കാസര്‍കോട്: കാസര്‍കോട്ടെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി കെ ഉണ്ണിക്കൃഷ്ണ(45)നെതിരെ സുള്ള്യയില്‍ കേസെടുത്ത സംഭവത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ മൂന്ന് അഭിഭാഷകരെ കാസര്‍കോട് പോലീസ് ചോദ്യം ചെയ്യും.
സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോറിക്ഷ ഡ്രൈവറെയും കൈയ്യേറ്റം ചെയ്യുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മജിസ്ട്രേറ്റ് ഉണ്ണിക്കൃഷ്ണനെതിരെ സുള്ള്യ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുള്ള്യ ടൗണില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്. സുള്ള്യ ടൗണിലെത്തിയ ഉണ്ണികൃഷ്ണന് ഓട്ടോറിക്ഷാ ഡ്രൈവറോട് കയര്‍ക്കുകയും വിവരമറിഞ്ഞെത്തിയ പോലീസുകാരനെ അക്രമിക്കുകയും ചെയ്തുവെന്നാണ് സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നത്. വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മജിസ്ട്രേറ്റ് സഹകരിച്ചില്ലെന്നും തുടര്‍ന്ന് ബലം പ്രയോഗിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നുമാണ് സുള്ള്യ പോലീസിന്റെ ഭാഷ്യം.
ഓട്ടോ ഡ്രൈവര്‍ അബൂബക്കറിനെ തടഞ്ഞ് വെച്ച് അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിച്ചതിനും സ്ഥലത്തെത്തിയ സുള്ള്യ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുജിനെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതേ സമയം മജിസ്ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. സുള്ള്യ പോലീസ് മര്‍ദിക്കുകയും പെപ്സിയില്‍ മദ്യം കലര്‍ത്തി കുടിപ്പിക്കുകയും ചെയ്തെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് കാസര്‍കോട് പോലീസിന് നല്കിയ പരാതി സുള്ള്യ പോലീസിന് കൈമാറിയിരുന്നു. മജിസ്ട്രറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കാസര്‍കോട് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് സുള്ള്യയിലേക്ക് പോകും.
സുള്ള്യ പോലീസിന്റെ കൈവശമുണ്ടെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളും കേസിന് ആസ്പദമായ മറ്റ് സംഭവവികാസങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തൃശൂരിലെ വീട്ടുവളപ്പില്‍ ഇന്നലെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: