നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ കോളനിക്കു സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് കുട്ടികള്‍ അബോധാവസ്ഥയ സംഭവത്തില്‍ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. നല്ലംതണ്ണി വളവിലെ വാത്താച്ചിറ ജോഷി(30)നെയാണ് നിലമ്പൂര്‍ എസ് ഐ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് മദ്യം കഴിക്കാന്‍ സാഹചര്യമൊരുക്കിയതിനും, പ്രേരണ ചെലുത്തിയതിനും കേസെടുത്തിട്ടുണ്ട്. കോളനിയിലെ ഒരുകുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി. പ്രദേശത്ത് മദ്യ വില്പ്പനക്കാരെന്നു സംശയിക്കുന്നവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിലാണ് പ്രതിയെ പിടികൂടാനായത്. ശനിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. കോളനിക്ക് സമീപം കളിക്കുന്നതിനിടയില്‍ പന്ത് സമീപത്തെ കാട്ടിലേക്ക് പോവുകയും ഇതെടുക്കുന്നതിനിടയില് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വച്ച മദ്യം ശ്രദ്ധയില്‍ പെടുകയും കുട്ടികള്‍ ഇതെടുത്ത് കുടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറുന്നത്. മദ്യം കുടിച്ച് ലഹരിയില്‍ കിടന്ന കുട്ടികളെ കോളനി നിവാസിയായ ഒരാളാണ് ഇവിടെ നിന്നും കോളനിയില്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു. നാലുകുട്ടികളാണ് മദ്യം കഴിച്ചിരുന്നത്. നിലമ്പൂര്‍ മേഖലയില്‍ അനധികൃത വിദേശ മദ്യ വില്‍പ്പന നടത്തുന്ന ആളുകള്‍ നിരവധിയാണ്. പോലീസ് എക്സൈസ് റെയ്ഡുകള്‍ ശക്തമായതോടെയാണ് മദ്യം വീട്ടില്‍ സൂക്ഷിക്കാതെ ഇത്തരത്തില്‍ സുരക്ഷിത സ്ഥലങ്ങളില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്. ആവശ്യക്കാര്‍ക്ക് വില പറഞ്ഞ് ഉറപ്പിച്ചശേഷം മദ്യം ഒളിപ്പിച്ചു വച്ച സ്ഥലങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിലമ്പൂരിലും സമീപ പഞ്ചായത്തുകളിലും കോളനികള്‍ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ വില്‍പ്പനയും വന്‍തോതില്‍ നടക്കുന്നതായാണ് സൂചന. ഉള്‍പ്രദേശങ്ങളിലെ കോളനികളില്‍ പോലും ആവശ്യക്കാര്‍ക്ക് കൃത്യ സമയത്ത് മദ്യമെത്തിച്ചു നല്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എക്സൈസും പോലീസും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ രക്ഷപ്പെടാറാണ് പതിവ്. പല കോളനികളിലേയും സ്ത്രീകളും കുട്ടികളും പോലും മദ്യം ഉപയോഗിക്കുന്നുണ്ട് ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: