ചാലക്കുടി: സൈക്കിള്‍ വാങ്ങുന്നതിന് സ്വരൂപിച്ച തുക സഹപാഠിയുടെ ചികിത്സക്കായി നല്കി വ്യാസ വിദ്യാനികേതനിലെ കുരുന്നുകള്‍ മാതൃകയായി. സഹോദരങ്ങളായ ഷൈന്‍ ഷൈജന്‍, ഷാല്വിയ ഷൈജന്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വരൂപിച്ച തുക പ്രിന്‍സിപ്പല്‍ രാജിയെ ഏല്‍പ്പിച്ചത്. സ്കൂളിലെ തന്നെ എല്‍കെജി വിദ്യാര്‍ത്ഥിയായ പ്രണവിന്റെ ചികിത്സക്കായി പണം സ്വരൂപിക്കുന്നത് കാണിച്ച് കുട്ടികള്‍ക്ക് വീട്ടിലേക്ക് കത്ത് കൊടുത്തയച്ചിരുന്നു.
ഇതറിഞ്ഞതിനെത്തുടര്ന്നാണ് സൈക്കിള്‍ വാങ്ങുന്നതിനായി കരുതിയ പണം പ്രണവിന് നല്‍കണമെന്ന് തീരുമാനിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയക്കായി വന്‍തുകയാണ് ആവശ്യം. 22ന് അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനുള്ള പണം കണ്ടെത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാരും ചികിത്സ സഹായ സമിതിയും. സ്കൂളില്‍ നിന്ന് ചികിത്സക്കായി സ്വരൂപിച്ച പണത്തിന്റെ കൂടെ ഇവരുടേയും പണം പ്രണവിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: