തൃശൂര്‍: ഉത്സവ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആന ഏക്കം വര്‍ദ്ധിപ്പിക്കില്ല. എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ മിതമായ നിരക്കില്‍ ആനകളെ നേരിട്ട് നല്‍കുമെന്നും കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് വ്യക്തമാക്കി.
അനാവശ്യ മത്സരങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതിനും നൂറ്റാണ്ടുകളായി നടന്നുവരുന്ന ആന എഴുന്നള്ളിപ്പുകള്‍ സുരക്ഷിതമായി നടത്തുന്നതിനുമാണിത്. പരമാവധി കഴിഞ്ഞ വര്‍ഷം നല്കിയ ഏക്കസംഖ്യക്ക് തന്നെ ആനകളെ നല്കുവാനും, ആനകളെ എഴുന്നള്ളിപ്പുകള്‍ക്ക് ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആനകളെ എല്ലാ ജില്ലകളിലും സംഘടന തന്നെ നേരിട്ട് നല്കുവാനും കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയോഗം തൃശൂരില്‍ തീരുമാനിച്ചു.
സംസ്ഥാന ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചും, ചര്‍ച്ച ചെയ്തുമാണ് ആന ഉടമസ്ഥ ഫെഡറേഷന് തീരുമാനം കൈക്കൊണ്ടത്. ആനകളെ കൊണ്ടുവരുന്ന ലോറി വാടകയും, ആന തൊഴിലാളികള്‍ക്ക് നല്കുന്ന ഉത്സവബത്തയും, ആന ചമയത്തിന്റെ വാടകയും വര്‍ദ്ധിപ്പിക്കില്ലെന്നും എല്ലാ ഉത്സവ ആഘോഷ സ്ഥലങ്ങളിലും 2012ലെ കേരള നാട്ടാന പരിപാലന നിയമം അനുസരിച്ച് സര്‍ക്കാരും, ജില്ലാ ഭരണകൂടവും വനം, പോലീസ് വകുപ്പും, കമ്മിറ്റികളും ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങളുമായി പരമാവധി സഹകരിക്കണമെന്നും ആന ഉടമസ്ഥ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറപറ്റി സ്വകാര്യ എന്‍ജിഒ സംഘടനകള്‍ ഉത്സവപറമ്പുകളില്‍ അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്നും, ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും ആന ഉടമസ്ഥ ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ അറിയിച്ചു.
ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതലയോഗത്തിന്റെ തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.മധു അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഗണേഷ്കുമാര് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഡോ. ടി.എ.സുന്ദര്മേനോന്, മംഗലാംകുന്ന് പരമേശ്വരന്, പി.എ.ജയപാല്‍, കെ.മഹേഷ്, ബാലചന്ദ്രമേനോന്, പി.മധു, പോത്തന് വര്‍ഗീസ്, വി.എം.അന്‍സാരി, അരുണ്‍ മയ്യനാട്, സി.എല്‍.ഡേവീസ്, ഊട്ടോളി കൃഷ്ണന്‍കുട്ടി, അഡ്വ. രാജേഷ് പല്ലാട്ട്, സി.എന്‍.വത്സന്, രജിത്ത് എസ്.നായര്‍, വിജയന് ഉണ്ണിത്താന്, അഡ്വ. സതീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: