എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ കോയിക്കക്കാവ് റോഡിലൂടെയുള്ള കാല്‍നടയാത്ര തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ദുരിതമാകും. ഇരുമ്പൂന്നിക്കര മുതല്‍ കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സ്റ്റേഷന് വരെയുള്ള രണ്ടു കിലോമീറ്ററിലധികം വരുന്ന റോഡാണ് തകര്‍ന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ടാറിംഗ് നടത്തിയ റോഡില്‍ പിന്നീട് അറ്റകുറ്റപണി നടത്താതിരുന്നതാണ് ദുരിതത്തിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.
ടാറിംഗ് തകര്‍ന്നതും, മണ്ണ് മാറി കല്ലുകള്‍ തെളിഞ്ഞു നില്ക്കുന്ന റോഡില്‍ കൂടി വാഹനയാത്ര പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ റോഡില്‍ ക്കൂടി നഗ്ന പാദുക രായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് നടന്നു പോകുന്നത്. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തകര്‍ന്ന സ്ഥലങ്ങളില്‍ മണ്ണ് ഇട്ട് നികത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലന്നും നാട്ടുകാര്‍ പറഞ്ഞു. തീര്ത്ഥാടനമാരംഭിച്ചാല് നാട്ടുകാരായ കച്ചവടക്കാരുടെ നേതൃത്വത്തില്‍ കാനനപാതയിലെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കുകയാണ് ചെയ്യുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്ന ത്രിതല പഞ്ചായത്തും സര്‍ക്കാരും തീര്‍ത്ഥാടകരുടെ ദുരിതം മാത്രം കാണുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. കോയിക്കക്കാവ് വനാതിര്‍ത്തിവരെയുള്ള പരമ്പരാഗത കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും യുവമോര്‍ച്ച ജില്ല സെക്രട്ടറി ഗണേശന് പി.ശാന്തകുമാരി ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരോടും, നാട്ടുകാരോടും കാണിക്കുന്ന അനാസ്ഥയും അവഗണനയും അധികാരികള്‍ തുടര്‍ന്നാല്‍ നിയമ നടപടി അടക്കമുള്ള സമരങ്ങള്‍ക്ക് തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: