ഇരിങ്ങാലക്കുട : കുഴല്പണസംഘത്തെ കൊള്ളയടിക്കുന്നതില്‍ അതിവിദഗ്ദ്ധനായ ക്വട്ടേഷന്‍ സംഘത്തലവന് നടത്തറ കൊഴുക്കുള്ളി വട്ടേക്കാട്ടില്‍ പ്രസാദ് ജിം പ്രസാദ് (40) അറസ്റ്റില്‍. ആഡംബരവാഹനങ്ങള്‍ തട്ടിയെടുത്ത് പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇരിങ്ങാലക്കുട ഊളക്കാട് നിന്നാണ് ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.സുരേഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ വി.പി.സിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊറിത്തിശ്ശേരി ശരവണന് എന്നയ്യാള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ രഹസ്യമായി പോലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന ഉടമകളെ ഏജന്റുമാര്‍ വഴി സമീപിച്ച് വിവാഹാവശ്യങ്ങള്‍ക്കും ഗള്‍ഫില്‍ നിന്നും ലീവിന് വരുന്നവര്‍ക്ക് താല്‍ക്കാലികമായി ഉപയോഗിക്കാന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഡംബരകാറുകള്‍ വാടക്ക് എടുക്കുകയും പിന്നീട് ഏത് ജില്ലയില്‍ നിന്നാണോ വാഹനങ്ങള്‍ എടുക്കുന്നത് ആ ജില്ലയില്‍ നിന്നും വളരെ ദൂരെ മറ്റൊരു ജില്ലയില്‍ വന്‍തുകക്ക് പണയപ്പെടുത്തി പണം തട്ടുന്നു. ഇത്തരത്തില്‍ ഏകദേശം 2 കോടി രൂപയോളം സംഘം തട്ടിയെടുത്തിട്ടുണ്ട്.
ഏജന്റുമാരും ഉടമയും പരസ്പരം അറിയാത്തവിധത്തിലാണ് വാഹനങ്ങള്‍ പണയപ്പെടുത്തുന്നത്. ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് വാഹനം തിരികെ ആവശ്യപ്പെടുമ്പോള്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവ്. കൂടാതെ വാടകക്ക് എടുത്ത ആഡംബരവാഹനങ്ങള്ക്കുള്ളില് ജിപ്പിഎസ് സിസ്റ്റം ഘടിപ്പിക്കുകയും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ അടിച്ചു ഉണ്ടാക്കിവച്ച് വാഹനം തിരികെ കൊടുക്കുകയും ചെയ്യും. പിന്നീട് വാഹനത്തിന്റെ ലോക്കേഷനും മറ്റും മനസിലാക്കി ഡ്യപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മോഷ്ടിച്ചെടുക്കുന്നതും പ്രതിയുടെ മറ്റൊരു രീതിയാണ് എന്ന് ഇരിങ്ങാലക്കുട എഎസ്പി മെറിന് ജോസഫ് ഐപിഎസ് പറഞ്ഞു. പിടിയിലായ ജിമ്മിന് കേരളത്തിലെ തൃശ്ശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ഒല്ലൂര്‍, വാടാനപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, വലപ്പാട്, കണ്ണൂര്‍ ടൗണ്‍, എന്നീ സ്റ്റേഷനുകളില്‍ ആളുകളെ ആക്രമിച്ച് പണം തട്ടല്‍, സംഘം ചേര്‍ന്നുള്ള മോഷണം, പിടിച്ചുപറി, ചീറ്റിംഗ്, ആയുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ 30 ഓളം കേസുകളും നിലവിലുണ്ട്. കര്‍ണ്ണാടക സംസ്ഥാനത്തിലെ മൈസ്സൂര്‍, ബംഗലൂരു, ഹാസനൂര് എന്നി സ്റ്റേഷനുകളിലും സ്പിരിറ്റ് കടത്തിയ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. ബെംഗളുരു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് പ്രസാദ്. മൈസൂരിലെ കുപ്രസിദ്ധ മലയാളി ഗുണ്ടാത്തലവന് ഭായി നസീറിന്റെ കൂട്ടാളിയുമാണ് ജിം പ്രസാദ്. പ്രതി സ്ഥിരമായി ഒരിടത്ത് താമസിക്കാതെ പല പേരുകളില്‍ ആള്‍മാറാട്ടം നടത്തി പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയും കേസുകളില്‍ പിടിയിലാവുന്ന സമയത്ത് വിലാസം കൃത്യമല്ലാത്തതിനാലും പ്രതിയെ തിരിച്ചറിയുന്നതിനും പ്രയാസം ഉണ്ടകുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ആഡംബര വാഹനത്തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റിന്റെ തലവനാണ് പിടിക്കപ്പെട്ട ജിം. തട്ടിപ്പിലൂടെയും മോഷണത്തിലുടെയും ലഭിക്കുന്ന പണം ഉപയോഗിച്ച് വന്‍കിട ഹോട്ടലുകളിലും ഫഌറ്റുകളും വാടകക്കെടുത്തും കുടുംബത്തോടൊപ്പം ആര്‍ഭാടജീവിതം നയിക്കുകയാണ് പതിവ് എന്നും സിഐ എം.കെ. സുരേഷ്കുമാര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും സിഐ പറഞ്ഞു. കാപ്പ നിയമം പ്രതിക്കെതിരെ ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിയില്‍നിന്നും നിരവധി മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പോലീസ് കണ്ടെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ ട്രാഫിക് എസ്ഐ തോമസ് വടക്കന്‍, എഎസ്ഐ അബൂബക്കര്‍, സീനിയര്‍ സിപിഒമാരായ മുരുകേശ് കടവത്ത്, സിവില്‍ പോലീസ് ഓഫിസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, വിനോഷ്, രാജേഷ്, പ്രബിന് എന്നിവരും ഉണ്ടായിരുന്നു. റെന്റ് എ കാര്‍ ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കുമെന്ന് എഎസ്പി മെറിന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സമാനതരത്തിലുള്ള കേസുകള്‍ വീണ്ടും അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: