തൃശൂര്‍: വല്ലച്ചിറ കടലാശേരി കേന്ദ്രമായുള്ള ഫര്‍ണീച്ചര്‍ ക്ലസ്റ്ററിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള 10 കോടി 24 ലക്ഷം അനുവദിച്ചതായി സി എന്‍ ജയദേവന് എംപി അറിയിച്ചു. ജില്ലയില്‍ ഗൃഹോപകരണ നിര്‍മ്മാണമേഖലയില്‍ പൊതുസൗകര്യ കേന്ദ്രം (സിഎഫ്സി) സ്ഥാപിക്കുന്നതിനായി കേന്ദ്ര മൈക്രോ, ചെറുകിട വ്യവസായ ഡെവലപ്മെന്റ് മിനിസ്ട്രിയുടെ അനുമതി കൂടിയാണ് ഇതോടെ സാധ്യമായത്.
1445.08 ലക്ഷം രൂപ ചിലവുവരുന്ന പദ്ധതിയിലേക്ക് കേന്ദ്ര വിഹിതമായി 70 ശതമാനം തുകയാണ് നല്‍കേണ്ടിയിരുന്നത്. പദ്ധതി നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും കേന്ദ്ര വിഹിതകാര്യത്തില് തീരുമാനമായിരുന്നില്ല. 1002.46 ലക്ഷം രൂപ ഇതിലേക്കായി ധനസഹായം അനുവദിച്ചതായി കേന്ദ്ര മൈക്രോ, ചെറുകിട വ്യവസായ വികസന വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര എംപിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കി. നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ക്ലസ്റ്ററിലേക്കുള്ള മെഷിനറിയും പ്ലാന്റും അനുബന്ധ പ്രവര്‍ത്തികളുമാണ് നടത്തേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ 70 ശതമാനത്തിന് പുറമെ, 20 ശതമാനം തുകയായി 289 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. 10 ശതമാനം തുകയായ 154 ലക്ഷം രൂപ 40 പേരടങ്ങിയ സ്പെഷല്‍ പര്‍പ്പസ് വെഹിക്കള്‍സ് വഹിക്കണം.
കടലാശേരിയില്‍ ക്ലസ്റ്ററിനുള്ള കെട്ടിട നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഇതിനകം അനുവദിച്ചിട്ടുണ്ട്. പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണെന്ന് കാണിച്ച് ആര്‍ഡിഒയുടെ ചുമതലയുള്ള സബ്കളക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടും തയ്യാറായി. ഈ സാഹചര്യത്തില്‍ ഫര്‍ണീച്ചര്‍ ക്ലസ്റ്റര്‍ പൂര്‍ത്തീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സി എന്‍ ജയദേവന് എംപി നിര്‍ദ്ദേശിച്ചു. ഫര്‍ണീച്ചര്‍ മേഖലയില്‍ ഉണ്ടായ പ്രതിസന്ധികള്‍ക്ക് ക്ലസ്റ്റര്‍ ഒരുപരിധിവരെ ആശ്വാസമാകുമെന്ന് എംപി പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: