തൃശൂര്‍: ഒരു ചെറിയ ഇടവേളക്കുശേഷം ജില്ലയില്‍ സിപിഎം അക്രമരാഷ്ട്രീയം വീണ്ടും അശാന്തി വിതക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ട സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ വീണ്ടും സജീവമാകുന്നതായാണ് സൂചന. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരകുഴപ്പങ്ങളും കലാപങ്ങളും മറച്ചുവെക്കാനുള്ള ശ്രമമാണ് അക്രമരാഷ്ട്രീയത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നയുടനെ കൈപ്പമംഗലത്ത് വല്ലത്ത് പ്രമോദ് എന്ന യുവാവിനെ കൊലപ്പെടുത്തിക്കൊണ്ടാണ് സിപിഎം ആഹ്ലാദപ്രകടനം തുടങ്ങിയത്. തുടര്‍ന്ന് ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂര്‍, കുന്നംകുളം മേഖലകളിലെല്ലാം സിപിഎം ക്രിമിനല്‍സംഘം അഴിഞ്ഞാടി. ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ നിരവധി പേരെ ആക്രമിച്ചു.
വീടുകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സിപിഎം പിന്നോട്ട് പോയെങ്കിലും ഇപ്പോള്‍ വീണ്ടും കൊലക്കത്തിരാഷ്ട്രീയം പുറത്തെടുക്കുകയാണ്. പാവറട്ടി മേഖലയില്‍ കഴിഞ്ഞ വര്‍ഷവും സിപിഎം നേതൃത്വം നല്കിയ ഗുണ്ടായിസം അരങ്ങേറിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിനീഷിന് വെട്ടേല്‍ക്കുകയും ചെയ്തു.
കണ്ണൂര്‍ മോഡലില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് പാവറട്ടിയില്‍ സിപിഎം നടത്തുന്നത്. ഇതിന് സാമൂഹ്യവിരുദ്ധരേയും ഗുണ്ടകളെയും ഉപകരണങ്ങളാക്കുന്നു. വിഷ്ണുപ്രസാദിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവര്‍ കൊടും ക്രിമിനലുകളാണ്. കൊലപാതക ശ്രമമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ്. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം ഇവരെ സംരക്ഷിക്കുന്നതാണ് തണലാകുന്നത്.
മണലൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ ഉജ്ജ്വലമായ മുന്നേറ്റം സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് സിപിഎം നേതൃത്വത്തിന് തലവേദനയാണ്. യുവാക്കളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തടയാനാണ് അക്രമരാഷ്ട്രീയം വ്യാപിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ആയുധമണിയുന്നത് അശാന്തി സൃഷ്ടിക്കുന്നുണ്ട്. നിയമനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭീഷണിയുണ്ട്. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ മന്ത്രി എ.സി.മൊയ്തീന്‍തന്നെ പരസ്യമായി ശകാരിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍പോലും ഭയപ്പെടുന്ന സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: