മല്ലപ്പള്ളി: നിര്‍മ്മാണം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശാപമോക്ഷം കാത്ത് മുരണി കാവനാല്‍ക്കടവ് പാലം. 2011 ജനുവരി മാസത്തില്‍ അന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന എ.വിജയകുമാര്‍ ശിലാസ്ഥാപനം നടത്തി പണി ആരംഭിച്ചതാണ്.18 മാസം കൊണ്ട് പണി തീര്‍ത്ത് പാലം ഗതാഗത യോഗ്യമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് അദ്ദേഹം ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.പത്തനാപുരം ജോസ് ബ്രദേഴ്സ് എന്ന കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയത്. തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്നതാണ് മുരണി കാവനാല്‍ക്കടവ് പാലം. 125 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലും 5 സ്പാനില്‍ പാലവും ഇരുകരകളിലും അപ്രോച്ച് റോഡും ഉള്‍പ്പെടെ 4 കോടി 40 ലക്ഷം രൂപക്ക് കരാര്‍ ഉറപ്പിച്ചാണ് പണി ആരംഭിച്ചത്.എന്നാല്‍ പാലം പണി മന്ദഗതിയിലായിരുന്നു. രണ്ടു വര്‍ഷം കൊണ്ടാണ് പാലത്തിന്റെ തൂണുകളുടെ പണി തീര്‍ത്തത്. പിന്നീടുള്ള ഓരോ സ്പാനിന്റേയും പണികള്‍ ഇഴഞ്ഞു നീങ്ങി. അങ്ങനെയിരിക്കെ 2 സ്പാനുകളുടെ പണിയും മല്ലപ്പള്ളി പഞ്ചായത്തില്‍പ്പെട്ട മുരണി ഭാഗത്തെ അപ്രോച്ച് റോഡും തീര്‍ത്തു കഴിഞ്ഞപ്പോള്‍ 2014ല്‍ എം.എല്‍.ഏ.ആയിരുന്ന മാത്യു.ടി.തോമസിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി കൂടി പാലം പണി ത്വരിതപ്പെടുത്തി.2015 ഒക്ടോബറില്‍ പാലം പണി തീര്‍ത്ത് ഗതാഗതയോഗ്യമാക്കാം എന്ന് കരാറുകാരന് കമ്മറ്റിയ്ക്ക് വാക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന് വേണ്ട മണ്ണ് എടുക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കരാറുകാരന് വീണ്ടും പണി ഇഴച്ചു.ഈയവസരത്തില്‍ നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെയും റവന്യൂ വകുപ്പിന്റെ സഹായത്തോടെയും മണ്ണെടുക്കുന്നതിനും മറ്റുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.ഇതേ തുടര്‍ന്ന് ആനിക്കാട് പഞ്ചായത്തില്‍ പെട്ട കരയിലെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കുറച്ച് മണ്ണും ഇട്ടു.മറു വശത്തേ ഭിത്തി കെട്ടുന്നതിനും മണ്ണിടുന്നതിനും പാലത്തിന്റെ മറ്റ് ബാക്കി പണികള്‍ ചെയ്യുന്നതിനും മുന്‍പ് ടെന്‍ഡര്‍ ചെയ്ത തുക മതിയാവില്ലെന്ന് പറഞ്ഞ് വീണ്ടും പണി നിറുത്തിവച്ചു. ഇപ്പോള്‍ ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ പാലത്തിലൂടെ ധാരാളമായി ഓടുന്നുണ്ട്. എന്നാല്‍ പാലത്തില്‍ നിന്നും അപ്രോച്ച് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം പകുതി അഗാധമായ കുഴിയാണ്. രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ ഇത് കാരണമാക്കും. പാലം പണി ആരംഭിച്ച്18 മാസത്തിനുള്ളില്‍ പണി തീര്‍ത്തിരുന്നെങ്കില്‍ ഇത്രയും കാലം കഴിഞ്ഞപ്പോഴുള്ള അധിക ചെലവ് ഉണ്ടാകുമായിരുന്നില്ല. ഇത് കരാറുകാരന്റെ പിഴവാണ്. എന്നാല്‍ ഇതൊക്കെ വകവച്ച് വീണ്ടും കരാറുകാരന്റെ ആജ്ഞക്കൊത്ത് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്യു ടി.തോമസ് എം.എല്‍.എ.ആയിരുന്നപ്പോഴുള്ള ശ്രദ്ധ മന്ത്രിയായിക്കഴിഞ്ഞപ്പോള്‍ ഇല്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: