പറപ്പൂര്: തോളൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാത്രികാല സെക്യൂരിറ്റിയെ വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിന്റെ ഗ്രാമീണ സേവനകേന്ദ്രമായ ഇവിടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സമീപത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ ഇവിടെ നിരന്തര പ്രശ്നമുണ്ടാക്കുന്നതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് പേരാമംഗലം പോലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ആഗസ്റ്റ് 11ന് മുല്ലശ്ശേരി പഞ്ചായത്തിലെ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് സംഘത്തോടൊപ്പം വന്ന് വനിതാ ഹൗസ് സര്ജന്മാരെ ശല്യപ്പെടുത്തിയത്.
പരാതി നല്‍കിയെങ്കിലും അതിന്റെ പേരില്‍ പിറ്റേന്ന് ഇവര്‍ വീണ്ടും സ്ഥലത്തെത്തുകയും അവരുടെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 24 മണിക്കൂര്‍ സേവനം ഇവിടെ നിര്‍ത്തലാക്കുകയും ഉണ്ടായി. എന്നാല്‍ ബിജെപി – ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെയാണ് 24 മണിക്കൂര്‍ സേവനം പുനഃസ്ഥാപിച്ചത്. മാത്രമല്ല സ്ഥലം എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ശക്തമായി ഇടപെട്ടതോടെയാണ് മുഴുവന്‍ സമയ സേവനം പുനഃസ്ഥാപിച്ചത്.
സിപിഎം പ്രവര്‍ത്തകരുടെ നിരന്തര ഭീഷണിയെസംബന്ധിച്ച് ഹെല്‍ത്ത് സൂപ്പര്‍വൈസറോട് അവര്‍ പരാതി പറഞ്ഞെങ്കിലും സിപിഎമ്മുകാര്‍ പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകനാണ് ഇദ്ദേഹം. അതിനാലാണ് സിപിഎമ്മുകാരെ ന്യായീകരിച്ചതെന്നും പറയപ്പെടുന്നു. ആശുപത്രിയില്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ കേസെടുക്കാത്തതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: