കരുവാരക്കുണ്ട്: പത്തു സെന്റില്‍ താഴെയുള്ള വയലുകള്‍ മണ്ണിട്ടു നികത്തി ഭവനരഹിതര്‍ക്ക് വീടുവയ്ക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ ഭൂമാഫിയ സംഘം ഏക്കര്‍ കണക്കിനു തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തി കരഭൂമിയാക്കുന്നു. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന കിഴക്കേതലയിലെ രണ്ടാമത്തെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം നടക്കുന്നത് കുന്നിടിച്ച് നിരത്തിയ സ്ഥലത്താണ്.
ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് മൂന്നു കൃഷി വരെ നടത്തിക്കൊണ്ടിരുന്ന നെല്പാടങ്ങളിലാണ് നിക്ഷേപിക്കുന്നത്. നെല്‍കൃഷി നഷ്ടമാണെന്ന പേരില്‍ പാടങ്ങളില്‍ കമുകും തെങ്ങും വച്ചു പിടിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അധികൃതരെ സ്വാധീനിച്ച് ഇത്തരം സ്ഥലങ്ങള്‍ കരഭൂമിയാണെന്ന രേഖ സമ്പാദിച്ചാണ് തട്ടിപ്പ്. മണ്ണിട്ട് നികത്തുന്ന ഭൂമി വന്‍ വിലയ്ക്ക് മറിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. കിഴക്കേ തലയിലെ ബസ്സ്റ്റാന്‍ഡ് നിര്‍മാണ സ്ഥലത്തു നിന്നു നീക്കം ചെയ്യുന്ന മണ്ണ് സമീപത്തെ പാടത്ത് നിക്ഷേപിച്ചതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. വീടുവയ്ക്കാനെന്ന പേരില്‍ ഒമ്പത് സെന്റ് പാടം മണ്ണിട്ടു നികത്താന്‍ അധികൃതരുടെ പക്കല്‍ നിന്നു രേഖ കൈവശപ്പെടുത്തിയതിനു ശേഷമാണ് ഒരേക്കറോളം പാടം മണ്ണിട്ടു നികത്തിയതെന്ന് റവന്യൂ സംഘം കണ്ടെത്തി. കിഴക്കേതലയിലെ രണ്ടാമത്തെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടക്കം മുതല്‍ വിവാദത്തിലാണ്. എല്ലാ സൗകര്യങ്ങളുമടങ്ങിയ ബസ്സ്റ്റാന്‍ഡ് നിലവിലുള്ളപ്പോഴാണ് തൊട്ടടുത്ത് വീണ്ടും ബസ് സ്റ്റാന്‍ഡ് പണിയുന്നത്. ഭൂമാഫിയകളെ സഹായിക്കാനാണ് ഗ്രാമപഞ്ചായത്തധികൃതര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. കിഴക്കേതല, കണ്ണത്ത്, പുന്നക്കാട്, കുട്ടത്തി തുടങ്ങി മലയോര മേഖലയില്‍ വ്യാപകമായി പാടങ്ങള്‍ കരഭൂമിയാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതക്കുറവും മൂലം കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ കൂടി മണ്ണിട്ടു മൂടിയാല്‍ വേനല്‍ ആരംഭത്തില്‍ തന്നെ ശുദ്ധജല ക്ഷാമം അനുഭവപ്പെടുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: