തൃശൂര്‍: കൂട്ടബലാത്സംഗകേസില്‍ പ്രതിയാവുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തയാള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്ക്കാരന്. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് നേതാവും സെക്യൂരിറ്റി ജീവനക്കാരനുമായ എം.സി.ലീലാധരനെതിരെയാണ് വാറണ്ടുള്ളത്. എന്നാല്‍ ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല. 2014ല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ലീലാധരന് ഒന്നാം പ്രതിയാണ്. ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി.
ലീലാധരന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പത്തോളം പേര്‍ക്ക് തന്നെ കൈമാറിയെന്നുമാണ് യുവതിയുടെ പരാതി. ഇതില്‍ ചിലര്‍ ഉന്നത ബിസിനസ്സുകാരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ പിന്നീട് യുവതിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും ലീലാധരന് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ മാത്രമാണ് പരാതിയെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയെന്നും രേഖയുണ്ട്. വനിതാസെല്‍ സിഐ ആയിരുന്ന എലിസബത്താണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ലീലാധരന് ഒന്നാം പ്രതിയാണ്. ഇതുവരെ പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരാവുകയോ ജാമ്യമെടുക്കുകയോ ചെയ്തിട്ടില്ല. മൂക്കിന് താഴെ വിലസുമ്പോഴും ഇയാളെ പിടികൂടാന്‍ പോലീസും തയ്യാറാവുന്നില്ല.
പീഡനക്കേസില്‍ ഉള്‍പ്പെട്ട ലീലാധരനെതിരെ നടപടി വേണമെന്ന് ദേവസ്വം ബോര്‍ഡിനോട് വിവിധ ഭക്തസംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരണസമിതി ലീലാധരനെ സംരക്ഷിക്കുകയായിരുന്നു. സമ്മര്ദ്ദമുയര്ന്നതിനെത്തുടര്ന്ന് ഇയാള്‍ ഒരുമാസം ലീവില്‍ പോയെങ്കിലും ലീവ് കഴിഞ്ഞതോടെ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ലീലാധരനെതിരായ പരാതി മൂന്നുതവണ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്തെങ്കിലും നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് ഉന്നതങ്ങളില്‍ ഇയാള്‍ക്കുള്ള സ്വാധീനമാണ് തെളിയിക്കുന്നത്.
പരാതിക്കാരിയായ യുവതി ഇപ്പോള്‍ വിദേശത്താണ്. ഈ സാഹചര്യം മുതലെടുത്ത് കേസ് ഒതുക്കാനാണ് ശ്രമം. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ പെണ്‍വാണിഭ ശൃംഖലയിലെ കണ്ണിയാണ് ലീലാധരന്. ഇത്തരമൊരാള്‍ ഗുരുവായൂരപ്പന്റെ സോപാനത്തിന് കാവല്‍നില്‍ക്കുന്നത് ഒരുതരത്തിലും നീതീകരിക്കാനാവാത്തതാണെന്ന് വിവിധ ഭക്തസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: