കരുവാരകുണ്ട്: കല്കുണ്ട് ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കള്ള് ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കള്ള് ഷാപ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥിനികളടക്കം നൂറുകണക്കിന് വനിതകള്‍ അണിനിരന്നു. ഇന്നലെ രാവിലെ 10.30ന് അങ്കണവാടി പടിക്കല്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തംഗം ഷീനാ ജിന്‍സ് മാര്‍ച്ചിന് നേതൃത്വം നല്കി. മദ്യ വിപത്തിനെ സൂചിപ്പിക്കുന്ന പ്ലാക്കാര്‍ഡുമായാണ് നളന്ദാ കോളജ് വിദ്യാര്‍ത്ഥിനികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുവാനെത്തിയത്. മാര്‍ച്ച് കള്ളുഷാപ്പ് പരിസരത്തെത്തിയപ്പോള്‍ കരുവാരകുണ്ട് എസ്ഐ. ജ്യോതിന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധയോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ മദ്യഷാപ്പ് പ്രവര്‍ത്തിപ്പിക്കാമെന്ന് ആരും സ്വപ്നം കാണണ്ടെന്നും ലഹരി മുക്ത പഞ്ചായത്താണ് ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ റോഷ്നി സുരേന്ദ്രന് വ്യക്തമാക്കി. മദ്യത്തിന്റെ അമിത ഉപയോഗം വഴി കുടുബബന്ധങ്ങള്‍ ശിഥിലമാകുന്നതോടൊപ്പം സമൂഹത്തില്‍ സമാധാനം കെടുത്തുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ നളന്ദ കോളജ് പ്രിന്‍സിപ്പല്‍ എ.പ്രഭാകരന് ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കി. കൊലപാതകങ്ങളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് ലഹരി ഉപയോഗം വഴിയാണന്നും മദ്യം ഉള്ളില്‍ ചെന്നാല്‍ മനുഷ്യര്‍ മൃഗതുല്യരാകുമെന്നും അദ്ദേഹം പറഞ്ഞു. കരുവാരകുണ്ടിലെ ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് മദ്യലോബിയുടെ പ്രവര്‍ത്തനം ഇവിടെ ശക്തമാക്കുന്നതെന്ന് തുടര്‍ന്നു സംസാരിച്ച പൊതുപ്രവര്ത്തകന് പി.ഉണ്ണിമാന്‍ പറഞ്ഞു. ജനങ്ങളുടെ ശാപം ഏറ്റുവാങ്ങുന്ന തൊഴിലില്‍ നിന്നും മദ്യരാജാക്കന്മാര് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.അലക്സാണ്ടര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീനാ ജിന്‍സ്, വി.ആബിദലി, വി.ഷബീറലി, വി.എച്ച്.സുഹൈല്‍, ഹംസ ഇരിങ്ങാട്ടിരി, വി.എ.ഫായ്സ്, ഇ.ഷംസുധീന്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: