ഇരിങ്ങാലക്കുട : നാട് കൊടുംവരള്‍ച്ചയുടെ വക്കില്‍ എത്തി നില്ക്കുമ്പോള് ഭൂഗര്‍ഭജല സംഭരണത്തിനായി പുതിയ വഴികളുമായി എത്തിയിരിക്കുകയാണ് ഇരിങ്ങാലക്കുടക്കാരന് കാവല്ലൂര്‍ ഗംഗാധരന് എന്ന സിവില്‍ എഞ്ചിനിയര്‍. ഗുജറാത്ത് കച്ചിലെ മുദ്രപോര്ട്ടില് നിന്നും കുറച്ചകലെ മൂന്നുവശം കണ്ടല്‍കാടുകളും ഒരുവശം കടലുമായി ഒറ്റപ്പെട്ട് കിടന്നിരുന്ന നവിനാല്‍ എന്ന സ്ഥലത്തായിരുന്നു കുറച്ചുകാലം ഗംഗാധരന്റെ ഔദ്യോഗിക ജീവിതം. ജോലിക്കാര്‍ മാത്രം താമസിച്ചിരുന്ന അവിടെ തങ്ങള്‍ക്കാവശ്യമായ വെള്ളത്തിനും പണിയാവശ്യത്തിനും ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം മഴവെള്ള സംഭരണത്തിലൂടെയാണ് ഉപയോഗിച്ചിരുന്നത്. ഈ അനുഭവമാണ് ദിവസം തോറും ഭൂഗര്‍ഭജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുന്ന കേരളത്തെ കരകയറ്റാനായി ഗംഗാധരന്റെ മനസില്‍ ഊറിവന്ന വിവിധ രീതിയിലുള്ള മഴവെള്ള കൊയ്ത്ത്.
ഇരിങ്ങാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്ത് വീടിരിക്കുന്ന 20 സെന്റിലാണ് ഗംഗാധരന്റെ പരീക്ഷണങ്ങള്‍. കാര്‍പോര്‍ച്ചില്‍ കുഴി കുത്തി കല്ലുകള്‍ അകലത്തില്‍ അടുക്കിയും ഇഷ്ടികനുറുക്കും ഓടുമുറികളും ഇട്ടുനിറക്കുന്നു. പറമ്പില്‍ വീഴുന്ന മഴവെള്ളത്തെ പൈപ്പ് വഴി ഈ കുഴിയിലേക്ക് ഒഴുക്കിവിടുന്നു. ഇങ്ങനെ മഴവെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങുന്ന രീതി ടൗണില്‍ സ്ഥലപരിമിതിയുള്ള 5 സെന്റുകാര്ക്കും ചെയ്യാവുന്നതാണ്.
മുറ്റത്തെ കിണറിനു ചുറ്റും, പറമ്പിലും, മഴവെള്ളം കെട്ടിനിര്‍ത്തിയുള്ള ജലസംഭരണം വേനലില്‍ വീട്ടുവളപ്പിലെ കിണറിലെ ജലവിതാനം ഒരു പരിധിവരെ കുറയാതെ നോക്കാം.
മേല്കൂരയില് നിന്നും വീഴുന്ന മഴവെള്ളവും പൈപ്പിലൂടെ വരുന്ന വെള്ളവും കാനയില്‍ ഓടുകള്‍ നിരത്തി ഭൂമിയിലേക്ക് അരിച്ചിറങ്ങാന്‍ വഴിയൊരുക്കുക എന്നതും ഒരു രീതിയാണ്. മഴകുഴിക്കു പകരം വളപ്പില്‍ വിവിധയിടങ്ങളില്‍ ചെറിയ പില്ലറുകള്‍ ഇറക്കി അതില്‍ തരിമണല്‍ നിറക്കുന്നതിലൂടെ മഴവെള്ളം ഒലിച്ചുപോകാതെ നിമിഷങ്ങള്‍ക്കകം ഇതിലൂടെ ഭൂമിയുടെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങും.
ചുരുങ്ങിയ കാലയളവില്‍ അരകോടിയിലേറെ ലിറ്റര്‍ മഴവെള്ളം ശേഖരിക്കുവാന്‍ കഴിഞ്ഞുവെന്ന് ഗംഗാധരന് പറയുന്നു. ഈ പദ്ധതികളുടെ രേഖചിത്രംസഹിതം കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മഴപൊലിമ ഓഫിസിന് പഠനത്തിനായി ഈ സംവിധാനം സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഈ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: