കൊച്ചി: ജില്ലയിലെ ബാങ്കുകളിലെ നീണ്ടനിര ഇന്നലെയും തുടര്‍ന്നു. വിവിധ ബാങ്കുകള്‍ എടിഎമ്മുകളില്‍ രാവിലെതന്നെ പണം നിറച്ചെങ്കിലും ഉച്ചയോടെ അവയെല്ലാം കാലിയായി. എന്നാല്‍ ആദ്യദിവസത്തെ അപേക്ഷിച്ച് ഇന്നലെ ബാങ്കുകളില്‍ തിരക്ക് കുറവായിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതും, ബാങ്കിടപാടുകള്‍ സുഗമമായതുമാണ് തിരക്ക് കുറയാന്‍ കാരണമായതെന്നും ബാങ്ക് അധികാരികള്‍ പറഞ്ഞു. പഴയ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീയ്യതി നീട്ടിയതും ജനങ്ങള്‍ക്ക് ആശ്വാസമായി. എറണാകുളം നഗരത്തെ അപേക്ഷിച്ച് ഉള്‍പ്രദേശങ്ങളിലായിരുന്നു തിരക്ക് കൂടുതല്‍.
പെരുമ്പാവൂര്‍: 1000, 500 രൂപ നോട്ടുകള്‍ മാറി വാങ്ങുവാന്‍ ബാങ്കിലെത്തുവര്ക്ക് സഹായഹസ്തവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. വളയന്‍ചിറങ്ങര എസ്ബിടി ശാഖയില്‍ എത്തിയവര്‍ക്ക് കൈതാങ്ങായത് ഇവിടത്തെ ബിജെപി ടൗണ്‍ കമ്മറ്റി ഭാരവഹികളാണ്.
മൂവാറ്റുപുഴ: രണ്ട്ദിവസത്തെ ആശങ്കയ്ക്കൊടുവില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് തുടക്കംകുറിച്ചു. നഗരത്തിലെ മുഴുവന്‍ ബാങ്കുകളും പോസ്റ്റോഫീസുകളും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കിയതോടെയാണ് എല്ലാവരുടേയും ആശങ്ക അകന്നത്. കയ്യില്‍ മാറാതെയിരുന്ന നോട്ടുകള്‍ രാവിലെതന്നെ ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിലെത്തി മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ആശ്വാസകരമായി. നോട്ടുകള്‍ മാറുന്നതിനായി എല്ലാ സ്ഥാപനങ്ങളിലും വിവിധ സൗകര്യങ്ങളൊരുക്കിയിരുന്നു.
പ്രത്യേക ഫോം പൂരിപ്പിച്ച് നോട്ടുകളുടെ നമ്പറും ഐഡി പ്രൂഫും നല്കുന്നവര്ക്കെല്ലാം പകരം തുക നല്കി. മൂവാറ്റുപുഴ എസ്ബിറ്റിയില്‍ നോട്ടുകള്‍ക്ക് പകരം പത്ത് രൂപയടങ്ങിയ നാണയങ്ങളാണ് വിതരണം ചെയ്തത്. കിലോകണക്കിന് തൂക്കംവരുന്ന ഇവ ലഭിച്ചതോടെ പല ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ട് നേരിട്ടതായി പറയുന്നു. നൂറിന്റേയും മറ്റ് നോട്ടുകളുടെ കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാവിലെ 10 മണിക്ക് ആരംഭിച്ച ഇടപാടുകാരുടെ നീണ്ടനിര വൈകിട്ട്വരെ തുടര്‍ന്നു. നോട്ട് മാറുവാനെത്തിയവരെല്ലാം തങ്ങളുടെ ആശങ്കയകറ്റാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മടങ്ങിയത്.
വരുംദിവസങ്ങളിലും ഇടപാടുകാരുടെ തിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യതയെങ്കിലും ഒരാഴ്ചയോടെ എല്ലാവരുടേയും ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
പിറവം: ബിജെപിയുടേയും മഹിളാമോര്‍ച്ചയുടേയും നേതൃത്വത്തിലാണ് പിറവം യൂണിയന് ബാങ്കിലും ഫെഡറല്‍ ബാങ്കിലും ഊരമന യൂണിയന് ബാങ്കിലും ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്. പിറവം ബിജെപി നഗരസഭ പ്രസിഡന്റ് ശശിമാധവന്‍, ജോര്‍ജ്ജ് പൊന്നാംകുടി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: