ജോര്ജ്ജേട്ടനെക്കുറിച്ച് സംസാരിക്കുമ്പോള്‍, സിനിമയുടെ ആധികാരികതയെക്കുറിച്ചല്ല, ഞാന്‍ എന്റെ കാര്യങ്ങളാണ് പറയാനാഗ്രഹിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത്, ഫൈനല്‍ ഇയര്‍ ബിഎ ഇക്കണോമിക്സ് പരീക്ഷ കഴിഞ്ഞ സമയം ആലപ്പുഴ കടല്ത്തീരത്തുവന്ന് ഏകനായി നിന്നപ്പോഴാണ് ഞാന്‍ എന്താണ് ആകേണ്ടത്, ഏതാണ് എന്റെ വഴി,ഏതാണെന്റെ താവളം എന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ആ ആലോചനയില്‍ പെട്ടന്നുവന്ന ഉത്തരം സിനിമയാണ് എന്റെ താവളം എന്നതാണ്. കോളേജ് കാലം സഹൃദയരെക്കൊണ്ട് സമ്പന്നമായിരുന്നു. സംഗീതത്തെക്കുറിച്ചും ചിത്രകലയെക്കുറിച്ചും ചലച്ചിത്രത്തെക്കുറിച്ചും, കവിതയെക്കുറിച്ചും സംസാരിക്കുവാനും ചര്‍ച്ച ചെയ്യാനുമുള്ള നല്ല കൂട്ടായ്മയുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി എഴുത്തുകാരുടെ കൂട്ടായ്മയും ഉണ്ടായിരുന്നു. അതില്‍ നിന്നാണ് നാടകത്തോടും സംഗീതത്തോടും കവിതയോടും താല്പര്യമുണ്ടാകുന്നത്.
പിന്നീട് എംഎ ഇക്കണോമിക്സിന് ചേരുമ്പോഴും മനസ് അതിനോട് ചേര്ന്നുപോകുന്നില്ലായിരുന്നു. മനസ് സിനിമയില്‍ മാത്രമായിരുന്നു. അതുകൊണ്ട് എംഎ ഇക്കണോമിക്സിന് തോറ്റു. സിനിമ മനസ്സിലിട്ടുകൊണ്ട് നടക്കുന്ന കാലത്ത് ധാരാളം സിനിമകള്‍ കാണുമായിരുന്നു. മിക്കവാറും ആവര്‍ത്തന വിരസതയുള്ള പടങ്ങളായിരുന്നു. അതില്‍ നിന്ന് മാറ്റം ആദ്യമായി കൊണ്ടുവന്നത് എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിന്‍സന്റ് മാഷ് സംവിധാനം ചെയ്ത ചുരുക്കം ചില ചിത്രങ്ങളാണ്. അപ്പോള്‍ മുരടിച്ചുപോയ ആ ഇഷ്ടം തളിര്‍ക്കാന്‍ തുടങ്ങി. വീണ്ടും സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖരായ മൂന്ന് പേരാണ് വഴിമാറി ചിന്തിക്കുന്നതായി കണ്ടത്. ആ പ്രമുഖരില്‍ മുഖ്യന് കെ.ജി. ജോര്‍ജ്ജാണ്. പിന്നീട് ഭരതനും പത്മരാജനും. ഇവരുടെ ക്രാഫ്റ്റും രീതിയും എന്നെ വല്ലാതെ ആകര്‍ഷിച്ചു. സിനിമ വേറെ തരത്തില്‍ ചിന്തിക്കാമല്ലോ എന്ന് എനിക്ക് പ്രചോദനം ഉണ്ടാക്കിയത് എന്റെ മുന്നാലെ പോയ ഈ മൂന്ന് പേരായിരുന്നു. അതോടെ സിനിമയോടുള്ള ഇഷ്ടം വര്‍ധിച്ചു.
ആലപ്പുഴ ഉദയ, നവോദയ ചലച്ചിത്രസ്ഥാപനങ്ങളിലെ തലമുറയുമായുള്ള ബന്ധം എന്നെ സിനിമയോട് അടുപ്പിച്ചു. ഒരു സിനിമയ്ക്ക് തിരക്കഥ എഴുതി. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. സിനിമാ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുമ്പോള്‍ ഈ മൂന്ന് പേരുടെ സിനിമയും എംടിയുടെ തിരക്കഥയുമായിരുന്നു ഞാന്‍ ചര്‍ച്ച ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ബഹുമാനം കിട്ടാനും തുടങ്ങി. ആ ഇടയ്ക്കാണ് ഞാന്‍ ജോര്‍ജ് മാഷിന്റെ ‘ഉള്‍ക്കടല്‍’ കാണുന്നത്. സിനിമ കലയാണ്. ആ സിനിമയ്ക്ക് ഒരധിപന്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമ എന്നാല്‍ സംഗീതത്തെക്കുറിച്ചും ചിത്രകലയെക്കുറിച്ചും സാഹിത്യകലയെക്കുറിച്ചും നടനകലയെക്കുറിച്ചും ഒക്കെ അറിവുള്ള ഒരു വാസ്തു പറച്ചിലാണ്. ഇതെല്ലാം കൂടി സമനയ്വിപ്പിച്ച് അദ്ദേഹം തന്റെ കരകൗശലം കാണിക്കുമ്പോഴാണ് നല്ല സിനിമയുണ്ടാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പലരും സിനിമ റിയലിസ്റ്റിക്കായി ചെയ്യും. ജീവിതത്തില്‍ നമ്മള് കാണുന്നത് തന്നെയായിരിക്കും സിനിമയിലും പകര്‍ത്തുക. പക്ഷെ എന്റെ സിനിമ അത്തരത്തിലുള്ളതല്ല. അതിന് ഫിക്ഷന്റെ ഭാവമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ആ ചിത്രത്തിന് അവാര്‍ഡും ലഭിച്ചു. ആ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയി. അതുകൊണ്ട് ഞാന്‍ ആ വഴി മനപൂര്‍വ്വം ഒഴിഞ്ഞു.
‘ഉള്‍ക്കടല്‍’ അതിമനോഹരമായ ഗാനങ്ങളുള്ള സിനിമയായിരുന്നു. നഷ്ടവസന്തത്തിന് തപ്ത നിശ്വാസമെ പോലുള്ള ഗാനങ്ങള്‍. ജോര്‍ജ് മാഷിനെപ്പോലുള്ള ഒരാള്‍ സിനിമയെടുക്കുമ്പോള്‍ സംഗീതത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത് ആദരവോടെയാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന് വേണമെങ്കില്‍ ഞാന്‍ ഇത്തരം സിനിമകള്‍ എടുക്കില്ല, പാട്ടുകള്‍ എന്റെ സിനിമയില്‍ പറ്റില്ല, പാട്ടുകള്‍ അനാവശ്യമാണ് എന്നൊക്കെ വാചകമേളകള് പൊലിപ്പിക്കാമായിരുന്നു. അതൊന്നും ചെയ്യാതെയാണ് അദ്ദേഹം സിനിമയിറക്കിയിരുന്നത്. ആ കാലത്ത് സംവിധായകനാകണം എന്നാഗ്രഹിച്ച സമയത്ത് ധൈര്യപൂര്‍വ്വം നവോദയ അപ്പച്ചന് സാറിനോട് പറഞ്ഞു, പുതുമുഖങ്ങളെവച്ച് സിനിമയെടുക്കാം. അദ്ദേഹം അന്ന് വല്ലാതെ അമ്പരന്നു. കാരണം ആ കാലത്ത് അദ്ദേഹം വടക്കന്‍പാട്ടുകള്‍ മാത്രമേ എടുക്കാറുണ്ടായിരുന്നുള്ളു. അപ്പോള്‍ ഞാന്‍ അദ്ദേഹവുമായി സംസാരിക്കുകയും സമ്മതിപ്പിക്കുകയും ചെയ്തത്, ജോര്‍ജ് മാഷിന്റെ പടങ്ങളും ഭരതന്റെ ‘തകര’ പോലുള്ള പടങ്ങളും എടുത്ത് കാണിച്ചിട്ടാണ്. അങ്ങനെയുണ്ടായതാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’.
ഈ പ്രതിഭകള്‍ എനിക്ക് മുന്നില്‍ സഞ്ചരിച്ചില്ലായിരുന്നെങ്കില് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുമായി എനിക്ക് വരാന്‍ പറ്റില്ലായിരുന്നു. ഞാനും കുറേ പടങ്ങളെടുത്തു. കളിമണ്ണ് കിട്ടിക്കഴിഞ്ഞാല്‍ ആര്‍ക്കും ശില്പമുണ്ടാക്കാം. പക്ഷെ അതൊരു ശില്പമായി മാറണമെങ്കില്‍ അതിലൊരു കരകൗശലം വേണം. മലയാള സിനിമകണ്ട വലിയ രണ്ട് ക്രാഫ്റ്റ്മാന്മാരായിരുന്നു രാമു കാര്യാട്ടും കെ.ജി.ജോര്‍ജ്ജും. ആ കാലത്താണ് ജോര്‍ജ് സാറിന്റെ ‘കോലങ്ങള്‍’ കാണുന്നത്. എന്നെ വല്ലാതെ ആകര്‍ഷിച്ച പടമായിരുന്നു ‘കോലങ്ങള്‍’. ഒന്നത് എടുക്കാന്‍ കാണിച്ച ധൈര്യം. നസീര്‍ സാര്‍, മധുസാര്‍, സത്യന് സാര്‍ ഇവരെയല്ലാതെ വേറൊരാളെപ്പറ്റി ചിന്തിക്കാന്‍ പോലും പറ്റാതിരുന്ന കാലത്ത് അങ്ങനെ ഒരു ചിത്രമെടുത്ത് ഇങ്ങനേയും സിനിമയെടുക്കാമെന്ന് കാണിച്ചുതന്ന ആ മഹാപ്രതിഭ എനിക്കുതന്ന ധൈര്യം ചില്ലറയൊന്നുമായിരുന്നില്ല.
ആ കാലഘട്ടം പ്രൊഫഷണല്‍ നാടകങ്ങളുടേതായിരുന്നു. നാടകങ്ങള്‍ ഒരുപാട് കാണുമായിരുന്നു. അങ്ങനെ എന്നെ കൂടുതല്‍ ആകര്‍ഷിച്ച നടനായിരുന്നു തിലകന്. അദ്ദേഹത്തോടെനിക്ക് വലിയ ആദരവായിരുന്നു. ‘കോലങ്ങളില്‍’ തിലകന് അഭിനയിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജ് എവിടെനിന്ന് കണ്ടെത്തിക്കൊണ്ടുവരുന്നു ഇങ്ങനെയുള്ള നടന്മാരെയെന്ന് ആലോചിച്ചിട്ടുണ്ട്. മാമാട്ടിക്കുട്ടിയമ്മ എടുക്കുമ്പോള്‍ ഞാന്‍ നവോദയ അപ്പച്ചനോട് പറഞ്ഞു, അതിലൊരു പള്ളീലച്ചന്റെ വേഷമുണ്ട്. തിലകന് എന്ന നടനുണ്ട്. രണ്ടോ മൂന്നോ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തെ വച്ച് ഈ പടം ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ തിലകന് ചേട്ടന് എന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്നു. ആ ചിത്രത്തിന്റെ പേര് ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്നായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനേക്കാളും ആളുകള്‍ കൂടുതല്‍ കണ്ട ചിത്രമായിരുന്നു അത്.
ഒരു താരം സൃഷ്ടിക്കപ്പെടണമെങ്കില്‍, ഒരു താരം താരമാവണമെങ്കില്‍ അദ്ദേഹം അഭിനയിച്ച സിനിമ ഓരോ വീടുകളിലുമെത്തണം. അങ്ങനെ മാമാട്ടിക്കുട്ടിയമ്മ കേരളത്തിലെ ഓരോ വീടുകളിലും എത്തിയപ്പോള്‍ ഒരു നടനും ആ വീടുകളിലെത്തി. അത് തിലകന് ചേട്ടനായിരുന്നു. പിന്നെ മരണം വരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തിലകന് ചേട്ടന് എന്റെ സിനിമയിലൂടെ പ്രശസ്തനായെങ്കില്‍ അതിന് പിന്നിലെ ചേതോവികാരം ജോര്ജ്ജേട്ടനോടുള്ള ആദരവാണ്. അങ്ങനെ പോകപ്പോകെ എനിക്ക് ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയെടുക്കാന്‍ സാധിച്ചു. വേറിട്ടൊരു സിനിമയായിരുന്നു അത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തെടുത്ത ചിത്രം. ജനം അതേറ്റെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങളെടുത്ത സംവിധായകനെ കാണാന്‍, പരിചയപ്പെടാന്‍, വാത്സല്യം നല്കാന് മൂന്ന് പേരെത്തി. അത് ഞാന്‍ ആരാധിക്കുന്ന ജോര്‍ജ്ജേട്ടനും ഭരതേട്ടനും പപ്പേട്ടനുമായിരുന്നു. പിന്നെ ഞങ്ങള്‍ നല്ല സൗഹൃദത്തിലായി. എപ്പോഴും കഥ ചര്‍ച്ചകള്‍ ചെയ്യുമായിരുന്നു. മിക്കപ്പോഴും ജോര്‍ജ്ജേട്ടന്റെ വീട്ടില്‍ ഞാന്‍ പോകുമായിരുന്നു. ഭരതേട്ടനും ജോര്‍ജ്ജേട്ടനും എന്റെ വീട്ടിലും വന്നിട്ടുണ്ട്. അങ്ങനെ സിനിമയില്‍ ജോര്ജ്ജേട്ടനുമായി വ്യക്തിബന്ധം രൂപപ്പെട്ടു. അദ്ദേഹത്തിന്റെ ഈ കണ്ണികൂടി എന്ന പടത്തിന്റെ പ്രവര്‍ത്തനത്തിലും ഞാനുമുണ്ടായിരുന്നു. ഒരു സന്ധ്യാനേരത്ത് ആലപ്പുഴ ബീച്ചിലിരുന്ന് കഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എന്റെ അടുത്ത പടത്തെക്കുറിച്ച് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഒരാശയം വന്നിട്ടുണ്ട്. അത് മെല്ലെ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ എന്താണ് ആശയം എന്ന് അദ്ദേഹം ചോദിച്ചു. കുട്ടിച്ചാത്തനേറുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഞാന്‍ പറഞ്ഞു. ഇത് നല്ല ആശയമാണ്, വിട്ടുകളയണ്ട, വികസിപ്പിക്കണമെന്ന് പറയുകയുണ്ടായി. ചാത്തനേറ് എന്ന ആശയം മൂന്ന് വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകളിലൂടെ വികസിച്ചുവന്നതാണ് ‘മണിച്ചിത്രത്താഴ്’. സിനിമയിലുടനീളം എനിക്ക് ജോര്‍ജ്ജുമായി ആത്മബന്ധമുണ്ട്.
ഞാനും നെടുമുടി വേണുവും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ആലപ്പുഴയിലെ ഒരമ്പലത്തില് ഉത്സവ സമയത്ത് നാടകം അരങ്ങേറണമെന്ന് പറഞ്ഞു. അന്ന് ഞാനും വേണുവും കൂടെ പെട്ടന്ന് ഒരു നാടകം എഴുതി തട്ടിക്കൂട്ടിയുണ്ടാക്കി. അത് ഞങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അതിന് ശേഷം വേണു, വേണുവിന്റേതായ അഭിനയലോകത്തേക്കും ഞാന്‍ സംവിധായകന്റെ റോളിലേക്കും മാറി. കുറേ നാളുകള്‍ കഴിഞ്ഞ് ആ നാടകം എവിടെപ്പോയെന്നോ, അതിന്റെ തിരക്കഥ എവിടെയെന്നോ ഒന്നും ആര്‍ക്കും അറിയില്ല.
അതിനിടയില്‍ വേണു എന്നെ വിളിച്ചു. ‘ ഞാന്‍ ഒരു പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നമ്മള് പണ്ട് ചെയ്ത നാടകത്തിന്റെ ഒരു എലമന്റുണ്ട്. ആ എലമെന്റാണ് വികസിപ്പിച്ചിരിക്കുന്നത്’ എന്ന് പറഞ്ഞു. ഞാന്‍ കാത്തിരുന്നു. ആ സിനിമയിറങ്ങി. ജോര്‍ജ്ജേട്ടന്റെ ‘യവനിക’യായിരുന്നു അത്. ഞാന്‍ നോക്കിയപ്പോള്‍ ആ കാതലായ അംശം അതില്‍ കിടപ്പുണ്ട്. അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലത്തീഫ് എന്ന പ്രൊഡക്ഷന്‍ കണ്ട്രോളര് ഉണ്ടായിരുന്നു. ‘രാരിച്ചന്‍ എന്ന പൗരനി’ലെ കുട്ടി. ഞാന്‍ ലത്തീഫിനെ വിളിച്ചു ചോദിച്ചു. ഒരാള്‍ ആലപ്പുഴയില്‍ നിന്ന് വന്ന് സിനിമക്ക് പറ്റിയ കഥയുണ്ടെന്ന് ജോര്‍ജ്ജേട്ടനോട് പറഞ്ഞു. കഥ എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ കഥ എഴുതിക്കൊണ്ടുവന്നു. എഴുതിക്കൊണ്ടുവന്നപ്പോള് അതിനകത്തൊരു സിനിമയുണ്ട് ലത്തീഫേ എന്ന് ജോര്ജ്ജേട്ടന് പറഞ്ഞതായും ലത്തീഫ് പറഞ്ഞു.
കഥയുടെ അവകാശം കാശുകൊടുത്ത് ആ പയ്യനില്‍ നിന്ന് വാങ്ങി. സത്യത്തില്‍ അയാള്‍ കണ്ട നാടകത്തിന്റെ കഥയെഴുതിക്കൊടുക്കുകയായിരുന്നു ചെയ്തത്. പയ്യന് കഥയ്ക്ക് കാശും വാങ്ങിപ്പോയി. ജോര്ജ്ജേട്ടന് ഈ തീം മനസ്സിലിട്ട് ഖനനം ചെയ്ത് ഖനനം ചെയ്ത് കുറേ ഭാഗം കെ.ടി മുഹമ്മദിനെക്കൊണ്ട് എഴുതിച്ചു. അത് ശരിയാവാതെ വന്നപ്പോള്‍ എസ്.എല്‍. പുരം സദാനന്ദനെക്കൊണ്ട് എഴുതിച്ചു. സിനിമ റിലീസ് ആയി. മലയാള സിനിമ എക്കാലവും ഓര്‍മിക്കുന്ന ‘യവനിക’ എന്ന സിനിമ പിറന്നു. ജോര്‍ജ്ജേട്ടന്റെ മാഹാത്മ്യം എന്താണെന്ന് വച്ചാല്‍ ‘യവനിക’ എന്ന സിനിമയുടെ കഥയുടെ അവകാശം ആര്‍ക്കും കൊടുത്തിട്ടില്ല. രചന, സംഭാഷണം എന്നാണ് എഴുതിയിരിക്കുന്നത്. സാധാരണ ഒരു സംവിധായകനായിരുന്നെങ്കില്‍ കഥയുടെ അവകാശവും സ്വന്തമാക്കിയേനെ. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്തില്ല.
ജോര്ജ്ജേട്ടനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ട്. എന്തെങ്കിലും ചെയ്യുമ്പോള്‍ സിനിമയില്‍ എന്ത് നേടി എന്ന ചോദ്യമുണ്ട്. സിനിമയുടെ ക്രാഫ്റ്റ് അറിഞ്ഞുവന്ന മനുഷ്യനാണ്. ക്രാഫ്റ്റ് അറിയാവുന്നവര്‍ക്ക് ഒന്നും നേടാനാവാതെ പോകുന്നു. ജോര്‍ജ്ജ് മാഷ് മലയാള സിനിമയില്‍ ഒരുപാട് നേടി. ആ നേട്ടമെന്ന് പറയുന്നത് എന്നെപ്പോലുള്ളവര്‍ക്കും എന്റെ പിന്നാലെ വന്നവര്‍ക്കും വഴിവിളക്കായി നിന്നുവെന്നതാണ്. അദ്ദേഹം യവനിക, കോലങ്ങള്‍, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍ തുടങ്ങി നിരവധി നല്ല ചിത്രങ്ങളെടുത്തു. ആ സിനിമകള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമായി. വൈകിയാണെങ്കിലും ജെ.സി. ദാനിയേല്‍
അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. അത് അദ്ദേഹത്തിന് തീര്‍ത്തും അര്‍ഹതപ്പെട്ടതാണ്.
(സപ്തംബര്‍ 30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സാംസ്കാരിക കൊച്ചിയുടെ നേതൃത്വത്തില്‍, നാല്പത് ചലച്ചിത്ര വര്‍ഷങ്ങള്‍ പിന്നിട്ട ജെ.സി. ദാനിയേല്‍ പുരസ്കാര ജേതാവ് കെ.ജി. ജോര്‍ജ്ജിനെ ആദരിച്ചുകൊണ്ട് ഫാസില്‍ നടത്തിയ പ്രഭാഷണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: