തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഗവേഷണസ്ഥാപനമായ സി-ഡാക്കിന്റെ തിരുവനന്തപുരം സെന്ററില്‍ ചട്ടങ്ങള്‍ മറികടന്ന് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു.
അര്‍ഹതയുണ്ടായിട്ടും സ്ഥിരപ്പെടുത്താത്തതിനെ തുടര്‍ന്ന് നിരവധി ജീവനക്കാര്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 2007 ഡിസംബറില്‍ സ്റ്റാഫ് സയന്റിസ്റ്റ് തസ്തികയിലേക്ക് നിയമനം ലഭിച്ച 35 ഉദ്യോഗാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
2009 ല്‍ ജോലിയില്‍ കയറിയ 30 ലധികം പേരെ ചട്ടം ലംഘിച്ച് സീനിയര്സ്റ്റാഫ് സയന്റിസ്റ്റ് തസ്തികയില്‍ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ 2007 ല്‍ പ്രവേശനം നേടി 2012 ല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി പെര്‍ഫോമന്‍സ് ടെസ്റ്റും ഇന്റര്‍വ്യൂവും പാസ്സായവരെ ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ല.
സി-ഡാക്കിന്റെ ബൈലോപ്രകാരം 2007 ലെ ബാച്ച് ടെസ്റ്റും ഇന്റര്‍വ്യൂവും ജയിച്ചാണ് ജോലിയില്‍ പ്രവേശിച്ചത്. ചട്ടപ്രകാരം അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവരുടെ പെര്‍ഫോമന്‍സ് ടെസ്റ്റ് നടത്തി, വിജയിച്ചാല്‍ സ്ഥിരപ്പെടുത്തണം. തോറ്റാല്‍ പുറത്താക്കി പുതിയ ബാച്ചിന് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തണം. 2007 ബാച്ച് യോഗ്യത നേടിയിട്ടും സ്ഥിരപ്പെടുത്തുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടില്ല.
2009 ബാച്ച്, പെര്‍ഫോമന്‍സ് ഇന്റര്‍വ്യൂ ഇല്ലാതെ സീനിയര്‍ സ്റ്റാഫ് സയന്റിസ്റ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടി. അക്കാലത്ത് സി-ഡാക്കിന്റെ പൂനെയിലെ ഹെഡ് ഓഫീസില്‍ ഡയറക്ടര്‍ ജനറലിന്റെ അധികചുമതല വഹിച്ചിരുന്ന തിരുവനന്തപുരം സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ രാജന് പി. ജോസഫ് ആണ് ഇവരെ ചട്ടംലംഘിച്ച് സ്ഥിരപ്പെടുത്തിയത്. ചോദ്യംചെയ്ത സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ആര്.കെ മേനോനെ ഒരാഴ്ചത്തെ നിര്‍ബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്കി സെന്ററില്‍ നിന്ന് മാറ്റി, ട്രൈബ്യൂണലില്‍ വിധിയില്‍ തിരികെ പ്രവേശിപ്പിച്ചു. ഒത്താശ ചെയ്യുന്നത് തിരുവനന്തപുരം സെന്ററിലെ ഇടതുപക്ഷ യൂണിയനുകളാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: