കൊടുങ്ങല്ലൂര്‍: താലൂക്കിന്റെ തീരദേശമേഖലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ മയക്കുമരുന്നു മാഫിയ കയ്യടക്കുന്നു. കഴിഞ്ഞ ദിവസം കൈപ്പമംഗലത്ത് 18കാരന് ലഹരിവസ്തുക്കള്‍ കഴിച്ച് മരിക്കാനിടയായ സംഭവം ഇതാണ് വ്യക്തമാക്കുന്നത്. കൈപ്പമംഗലം പഞ്ചായത്തിന് പടിഞ്ഞാറ് പൂതങ്ങോട്ട് വേലുമകന്‍ ബിപിന്ദാസാണ് ശനിയാഴ്ച രാത്രി മരിച്ചത്.
വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൂട്ടുകാരോടൊപ്പം മദ്യത്തില്‍ ലഹരിഗുളിക ചേര്‍ത്ത് കഴിച്ച ബിപിന്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിക്കും മുമ്പെ മരിക്കുകയുമായിരുന്നു. ഒപ്പം മദ്യപിച്ച കൂട്ടുകാരായ കൈപ്പോത്ത് അക്ഷയ്, ചിരട്ടപുരക്കല്‍ ഹരിലാല്‍, തെക്കന്‍ പറമ്പില്‍ അക്ഷയ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.വലപ്പാട് ഒരു സ്വകാര്യകോളേജില്‍ പഠിക്കുന്ന മറ്റൊരു കൂട്ടുകാരനില്‍ നിന്നും ഇവര്‍ 26 ഗുളികകള്‍ വാങ്ങിയിരുന്നു.
മാനസിക രോഗികള്‍ക്ക് നല്കുന്ന ഈ ഗുളികകള്‍ അമിത ലഹരി ലഭിക്കാനായി മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു. ഇവര്‍ക്ക് ഗുളിക എത്തിച്ച ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മരിച്ച ബിപിന്‍ദാസിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.പോലീസും എക്സൈസും നടത്തുന്ന പതിവ് റെയ്ഡുകളിലൂടെ വളരെ ചെറിയ അളവില്‍ കഞ്ചാവും പുകയില ഉത്പന്നങ്ങളും മാത്രമാണ് പിടിക്കപ്പെടുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി ഉത്പന്നങ്ങള്‍ക്കൊപ്പം അലോപ്പതി ഗുളികകളും വിതരണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമായതായി സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നു. തീരദേശമേഖല കേന്ദ്രീകരിച്ച് അടുത്തിടെയുണ്ടായ മിക്ക അക്രമസംഭവങ്ങള്‍ക്കും പിന്നില്‍ ഇത്തരത്തില്‍ അമിത ലഹരിവസ്തുക്കള്ക്കടമികളായവരാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസിന്റെയും എക്സൈസ് അധികൃതരുടേയും ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഇക്കാര്യത്തിലുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: