പാലക്കാട്: വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം ജലസുരക്ഷയും ജലസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ പദ്ധതി സംസ്ഥാനത്ത് താളംതെറ്റുന്നു. കൃഷി, ജലസേചന വകുപ്പുകളുടെ വടംവലിമൂലം പ്രധാനമന്ത്രി കൃഷി സിന്ചായൈ യോജനയുടെ (പികെഎംഎസ്വൈ) പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്.
ഓരോ പ്രദേശത്തും ജല സ്വയംപര്യാപ്തതക്കു വേണ്ടി കഴിഞ്ഞ വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്. എല്ലാ പാടത്തും വെള്ളമെത്തിക്കുക, ഉള്ള തുള്ളി വെള്ളം ഉപയോഗിച്ച് പരമാവധി കൃഷി, ജലം സൂക്ഷിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. രൂപരേഖ തയാറാക്കാന്‍ മാത്രം സംസ്ഥാനത്തിന് 1.4 കോടി രൂപ അനുവദിച്ചിരുന്നു. നടത്തിപ്പ് ചെലവിന്റെ ആദ്യ ഗഡുവായി 30 കോടി രൂപ അനുവദിച്ചെങ്കിലും പ്രാഥമിക റിപ്പോര്‍ട്ട് പോലും നല്കാത്തതിനാല് തുക ലഭിച്ചിട്ടില്ല. ജലക്ഷാമം പരിഹരിക്കാനുളള പദ്ധതികള്‍ക്കുള്ള മുഴുവന്‍ തുകയും നല്കുമെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 31 ആയിരുന്നു പദ്ധതിരേഖ നല്‍കാനുള്ള അവസാന തീയതി. എന്നാല്‍ നടപടി ഒന്നുമാകാത്തതിനാല്‍ സംസ്ഥാനം സമയം നീട്ടിച്ചോദിച്ചെങ്കിലും മിക്കയിടത്തും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. നിലവില്‍ കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ക്, തരിശുനിലം ഉപയേ!ാഗയോഗ്യമാക്കാന് വേണ്ട വെള്ളം എന്നിവയും വരള്ച്ചാപ്രദേശങ്ങളുടെ ഉപഗ്രഹചിത്രങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം പ്രോജക്ടുകള്‍.
കൃഷി, ജലസേചന വകുപ്പുകള്‍ യോജിച്ചാണ് പദ്ധതി നടത്തേണ്ടത്. കൃഷിവകുപ്പിനു കീഴിലെ പിപിഎം (പ്ലാനിങ് ആന്‍ഡ് മേ!ാണിറ്ററിങ്) സെല്ലിനെയാണു നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്. ഇതുവരെ പരിശീലനം നടത്താന്‍ പോലും തയാറായിട്ടില്ല. ജലസേചന വകുപ്പിലെയും കൃഷിവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനവുമില്ല. മന്ത്രിതലത്തിലും നടപടിയില്ലാത്തതിനാല്‍ പദ്ധതി സംസ്ഥാനത്തിനു നഷ്ടപ്പെടുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 60,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വരള്‍ച്ചാഭീഷണി വര്‍ധിക്കുകയും മഴ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അലംഭാവം മൂലം കേന്ദ്ര പദ്ധതി സംസ്ഥാനത്ത് അവതാളത്തിലാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: