്കുകളില്‍ ചിലപ്പോള്‍ പരിശോധന നടത്തേണ്ടിവരും. ഇതിലെന്താണ് തെറ്റ്. കുഴപ്പമൊന്നും ഇല്ലെങ്കില്‍ പരിശോധനയെ എന്തിനു പേടിക്കണം. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണെങ്കിലും പരിശോധിക്കാം എന്നു പറയുന്നതായിരുന്നില്ലേ സുതാര്യത. പണം മാറിക്കിട്ടാനുള്ള കാലതാമസത്തെക്കുറിച്ചാണിപ്പോള്‍ പരാതി. എല്ലാ ബാങ്കുകളിലും ചെന്ന് നരേന്ദ്രമോദിയോ അരുണ്‍ ജയ്റ്റ്‌ലിയോ അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് മേധാവികളോ പണം മാറി നല്‍കില്ല. ബാങ്ക് ഉദ്യോഗസ്ഥന്മാരാണ് അത് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്മാരില്‍ ഭൂരിഭാഗവും ഇടതന്മാരാണ്. അതുകൊണ്ടുതന്നെ മോദി വിരുദ്ധരും. കേന്ദ്രത്തിന്റെ പദ്ധതി എങ്ങനെ അട്ടിമറിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണിവരിലധികവും.
ജന്‍ധന്‍ യോജനയും മുദ്രാവായ്പാ പദ്ധതിയും കേരളത്തില്‍ അട്ടിമറിക്കപ്പെട്ടതെങ്ങനെ എന്നെല്ലാവര്‍ക്കും അറിയാം. അവരാണിപ്പോള്‍ തോമസ് ഐസക്കിന്റെ വാദം പാഴാകാതിരിക്കാന്‍ പണിയെടുക്കുന്നത്. നോട്ട് മാറിയെടുക്കാന്‍ എത്തുന്നവരുടെ മേല്‍ കുതിരകയറിയും എടിഎമ്മുകളില്‍ സമയത്ത് പണം നിക്ഷേപിക്കാന്‍ താല്‍പര്യം കാട്ടാതെയും കേന്ദ്രപദ്ധതിയെ പരാജയപ്പെടുത്തുന്നു. ജനങ്ങളെ ബാങ്കിനുമുന്നില്‍ നിര്‍ത്തിയിട്ട് ഉദ്യോഗസ്ഥര്‍ സംഘടനാ സമ്മേളനത്തിനായി മൂന്ന് ദിവസത്തേക്ക് അവധി എടുത്തതിന് എന്ത് ന്യായമാണുള്ളത്. അവര്‍ക്കെല്ലാമെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പേരിലാണിപ്പോള്‍ കണ്ണീര്‍.
രണ്ടും മൂന്നും മണിക്കൂര്‍ ബാങ്കിനുമുന്നില്‍ ക്യൂ നില്‍ക്കുന്നുപോലും. അരലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഒരു താലൂക്കില്‍ അന്‍പതോ അറുപതോ പേരാണ് ഒരു ബാങ്കിന് മുന്നില്‍ ക്യൂനില്‍ക്കുന്നത്. അര മണിക്കൂറോ അങ്ങേയറ്റം ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നാല്‍ നോട്ട് മാറിയെടുക്കാം. പലപ്പോഴും ബിവറേജ് കോര്‍പ്പറേഷനു മുന്നില്‍ ഇതിലും വലിയ ക്യൂ കാണും. പുലിമുരുകന്‍ സിനിമ കാണാന്‍ ഇതിലും കൂടുതല്‍ സമയം ക്യൂ നിന്ന് ടിക്കറ്റ് കിട്ടാത്തവര്‍ ഇതില്‍ കൂടുതലാണ്. അനാവശ്യമായി ബന്ദും ഹര്‍ത്താലും നടത്തി ജനങ്ങളെ ദുരിതത്തിലാക്കുകയും സമയത്ത് പാഠ പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാതെ കുട്ടികളുടെ പഠനം മുടക്കുകയും ചെയ്യുന്ന ചെറിയ സംസ്ഥാനത്തെ നേതാക്കളാണ്, മഹാരാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന നല്ല കാര്യമായ നോട്ടുമാറ്റല്‍ നല്ല മുന്നൊരുക്കങ്ങളോടെ പറയത്തക്ക പ്രശ്‌നങ്ങള്‍ ഇല്ലാതെ ചെയ്യുമ്പോള്‍ വിമര്‍ശിക്കുന്നത്.
ഒന്നരക്കോടി റേഷന്‍ കാര്‍ഡ് മാറ്റി നല്‍കാന്‍ മൂന്നു വര്‍ഷമായിട്ടും കഴിയാത്തവര്‍ ലക്ഷക്കണക്കിന് കോടി നോട്ടുകള്‍ മാറ്റി നല്‍കാന്‍ മൂന്നുദിവസമെടുത്തതിനെ കുറ്റപ്പെടുത്തുന്നു. പാവപ്പെട്ടവന് അവന്റെ കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആവശ്യത്തിന് സമയവും സാവകാശവുമുണ്ട്. ചാക്കുകണക്കിന് നോട്ടുള്ളവര്‍ക്ക് സമയം കിട്ടുകയില്ല. അവര്‍ക്കായി തോമസ് ഐസക്കുമാര്‍ ഒച്ചവച്ചോട്ടെ. പാവപ്പെട്ടവന്റെ അക്കൗണ്ടില്‍ വേണ്ടെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: