കാക്കവയല്‍ : വെള്ളിത്തോട് പുഷ്ക്കരന്‍ കണ്ടി കോളനിയിലെ കിണര്‍ വറ്റിയിട്ട് പതിനഞ്ചു വര്‍ഷം. കോളനിയിലെ പതിനൊന്ന് കുടുംബങ്ങള്‍ക്ക് പതിനെട്ട് വര്‍ഷം മുന്‍പ് കിണര്‍ നിര്‍മ്മിച്ചെങ്കിലും കുഴിച്ച വര്‍ഷംതന്നെ കിണര്‍ വറ്റി. അടി പാറയായതിനാല്‍ കൂടുതല്‍ താഴ്ത്താതെ കരാറുകാരന് മടങ്ങി പോയെന്നു കോളനിവാസികള്‍ പറയുന്നു.
കുടിവെള്ളത്തിനായി കയറ്റിറക്കത്തോടുകൂടിയ അരകിലോമീറ്ററില്‍ അധികംദൂരം താണ്ടി വെള്ളിത്തോട് കോളനിയില്‍ നിന്ന് വേണം കോളനിയില്‍ വെള്ളമെത്തിക്കാന്‍ . വെള്ളിത്തോട് കോളനിക്കാര്‍ക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അനുവധിച്ച കിണറാണ് ഇപ്പോള്‍ മുട്ടില്പഞ്ചായത്ത് പുഷ്ക്കരന്‍ കണ്ടി കോളനിക്കാരുടെയും ആശ്രയം. കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന തങ്ങളുടെ ആവശ്യം ചെവികൊള്ളാത്ത മുട്ടില്‍ ഗ്രാമ പഞ്ചായത്ത്,ഇപ്പോള്‍ തങ്ങള്‍ക്ക് ശൗചാലയം അനുവദിച്ചിരിക്കുകയാണ്.കുടിവെള്ളത്തിന് തന്നെ ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക് ശൗചാലയം അനുവദിച്ചതിലൂടെ ഗ്രാമ പഞ്ചായത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോളനിവാസികള്‍ ചോദിക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഒരു കിലോമീറ്ററകലെയുള്ള പുഴയെയാണ് ഇപ്പോള്‍ കോളനിക്കാര്‍ ആശ്രയിക്കുന്നത്.
കരാറുകാര്‍ പാതിവഴിയില്‍ പണി നിര്‍ത്തിയ വീടുകളും ശൗചാലയങ്ങളുമുള്ള ഈ കോളനിയില്‍ കുടിവെള്ളത്തിന് സംവിധാനമൊരുക്കാതെ ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ക്ക് ശൗചാലയങ്ങള്‍ പണിയുന്ന പഞ്ചായത്ത് നടപടി കോളനിയില്‍ ഗുണത്തേക്കാളേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് കോളനിക്കാര്‍ പറയുന്നു. കോളനിയില്‍ വെള്ളമെത്തിച്ചതിന് ശേഷമുള്ള അടിസ്ഥാന സൗകര്യമാണ് കോളനിക്കാര്‍ക്ക് വേണ്ടതെന്ന് പ്രദേശവാസികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: