നിലമ്പൂര്‍: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നതായി പരാതി.
കഴിഞ്ഞ ദിവസം ചില സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പഴകിയ ഭക്ഷണ പാനീയങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സ്ഥാപന ഉടമകളോട് അധികൃതര്‍ കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മഞ്ഞപ്പിത്തം, വൈറല്‍ പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹോട്ടലുകളിലെയും കൂള്‍ബാറുകളിലെയും പരിശോധന കര്‍ശനമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയെന്ന് വരുത്താന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണ് വ്യാപക പരാതിയുയര്‍ന്നിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയും പഴകിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്തിയെന്ന പത്രക്കുറിപ്പ് മാത്രമാണ് നല്‍കിയത്.
സ്ഥാപനങ്ങളുടെ പേര് വിവരം അന്വേഷിച്ചപ്പോള്‍ അതു നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ചില കച്ചവടക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഇത്തരത്തില്‍ പരിശോധനകള്‍ പ്രഹസനമാകാന്‍ കാരണം. ഓരോ പരിശോധന കഴിയുമ്പോഴും മോഹിപ്പിക്കുന്ന സംഖ്യയാണ് ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തുന്നതെന്ന ആരോപണവും ശക്തമാണ്. അന്തര്‍ സംസ്ഥാനപാതയായതിനാലും സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായതിനാലും നൂറുക്കണക്കിന് സഞ്ചാരികളാണ് നിലമ്പൂരിലെത്തി ഇവിടെയുള്ള ഹോട്ടലുകളെയും കൂള്ബാറുകളെയും ആശ്രയിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നിലമ്പൂരിലെ പ്രധാന ബ്രോസ്റ്റ് വില്‍പ്പന കേന്ദ്രത്തില്‍ നിന്നു ആഴ്ചകളോളം ബ്രോസ്റ്റിന് പാകമാക്കി വച്ച കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു. അന്ന് ഹോട്ടല്‍ അടച്ചിടണമെന്ന് നിര്‍ദേശിച്ച് മടങ്ങിയ ഉദ്യോഗസ്ഥര്‍ പിറ്റേന്ന് തന്നെ അടച്ചിടേണ്ടെന്ന നിര്‍ദേശവും നല്കി. പോലീസ് സ്റ്റേഷനു അടുത്തുള്ള ഹോട്ടലില്‍ നിന്നു ബിരിയാണിയില്‍ സിഗരറ്റ് കുറ്റി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ രണ്ടു ദിവസം അടച്ചിടുകയും ചെയ്തു.
എന്നാല്‍ ചെറിയ പിഴ അടപ്പിച്ച് രണ്ടു ദിവസത്തിനു ശേഷം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. ഇത്തരത്തില്‍ പരിശോധന നടത്തുകയും പണം വാങ്ങി വീണ്ടും ആരോഗ്യത്തിനു ഹാനികരമാകും വിധം ഹോട്ടലുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് സന്നദ്ധസംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: