കൊളത്തൂര്‍: ഏറെ കൊട്ടിഘോഷിച്ച മൂര്‍ക്കനാട് ശുദ്ധജല പദ്ധതി പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാതെയാവുന്നു. മങ്കട പെരിന്തല്‍മണ്ണ നിയോജക മണ്ഡലങ്ങളിലെ നാലു പഞ്ചായത്തുകളില്‍ നിന്നായി ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ പര്യാപ്തമാവുമായിരുന്ന മൂര്‍ക്കനാട് കുടിവെള്ള പദ്ധതി നാളിതുവരേയും പമ്പിംഗ് തുടങ്ങുകയോ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. മൂര്‍ക്കനാട് പുന്നക്കാട് നിലാപറമ്പ് കുന്നിന്മുകളില് സജ്ജീകരിച്ച ജല ശുദ്ധീകരണ പ്ലാന്റും ഓഫീസ് കെട്ടിടങ്ങളും കാട് മൂടി നശിക്കുന്ന അവസ്ഥയാണുള്ളത്. മാസങ്ങള്‍ക്കു മുന്‍പ് ഈ പദ്ധതിയുടെ പമ്പിങ് സ്റ്റേഷനില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ പമ്പിങ് നടത്തിയ സമയത്ത് കൊളത്തൂര്‍ പുന്നക്കാട് ഭാഗങ്ങളില്‍ പൈപ്പ് പൊട്ടി വലിയ തോതില്‍ ശുദ്ധജലം നഷ്ടമായത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. കുടിവെള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമായി വലിയതോതില്‍ കണക്ഷന് മേളകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പുഴയില്‍ വെള്ളം കുറഞ്ഞത് മൂലം ഇവിടെ നിന്നുള്ള പമ്പിങ് പൂര്‍ണതോതില്‍ നടത്താന്‍ കഴിയുമോ എന്നുള്ള ആശങ്ക നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്. മൂര്‍ക്കനാട് വടക്കുംപുറത്തെ പമ്പ് ഹൗസിനു സമീപം പുഴയില്‍ തടയണ കെട്ടുമെന്ന അധികൃതരുടെ ഉറപ്പുപോലും ഇതുവരേയും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പദ്ധതി ഉള്‍പ്പെടുന്ന മങ്കട നിയോജക മണ്ഡലത്തിലെ എംഎല്‍എ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അധികൃതരുടെ അലംഭാവം കാരണം മൂര്‍ക്കനാട് ശുദ്ധജല പദ്ധതിയുടെ ചിറകൊടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: