കൊച്ചി: ഗോവയുടെ ആവര്‍ത്തനമായിരുന്നു ഇന്നലെ കൊച്ചിയിലും. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് എഫ്സി ഗോവയെ കീഴടക്കി ഐഎസ്എല്ലിലെ സെമി പ്രതീക്ഷ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പകരക്കാനായിറങ്ങിയ സി.കെ. വിനീത് വിജയ ഗോളിനുടമ.
തുടര്‍ച്ചയായ നാല് എവേ മത്സരങ്ങള്‍ക്കു ശേഷമുള്ള കൊച്ചിയിലെ പ്രകടനം ബ്ലാസ്റ്റേഴ്സ് ആഘോഷമാക്കി. ഒമ്പതു പേരുമായി കളിച്ച എഫ്സി ഗോവയ്ക്കെതിരെ ജയത്തിനായി നന്നായി പൊരുതി ആതിഥേയര്‍. ഒമ്പതാം മിനിറ്റില്‍ റാഫേല്‍ കൊയല്ഹോയിലൂടെ മുന്നിലെത്തിയ ഗോവയെ 48-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബെല്‍ഫോര്‍ട്ട് ഒപ്പമെത്തിച്ചു. പലപ്പോഴും പരുക്കനായി മാറിയ പോരാട്ടത്തില്ഒന്പത് മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡും പുറത്തെടുത്തത്തു റഫറി. ഗോവയുടെ ഗ്രിഗറി അര്‍നോലിനും റിച്ചാര്‍ലിസണുമാണ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്. ജയത്തോടെ 12പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.
ഒമ്പതാം മിനിറ്റില്‍ ഗോവ അപ്രതീക്ഷിതമായി ലീഡ് നേടി. പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് ഗോള്‍. റിച്ചാര്ലിസണ് എടുത്ത കിക്ക് റാഫേല്‍ കൊയല്‍ഹോ മികച്ചൊരു ഹെഡ്ഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടത് ഗ്രഹാം സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെ ബ്ലാസ്റ്റേഴ്സ് വലയില്‍. അനായാസം കൈയിലൊതുക്കാമായിരുന്ന പന്ത് വലയില്‍ കയറിയതിന് ഉത്തരവാദി സ്റ്റാക്ക്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകളും ഓരോ മാറ്റങ്ങള്‍ വരുത്തി. ബ്ലാസ്റ്റേഴ്സ് അസ്റാക്ക് മഹമ്മദിന് പകരം ദിദിയര്‍ കാഡിയോയെയും ഗോവ കൊയല്ഹോക്ക് പകരം ട്രിന്ഡേയ്ഡ് ഗൊണ്കാല്വസിനെയും കളത്തിലെത്തിച്ചു. ആദ്യമിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. പെനാല്‍റ്റിയില്‍ നിന്ന്. ഗ്രിഗറി അര്നോലിന് ബോക്സിനുള്ളില്‍ വച്ച് പന്ത് മനപ്പൂര്‍വ്വം കൈകൊണ്ട് തട്ടിയതിനാണ് ബ്ലാസ്റ്റേഴ്സിന് സ്പോട്ട് കിക്ക് ലഭിച്ചത്. ഇതിന് അര്നോലിന് ചുവപ്പുകാര്‍ഡും ലഭിച്ചു. ഇതോടെ ഗോവ പത്തുപേരായി ചുരുങ്ങി. പെനാല്‍റ്റി കിക്കെടുത്ത ബെല്‍ഫോര്‍ട്ട് ഗോവ ഗോളി കാട്ടിമണിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആവേശത്തിലാറാടി (1-1).
80ാം മുഹമ്മദ് റഫീഖിന് പകരം മലയാളി താരം സി.കെ. വിനീത് കളത്തില്‍. 81-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ചുവപ്പുകാര്‍ഡ്. വിനീതിനെ ഫൗള്‍ ചെയ്തതിനാണ് റിച്ചാര്ലിസണ് രണ്ടാം മഞ്ഞക്കാര്‍ഡും മാച്ചിങ്ങ് ഓര്‍ഡറും. ഇതോടെ ഗോവ ഒമ്പത് പേരായി ചുരുങ്ങി. ഒരു മിനിറ്റ് ശേഷിക്കെ ഗോവ ബോക്സിനകത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ വിനീത് പന്ത് വലയിലെത്തിച്ച് കേരളത്തിന് ജയം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: