ന്യൂദല്‍ഹി: രാജ്യത്തെ 1,30,000 ബാങ്ക് ശാഖകളിലൂടെ 2 ദിവസത്തിലെത്തിയത് 2 ലക്ഷം കോടിയോളം രൂപ. ബാങ്കിംഗ് മേഖലയിലെ 25 % കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്കുകള്‍ വഴി മാത്രം 47,868 കോടി രൂപ അക്കൗണ്ടുകളിലെത്തിയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
2.28 കോടി ഇടപാടുകളാണ് രണ്ടു ദിവസം കൊണ്ട് ബാങ്കുകളില്‍ നടന്നത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ എടിഎം സേവനം സാധാരണ നിലയിലാകുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക്, ധനമന്ത്രാലയ, റിസര്‍വ് ബാങ്ക് ഉന്നതോദ്യോഗസ്ഥരുടെ യോഗശേഷം സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
ഏറെ രഹസ്യമായ നീക്കമായതിനാല്‍ എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുവരികയാണ്. 2.2 ലക്ഷം എടിഎമ്മുകളാണ് രാജ്യത്താകെ.
ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതലായി ചെയ്യാന്‍ ധനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മൊത്ത വില്‍പ്പനക്കാര്‍ കള്ളപ്പണത്തിലൂടെയേ വ്യാപാരം ചെയ്യൂ എന്ന ശീലം ഉപേക്ഷിക്കാതെ മാര്‍ഗ്ഗമില്ലെന്ന് മനസ്സിലാക്കണം.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍തുകകള്‍ എത്തിയതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. കാലിയായ കിടന്ന അക്കൗണ്ടുകളിലെല്ലാം 49,000 രൂപ വരെ നിക്ഷേപം നടന്നു. നിയമം ലംഘിക്കുന്ന നടപടികള്‍ക്ക് ആരെയും അനുവദിക്കില്ല, മന്ത്രി പറഞ്ഞു.
14 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ കൈവശം. ഈ വന്‍ തുകയുടെ നോട്ടുകള്‍ മാറ്റാന്‍ ഏറെ സമയമെടുക്കും. ഇതില്‍ 86 % റദ്ദാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളാണ്. ഇതാണ് 100 രൂപയ്ക്ക് ക്ഷാമമുണ്ടാക്കിയത്. കഴിഞ്ഞമാസം ബാങ്ക് നിക്ഷേപം വര്‍ദ്ധിച്ചത് പേ കമ്മീഷന് തുക ലഭിച്ചതിനാലാണെന്നും മുന്‍കൂട്ടി ചിലര്‍ക്ക് വിവരം ലഭിച്ചെന്ന ദല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം അപഹാസ്യമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: