കല്‍പ്പറ്റ : നായ്ക്കളിലൂടെ പടരുന്ന പേവിഷബാധ തുടയാ ന് പരിസരശുചിത്വം ഉറപ്പാക്കണമെന്നും ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കണമെന്നും ലോക റാബിസ് ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ എപിജെ ഹാളില്‍ നടന്ന തെരുവുനായ നിയന്ത്രണവും പേവിഷബാധ നിര്‍മ്മാര്‍ജ്ജനവും എന്ന സെമിനാര്‍ ആവശ്യപ്പെട്ടു. പേവിഷബാധ മൂലം ലോകത്ത് മരണപ്പെടുന്ന 70000 പേരില്‍ 20000 പേരും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. അസുഖലക്ഷണങ്ങള്‍ തുടങ്ങിയാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ലായെന്നത് ഈ രോഗത്തിന്റെ മാരക സ്വഭാവം വ്യക്തമാക്കുന്നു.
99 ശതമാനം പേവിഷബാധയും നായ്ക്കളുടെ കടിയിലൂടെയാണ് പകരുന്നത്. പൂച്ച, കീരി തുടങ്ങിയവയിലൂടെയും രോഗം പകരുന്നുണ്ട്. ഇവയുടെ ഉമിനീരിലൂടെയാണ് അസുഖം പകരുന്നത്. കടിയേറ്റുണ്ടാകുന്ന മുറിവിലൂടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കുകയും നാഡികള്‍ വഴി തലച്ചോറിലെത്തിച്ചേരുകയും ചെയ്യുന്നു. കടിയേറ്റ് രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. കടിയേറ്റ ശേഷം നടത്തുന്ന കുത്തിവെപ്പിലൂടെ രോഗം പൂര്‍ണ്ണമായും തടയാമെങ്കിലും മതിയായ അവബോധമില്ലായ്മ മൂലമാണ് രോഗം ബാധിക്കുന്നത്. രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ലബോറട്ടറികളിലെ രോഗ നിര്‍ണ്ണയം അത്യാവശ്യമാണ്. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മാത്രമെ വൈറസ് തലച്ചോറില്‍ കാണപ്പെടുന്നുള്ളു. ഇതുകാരണം സ്വാഭാവികമായി ചത്ത മൃഗങ്ങളില്‍ മാത്രമെ ലാബ് രോഗനിര്‍ണ്ണയം നടത്താന്‍ കഴിയുകയുള്ളു. ലക്ഷണങ്ങള്‍ കാണിക്കുന്ന മൃഗങ്ങളെ അപ്പോള്‍തന്നെ കൊല്ലരുത് എന്നതിനജ൹ കാരണം ഇതാണ്.
മൃഗങ്ങളുടെ കടിയേറ്റയുടന്‍ ധാരാളം വെള്ളവും കാര്‍ബോളിക് സോപ്പുമുപയോഗിച്ച് പതിനഞ്ച് മിനിറ്റോളം മുറിവ് കഴുകണം. അണുനാശിനികള്‍ പുരട്ടിയശേഷം എത്രയും വേഗം വൈദ്യസഹായം തേടണം. സാധ്യമെങ്കില്‍ കടിച്ച മൃഗത്തെ ഇരുപ ത്തിയൊന്ന് ദിവസത്തോളം കൂട്ടിലടയ്ക്കണം. ചത്താലുടനെ ലബോറട്ടറിയില്‍ എത്തിക്കുകയും വേണം.
സെമിനാര്‍ ജില്ലാ പഞ്ചാചയത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് ഫ്രസിഡണ്ട് പി.കെ.അസ്മത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.ആര്.ഗീത, ഡോ.സാജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.കെ.എസ്. സുനില്‍, ഡോ.കെ.ജെ. കിഷോര്‍കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: