പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മന്തുരോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് ആരോഗ്യവകുപ്പ് സര്‍വ്വേ. പാലക്കാട് നഗരസഭയിലും 16 പഞ്ചായത്തുകളിലുമാണ് മന്ത് രോഗം വ്യാപകമായിട്ടുള്ളത്. ജില്ലയിലെ അട്ടപ്പാടിയിലും ,പടിഞ്ഞാറന്‍ ജില്ലകളിലും മൈക്രോഫേലേറിയ ബാധിച്ചവര്‍ കുറവാണ്.
50 വര്‍ഷം മുമ്പ് തന്നെ ജില്ലയില്‍ മന്തുരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ മന്തുരോഗ സാന്ദ്രതയേറിയ (ഹോട്ട് സ്പോട്ട്) പട്ടികയില്‍ 19 പ്രദേശങ്ങള്‍ ഇടം പിടിച്ചതായിസര്വ്വേയില് പറയുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. രോഗകാരിയായ മൈക്രോഫൈലേറിയ വിരയുടെ അളവ് ഒരുശതമാനത്തില്‍ ക്കൂടുതലായ പ്രദേശങ്ങളാണ് പട്ടികയില്ഉള്പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 18 പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ രേഗസാന്ദ്രത കുറഞ്ഞില്ലെന്നു മാത്രമല്ല, മന്തുരോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ പുതിയതായി ഇടം നേടുകയും ചെയ്തു. 9 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ കണ്ണാടിയിലാണ് വിരകളുടെ സാന്നിധ്യം കൂടുതലായി കണ്ടത്. രക്തസാമ്പിളുകളില്‍ 1.6 ശതമാനമായിരുന്നു ഇത്. മരുതറോഡ് (1.3ശതമാനം), പാലക്കാട് നഗരസഭാ പ്രദേശം (1.1) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വിരകളുടെ സാന്നിധ്യം. പുതുശ്ശേരി, പിരായിരി, പുതുപ്പരിയാരം, അകത്തേത്തറ, കൊടുമ്പ്, കൊടുവായൂര്‍, കൊല്ലങ്കോട്, നെന്മാറ, കുനിശ്ശേരി, ആലത്തൂര്‍. മാത്തൂര്‍, കോട്ടായി, കുഴല്‍മന്ദം, തേങ്കുറിശ്ശി, പല്ലശ്ശന മുതലായവയാണ് മറ്റ് പ്രദേശങ്ങള്‍. രണ്ടുതരത്തിലുള്ള മന്തുരോഗമാണ് കണ്ടുവരുന്നത്. കൈകാലുകള്‍ തടിച്ചുവരുന്നതും വൃഷണവീക്കങ്ങളും. ഇതില്‍ കൈകാലുകളില്‍ നീരുവരികയും തടിക്കുകയും ചെയ്യുന്ന തരത്തിലുള്ള മന്തുരോഗം ജില്ലയില്‍ വര്‍ധിച്ചതായാണ് കണ്ടെത്തല്‍. 4,060 സാമ്പിളുകളാണ് രോഗസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ചത്. രാത്രികാലങ്ങളിലാണ് പരിശോധന നടത്തുന്നത്. പകല്‍സമയങ്ങളില്‍ വിരകളുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കാത്തതുമൂലമാണിത്. ഗ്രന്ഥികളില്‍ ക്കഴിയുന്ന വിരകള്‍ രാത്രിസമയത്ത് മാത്രമാണ് രക്തത്തിലേക്കു കടക്കുക. സാമ്പിളുകള്‍ പരിശോധിച്ചതുപ്രകാരം 940 പേര്‍ക്ക് മന്ത് ലക്ഷണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞവര്‍ഷം 899 പേരെ മാത്രമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. വൃഷണവീക്കം കണ്ടെത്തിയത് 442 പേരിലാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കൊതുകു സാന്ദ്രത കൂടിയതാണ് രോഗസാന്ദ്രത കൂടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: