പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍, ഇലവുങ്കല്‍, ളാഹ, പമ്പ എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ നേരിട്ട് വിലയിരുത്തി.
ളാഹയിലെ കുടുംബശ്രീയുടെ പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും ഇലവുങ്കലിലെ സേഫ്സോണ്‍ പ്രദേശവുമാണ് ആദ്യം സന്ദര്‍ശിച്ചത്. നിലയ്ക്കലിലെ പാര്‍ക്കിംഗ് സ്ഥലത്തെ സൗകര്യങ്ങള്‍ നേരില്‍ കണ്ടു. ഇവിടെ കാടുവെട്ടിത്തെളിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കിയോസ്കുകളുടെ പണി പുരോഗമിക്കുന്നു. പമ്പയിലെ ആര്.ഒ പ്ലാന്റിന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പണികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
ശുചിത്വസേനയുടെ പ്രവര്‍ത്തനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പങ്കെടുക്കും.
വാട്ടര്‍ കിയോസ്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിലയിരുത്തും. പമ്പയിലെത്തിയ ജില്ലാ കളക്ടര്‍ക്കൊപ്പം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: